Connect with us

Ongoing News

എന്തിനും പോന്നൊരു യന്ത്രം

Published

|

Last Updated

evm-cartoon21 (1),,ഫലമറിയാന്‍ അര്‍ധരാത്രിയിലും ആകാശവാണിയുടെ സ്‌പെഷ്യല്‍ ബുള്ളറ്റിന്‍ കേള്‍ക്കാന്‍ കാത്തിരുന്ന കാലം. കൗണ്ടിംഗ് ഏജന്റുമാര്‍ സംശയം ഉന്നയിക്കുമ്പോഴെല്ലാം ബാലറ്റ് പേപ്പര്‍ പലവട്ടം എണ്ണി തളര്‍ന്നിരുന്ന ഉദ്യോഗസ്ഥര്‍. ബൂത്ത് പിടിത്തവും ബാലറ്റ് പെട്ടി അപ്പടി അടിച്ചുമാറ്റിയിരുന്നവരും. ഈ കാഴ്ചകള്‍ പഴങ്കഥയാക്കിയായിരുന്നു വോട്ടിംഗ് യന്ത്രങ്ങളുടെ വരവ്. തുടക്കത്തില്‍ ആശങ്കയോടെ സമീപിച്ച രാഷ്ട്രീയകക്ഷികളെ വിശ്വസിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പാടുപ്പെട്ടു. ഹരജികളും അപ്പീലുകളും. യന്ത്രം പലവട്ടം കോടതി കയറി. രാഷ്ട്രീയ പ്രതിനിധികളും വിദഗ്ധ സമിതികളും തിരിച്ചും മറിച്ചും പഠിച്ചു. ഒടുവില്‍ രാജ്യത്തൊട്ടാകെ പ്രാബല്യത്തില്‍. വളരെ പതുക്കെയാണ് രാജ്യം യന്ത്രത്തോട് പൊരുത്തപ്പെട്ടത്. ഫലമറിഞ്ഞാല്‍ യന്ത്രം ചതിച്ചെന്ന് വിശ്വസിക്കുന്ന സ്ഥാനാര്‍ഥികള്‍ ഇപ്പോഴുമുണ്ട്. യന്ത്രത്തിനെതിരെ ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ റസീപ്റ്റ് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്മീഷന്‍.

