വടംവലിക്ക് വീര്യം നല്‍കി വാണിജ്യതലസ്ഥാനം

  Posted on: March 13, 2014 12:08 am | Last updated: March 14, 2014 at 5:46 pm
  SHARE

  Ernakulam LCകേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി ഉള്‍പ്പെട്ട എറണാകുളം ലോക്‌സഭ മണ്ഡലത്തിന് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പാര്‍ലിമെന്റിനോളം പഴക്കമുള്ള ചരിത്രമുണ്ട്. അടിസ്ഥാനപരമായി കോണ്‍ഗ്രസിന്റെ മണ്ഡലമാണെന്നതിലുപരി ജോര്‍ജ് ഈഡനെപ്പോലെ അത്ര ഹൈ പ്രൊഫൈല്‍ ഒന്നുമില്ലാത്ത ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയ സ്ഥലമാണ് എറണാകുളം. അതേസമയം, തരംഗങ്ങളുടെയും അടിയൊഴുക്കുകളുടെയും പിന്‍ബലത്തില്‍ നേടിയ അട്ടിമറി വിജയങ്ങള്‍ ഇവിടെ സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ക്രെഡിറ്റിലുണ്ട്. എങ്കിലും മണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അടിത്തറക്ക് കാലക്രമത്തില്‍ ശക്തിക്ഷയം സംഭവിച്ചെന്നും കാണാം.

  കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് എറണാകുളം ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയൊന്നുമല്ല ഇപ്പോള്‍. അനുയോജ്യനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ ഇടതു പക്ഷത്തിന് പിടിച്ചെടുക്കാന്‍ കഴിയാവുന്ന ശക്തിയേ കോണ്‍ഗ്രസിനുള്ളൂ. എന്നാല്‍ യു ഡി എഫ് സ്ഥനാര്‍ഥി കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസാകുമ്പോള്‍ ഇടതുപക്ഷത്തിന് ഇക്കുറി അത്രയധികം പ്രതീക്ഷ വെക്കാനില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിന്ധു ജോയിയോട് തോമസ് മാഷ് കഷ്ടിച്ചു കടന്നു കൂടുകയായിരുന്നെങ്കില്‍ അതിന് ശേഷം മണ്ഡലത്തില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഇവിടെ യു ഡി എഫിന്റെ ഷുവര്‍ ബെറ്റാണ് ഇപ്പോള്‍.

  1951ലെ ആദ്യ സഭയില്‍ കോണ്‍ഗ്രസിലെ സി പി മാത്യുവാണ് എറണാകുളത്തെ ലോകസഭയില്‍ പ്രതിനിധീകരിച്ചത്. കേരളപ്പിറവിക്കു ശേഷം ലോക്‌സഭയിലേക്ക് നടന്ന രണ്ട് പൊതു തിരഞ്ഞെടുപ്പുകളിലും എ എം തോമസിലൂടെ കോണ്‍ഗ്രസ് എറണാകുളം നിലനിര്‍ത്തി. രണ്ടുതവണയും സി പി എമ്മിലെ എം എം അബ്ദുല്‍ ഖാദിറായിരുന്നു എതിരാളി. 1957ല്‍ 10,623 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച എ എം തോമസ് 1962ല്‍ ഭൂരിപക്ഷം 23,399 ആയി ഉയര്‍ത്തി. എന്നാല്‍ 1967ല്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ എ എം തോമസിന് കാലിടറി. ഇടതു തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ വി വിശ്വനാഥ മേനോന്‍ തോമസിനെതിരെ 16606 വോട്ട് ഭൂരിപക്ഷത്തിന്റെ അട്ടിമറി വിജയം നേടുകയായിരുന്നു.

  1971ല്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. സിറ്റിംഗ് എം പി വി വിശ്വനാഥ മേനോനെ 22,670 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഹെന്റി ഓസ്റ്റിന്‍ അട്ടിമറിക്കുകയായിരുന്നു. 1977ലും ഹെന്റി ഓസ്റ്റിന്‍ സീറ്റ് നിലനിര്‍ത്തി. സി പി എമ്മിലെ കെ രവീന്ദ്രനാഥിനെതിരെ 7285 വോട്ടിനായിരുന്നു ഹെന്റി ഓസ്റ്റിന്റെ വിജയം. കോണ്‍ഗ്രസ് പിളര്‍പ്പിനു ശേഷം 1980ല്‍ നടന്നതിരഞ്ഞെടുപ്പില്‍
  ഐ എ ന്‍ സി(യു) ടിക്കറ്റില്‍ മത്സരിച്ച ഹെന്റി ഓസ്റ്റിന്‍ പരാജയരുചിയറിഞ്ഞു. കോണ്‍ഗ്രസ് ഐയിലെ സേവ്യര്‍ വര്‍ഗീസ് അറക്കല്‍ 2502 വോട്ടുകള്‍ക്കാണ് ഓസ്റ്റിനെ പരാജയപ്പെടുത്തിയത്.

