മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ ഇന്ത്യയുടെ സഹായം തേടി

Posted on: March 13, 2014 12:47 am | Last updated: March 12, 2014 at 11:53 pm
SHARE

malaysiaക്വാലാലംപൂര്‍/ ന്യൂഡല്‍ഹി: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ യാത്രാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ ആന്‍ഡമാന്‍ കടലിലേക്ക് വ്യാപിപ്പിച്ചു. അഞ്ച് ദിവസമായി തുടരുന്ന തിരച്ചില്‍ വിജയം കാണാത്തതിനെ തുടര്‍ന്ന് മലേഷ്യന്‍ അധികൃതര്‍ ഇന്ത്യന്‍ സഹായം തേടി. 12 രാജ്യങ്ങളുടെ 42 കപ്പലുകളും 39 യുദ്ധവിമാനങ്ങളും പങ്കെടുക്കുന്ന തിരച്ചില്‍ ദൗത്യമാണ് നടന്നു കൊണ്ടിരിക്കുന്നത്. ആന്‍ഡമാന്‍ കടലിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചതായി മലേഷ്യന്‍ സിവില്‍ വ്യോമയാന മേധാവി അസ്ഹറുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ദക്ഷിണ ചൈന കടലിന് മുകളില്‍ വെച്ച് വിമാനം അതിന്റെ നിര്‍ദിഷ്ട റൂട്ടില്‍ നിന്ന് തിരിച്ചു സഞ്ചരിച്ചതായി പ്രതിരോധ റഡാറില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ആന്‍ഡമാന്‍ കടലിലേക്ക് വ്യാപിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ ചൈനാ കടലില്‍ 14,440 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍സിലും 12,425 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ മലാക്കാ കടലിടുക്കിലും തിരച്ചില്‍ നടത്തിയതായി മലേഷ്യ ഗതാഗത മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. ഇന്ത്യക്ക് പുറമെ ജപ്പാന്‍, ബ്രുണെ തുടങ്ങിയ രാജ്യങ്ങളും തിരച്ചിലിന് സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തിരച്ചിലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ സജ്ജമാക്കി നിര്‍ത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഡോണിയര്‍ വിമാനങ്ങളാണ് ഇന്നലെ ഉച്ചക്ക് ശേഷം ആന്‍ഡമാന്‍ ദ്വീപിന്റെ കിഴക്കന്‍ തീരപ്രദേശത്ത് തിരച്ചില്‍ നടത്തിയത്.