വ്യാജവോട്ട്, ബൂത്ത് പിടുത്തം തുടങ്ങിയ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന്റെ ചൈതന്യത്തിന് വലിയ ഭീഷണി ഉയര്‍ത്തിയ കാലത്താണ് വോട്ടിംഗ് യന്ത്രത്തിന്റെ സഹായം കമ്മീഷന്‍ ആലോചിച്ചത്. വോട്ടിംഗ് യന്ത്രത്തിന്റെ ചരിത്രത്തിലും കേരളത്തിന്റെ സ്ഥാനം നിര്‍ണായകമാണ്. 1982ല്‍ പറവൂര്‍ നിയമസഭാമണ്ഡലത്തിലാണ് രാജ്യത്ത് ആദ്യമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. 50 ബൂത്തുകളില്‍. പിന്നീട്, സുപ്രീംകോടതിയുടെ റൂളിംഗ് വന്നതോടെ 1983ന് ശേഷം യന്ത്രം പെട്ടിയിലായി. 1988 ഡിസംബറില്‍ പാര്‍ലിമെന്റ് ജനപ്രാതിനിധ്യനിയമം (1951) ഭേദഗതി ചെയ്താണ് വോട്ടിം യന്ത്രം ഉപയോഗിക്കുന്നതിന് കമ്മിഷനെ അധികാരപ്പെടുത്തിയത്. ഭേദഗതി വരുത്തിയ നിയമം 1989 മാര്‍ച്ച് 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
യന്ത്രത്തിനെതിരെ പലകോണുകളില്‍ നിന്ന് സംശയം ഉയര്‍ന്നതോടെ 1990 ഫെബ്രുവരിയില്‍ യന്ത്രങ്ങളുടെ ഉപയോഗം പഠിക്കാന്‍ രാഷ്ട്രിയ പര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പരിഷ്‌കരണ സമിതിയെ നിയോഗിച്ചു. ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എസ് സമ്പത്ത്, ഡല്‍ഹി ഐ ഐ ടി യിലെ പ്രൊഫ. പി വി ഇന്ദിരേശന്‍, തിരുവനന്തപുരത്തെ ഇലക്‌ട്രോണിക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. സി റാവു എന്നിവര്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ സമിതിയും സമാന്തരമായി വിഷയം പഠിച്ചു. വോട്ടിംഗ് യന്ത്രം കുറ്റമറ്റതും കേടുവരുത്താന്‍ സാധിക്കാത്തതുമാണെന്നായിരുന്നു വിദഗ്ധ സമിതിയുടെ പഠനം.
1992 മാര്‍ച്ച് 24നാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വീണ്ടും ഭേദഗതി ചെയ്ത് നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി. ഭാഗികമായി യന്ത്രം ഉപയോഗിച്ച് തുടങ്ങിയ ശേഷവും 2005 ഡിസംബറില്‍ മൊറ്റൊരു വിദഗ്ധ സമിതിയെ കമ്മീഷന്‍ നിയമിച്ചു. യന്ത്രം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ സമിതി. ഡല്‍ഹി ഐ ഐ ടി യിലെ പ്രൊഫ.പി വി ഇന്ദിരേശന്‍, പ്രൊഫ. ഡി ടി സഹാനി, പ്രൊഫ. എ കെ അഗര്‍വാള്‍ എന്നിവരായിരുന്നു ഈ കമ്മിറ്റി അംഗങ്ങള്‍. രണ്ടുതവണയാണ് ഈ സമിതി യന്ത്രത്തിന്റെ ഉപയോഗം പഠിച്ചത്. 2010 നവംബറില്‍ രണ്ടു വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. മുംബൈ ഐ ഐ ടിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ പ്രൊഫ. ഡി കെ ശര്‍മ, കാണ്‍പൂര്‍ ഐ ഐ ടി കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫ. രജത് മൂണ( ഇപ്പോള്‍ സി-ഡാക് ഡയറക്ടര്‍ ജനറല്‍) എന്നിവരാണ് പുതുതായി വന്നത്.
1999ല്‍ ഭാഗികമായും 2004 മുതല്‍ പൂര്‍ണമായും ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചത്. രാജ്യമെമ്പാടുമുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളിലുമായി മൊത്തം 10.75 ലക്ഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച 2004 ലെ പൊതുതിരഞ്ഞെടുപ്പു മുതല്‍ ഇന്ത്യ ഒരു ഇലക്‌ട്രോണിക് ജനാധിപത്യ രാഷ്ട്രമായി. യന്ത്രം ഉപയോഗിച്ച് വോട്ടിംഗ് പരിഷ്‌കരിക്കാനുള്ള കമ്മീഷന്‍ ഉദ്യമത്തിന് ബംഗളൂരരുവിലെ ഭാരത് ഇലക്‌ട്രേണിക്‌സ് ലിമിറ്റഡ്, ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
ബാലറ്റ് പേപ്പര്‍ സംവിധാനത്തെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് സമയം, ഫലപ്രഖ്യാപനം എന്നീ കാര്യങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംങ് യന്ത്രം വിപ്ലവകരമായ സമയലാഭം ഉണ്ടാക്കി. യന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെ ബൂത്തുപിടുത്തവും, വ്യാജവോട്ടും ഒരു പരിധി വരെ നിയന്ത്രണവിധേയമായി. നിരക്ഷരരായ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രം, ബാലറ്റ് പേപ്പര്‍ സംവിധാനത്തെക്കാള്‍ എളുപ്പമായി. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും ഇത് വലിയ അനുഗ്രഹമായി. പഴയ ബാലറ്റു പെട്ടികളെ അപേക്ഷിച്ച് ഭാരം കുറവായതിനാല്‍ പോളിംഗ് ബൂത്തുകളിലേക്കും തിരിച്ചുമുള്ള പോക്കുംവരവും എളുപ്പമായി.
ആര്‍ക്കും പെട്ടെന്ന് കേടുവരുത്താന്‍ സാധിക്കില്ലെന്നതും ഒരു തവണ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് രൂകല്‍പനയെന്നതും യന്ത്രത്തിന്റെ പ്രത്യേകതയാണ്. ബട്ടണ്‍ ഒന്ന് അമര്‍ത്തിയാല്‍ പിന്നീട് അതു മാറ്റാന്‍ കഴിയില്ല. അസാധുവോട്ടുകള്‍ക്കുള്ള സാധ്യത ഇല്ലാതായി. വോട്ടിംഗ് പ്രക്രിയ വേഗത്തിലും ചെലവു കുറഞ്ഞതുമാക്കി. 3840 വോട്ടുകള്‍ വരെ രേഖപ്പെടുത്താന്‍ ഒരു യന്ത്രത്തിന് കഴിയും.