  1984ലായിരുന്നു നിലവിലെ എം പിയായ പ്രൊഫ. കെ വി തോമസിന്റെ രംഗപ്രവേശം. ഇന്ത്യന്‍ സോഷ്യലിസ്റ്റ്(കോണ്‍ഗ്രസ്)ന്റെ എ എ കൊച്ചുണ്ണി മാസ്റ്ററെ 70324 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനെ പരാജയപ്പെടുത്തി കെ വി തോമസ് അരങ്ങേറ്റം ഗംഭീരമാക്കി. 1989ലും 1991ലും കെ വി തോമസ് എറണാകുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ 47144 വോട്ടിന് സി പി എമ്മിലെ വി വിശ്വനാഥ മേനോനെതിരെയായിരുന്നു കെ വി തോമസിന്റെ വിജയം. എന്നാല്‍ 1996ല്‍ ഇടതു പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സേവ്യര്‍ അറക്കല്‍ കെ വി തോമസിനെ 30385 വോട്ടിന് പരാജയപ്പെടുത്തി. 1998ല്‍ അഡ്വ. ജോര്‍ജ് ഈഡനിലൂടെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ 74, 508 വോട്ടിനായിരുന്നു ഈഡന്റെ വിജയം. 99ല്‍ മാണി വിദേയത്തിലിനെതിരെ ജോര്‍ജ് ഈഡന്‍ 111,305 വോട്ടിന്റെ ചരിത്രവിജയം കുറിച്ചു.

  2004ല്‍ സെബാസ്റ്റിയന്‍ പോളിലൂടെ ഇടതു മുന്നണി ഒരിക്കല്‍ കൂടി അട്ടിമറി വിജയം നേടി. ഡോ. എഡ്വേര്‍ഡ് ഇടയത്തിലിനെതിരെ 70099 വോട്ടിനായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ വിജയം. എന്നാല്‍ 2009ല്‍ മണ്ഡല വിഭജനത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ കണക്കുകൂട്ടലുകളെ തച്ചുതകര്‍ത്ത് പ്രൊഫ. കെ വി തോമസ് വിജയം തിരിച്ചു പിടിച്ചു. സി പി എമ്മിലെ യുവ താരം സിന്ധു ജോയിക്കെതിരെ 11, 790 വോട്ടിനായിരുന്നു കെ വി തോമസിന്റെ വിജയം.

  കെ വി തോമസിനെതിരെ എല്‍ ഡി എഫ് സ്ഥനാര്‍ഥിയായി മത്സരിക്കാന്‍ പി രാജീവ് മുതല്‍ തോമസ് ഐസക്ക് വരെയുള്ളവരുടെ പേരുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഇവരുടെ പേരുകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ നിരാകരിക്കപ്പെട്ടു. പാര്‍ട്ടി ചിഹ്നത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് എറണാകുളത്ത് സി പി എമ്മിന്റെ താല്‍പര്യം. പക്ഷെ വിജയസാധ്യതയുള്ള ഒരാളെ എടുത്തുകാണിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രം. രാജ്യസഭാംഗമായ പി രാജീവ് എറണാകുളത്ത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ടെന്ന വര്‍ത്തമാനം കുറച്ചുനാളായി അന്തരീക്ഷത്തിലുണ്ടായിരുന്നു. എറണാകുളത്ത് അദ്ദേഹം നടത്തുന്ന ശക്തമായ ഇടപെടലുകളാണ് ഇത്തരമൊരു പ്രചാരണത്തിന് കാരണമായത്. എന്നാല്‍ രാജ്യസഭാംഗത്വം രാജിവെച്ച് മത്സരരംഗത്തിറങ്ങാനില്ലെന്ന നിലപാടിലാണ് രാജീവ്. ഏറ്റവുമൊടുവിലാണ് രാഷ്ട്രപതിയുടെ സെക്രട്ടരിയായിരുന്ന മുതിര്‍ന്ന മുന്‍ ബ്യൂറോക്രാറ്റ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. എറണാകുളം മണ്ഡലത്തിന്റെ മത ജാതി സമവാക്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ലത്തീന്‍ സമുദായത്തിന്റെ വോട്ടുകളാണ്. എന്നാല്‍ ലത്തീന്‍ സമുദായം അപ്പാടെ യുഡിഎഫിന് എതിരു നില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. ഇത് മുതലെടുക്കാനാണ് ലത്തീന്‍ കത്തോലിക്കനായ ക്രിസ്റ്റിയെ സി പി എം പരിഗണിക്കുന്നത്. അദ്ദേഹമല്ലെങ്കില്‍ ഡോ. സെബാസ്റ്റിയന്‍ പോളായിരിക്കും ഇടതു സ്ഥനാര്‍ഥിയെന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്.
  ബി ജെ പി സ്ഥനാര്‍ഥിയായി എ എന്‍ രാധാകൃഷ്ണനും ആം ആദ്മി സ്ഥാനാര്‍ഥിയായി അഡ്വ. ഡി ബി ബിനുവും മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ബി ജെ പിയും ആം ആദ്മിയും പിടിക്കുന്ന വോട്ടുകള്‍ എറണാകുളത്ത് നിര്‍ണായകമായേക്കാം.