Connect with us

Palakkad

മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ താമസിക്കുന്ന 25000 ത്തിലധികം രോഗികള്‍ക്ക് മതിയായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ എസ്. ശ്രീജിത്ത് പറഞ്ഞു.
സംസ്ഥാനത്തെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയുടെ കണക്കുകള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കണമെന്ന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവര ശേഖരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങളുടെ എണ്ണം, രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ എണ്ണം, രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെയുളള നടപടി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനാ വിവരം എന്നിവയെ സംബന്ധിച്ച് വിവിധ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തത്.
അനാഥാലയങ്ങളില്‍ ലഭിക്കുന്ന പണത്തിന്റെ കണക്ക്, പ്രവര്‍ത്തനങ്ങള്‍, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍, അനാഥാലയങ്ങളില്‍ നിന്നും പുറത്തു വരുന്ന കുട്ടികളുടെ സ്വഭാവദൂഷ്യം തുടങ്ങിയവയെക്കുറിച്ചും കമ്മീഷന്‍ വിശദാംശങ്ങള്‍ ആരാഞ്ഞു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ശിശുക്ഷേമ വകുപ്പ്, സാമൂഹികനീതി വകുപ്പ്, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരില്‍ നിന്നാണ് കമ്മീഷന്‍ വിശദാംശങ്ങള്‍ ശേഖരിച്ചത്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, ജില്ലാ പോലീസ് മേധാവി എസ് സോമശേഖര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ചെയര്‍മാന്‍ ജോസ് പോള്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ആര്‍ മൃത്യുഞ്ജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest