പി ടി തോമസിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിച്ചു

Posted on: March 12, 2014 4:10 pm | Last updated: March 13, 2014 at 8:18 am
SHARE

congress

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഹൈക്കമാന്റിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു. ഇടുക്കി എം പി പി ടി തോമസിനെ ഒഴിവാക്കിയാണ് ലിസ്റ്റ് നല്‍കിയത്. തോമസിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്ന് ജനവിധി തേടും. തൃശൂര്‍ മണ്ഡലത്തിലൊഴിച്ച് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. മുസ്‌ലിം ലീഗിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വയനാട്ടില്‍ എം ഐ ഷാനവാസിനെ നിര്‍ത്തുകയില്ല എന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും വയനാട് സീറ്റ് ഷാനവാസിന് തന്നെ നല്‍കിയേക്കും. വയനാട്ടില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന ടി സിദ്ധീഖ് കാസര്‍കോട് നിന്നായിരിക്കും ജനവിധി തേടുക. തൃശൂരില്‍ നിന്ന് മാറണമെന്ന് പി സി ചാക്കോയുടെ ആവശ്യം അംഗീകരിച്ചില്ല. തൃശൂരില്‍ ചാക്കോ മത്സരിക്കുന്നില്ലെങ്കില്‍ പുതുമുഖത്തെയായിരിക്കും കോണ്‍ഗ്രസ് രംഗത്തിറക്കുക.

സിറ്റിംഗ് എം പിമാരായ ശശി തരൂര്‍ (തിരുവനന്തപുരം), കെ വി തോമസ് ( എറണാകുളം), ആന്റോ ആന്റണി (പത്തനംതിട്ട), കെ സി വേണുഗോപാല്‍ (ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), കെ പി ധനപാലന്‍ (ചാലക്കുടി), എം കെ രാഘവന്‍ (കോഴിക്കോട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), കെ സുധാകരന്‍(കണ്ണൂര്‍), എന്നിവര്‍ വീണ്ടും മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ ആറ്റിങ്ങലില്‍ നിന്നും ആലത്തൂരില്‍ നിന്ന് കെ എ ഷീബയും മത്സരിക്കും. സംവരണ മണ്ഡലമാണ് ആലത്തൂര്‍. നാളെയാണ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.