കേന്ദ്ര ബജറ്റ് ധനമൂലധന ശക്തികള്‍ക്കുള്ള തലോടുകള്‍: എം ബി രാജേഷ് എം പി

Posted on: March 12, 2014 8:25 am | Last updated: March 12, 2014 at 8:25 am
SHARE

പാലക്കാട്: രണ്ടാം യു പി എ സര്‍ക്കാരിന്റെ ഓരോ ബജറ്റും ധനമൂലധനശക്തികള്‍ക്കുള്ള തലോടലുകള്‍ ആയിരുന്നുവെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിന്റ് എം ബി രാജേഷ് എം പി അഭിപ്രായപ്പെട്ടു. ശരാശരി ഓരോ ബജറ്റിലും അഞ്ച്‌ലക്ഷം കോടി രൂപ വീതം കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവായി നല്‍കിയിട്ടുണ്ട്. അതേ അവസരത്തില്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍, സബ്‌സിഡികള്‍ എന്നിവ വലിയ തോതില്‍ വെട്ടിക്കുറക്കുകയും ചെയ്തു.
ബേങ്ക്, ഇന്‍ഷ്വറന്‍സ് മേഖലയുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകള്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ ദരിദ്രവത്കരിക്കുകയാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി യു പി എ സര്‍ക്കാരിന്റെ ബജറ്റുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വിദഗ്ധന്‍ വി കെ പ്രസാദ് വിഷയം അവതരിപ്പിച്ചു.
കേരള എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ എം എസ സ്‌കറിയ അധ്യക്ഷത വഹിച്ചു.