Connect with us

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 16 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റായ്പൂര്‍: രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളില്‍ മുഴുകിയിരിക്കെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ശക്തിയേറിയ സ്‌ഫോടനത്തിലും വെടിവെപ്പിലും 11 സി ആര്‍ പി എഫ് ജവാന്മാരടക്കം 16 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ബസ്താര്‍ മേഖലയിലെ സുക്മ ജില്ലയില്‍ കൊടും വനപ്രദേശമായ ടോംഗ്പാലില്‍ ഇന്നലെ 10.30നാണ് സംഭവം. 11 സി ആര്‍ പി എഫുകാര്‍ക്ക് പുറമെ ജില്ലാ പോലീസിലെ നാല് പേരും ഒരു സിവിലിയനും മരിച്ചതായി പോലീസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍(ഇന്റലിജന്‍സ്) മുകേഷ് ഗുപ്ത അറിയിച്ചു. മരിച്ച സിവിലിയനെ തിരിച്ചറിഞ്ഞിട്ടില്ല. 30 സി ആര്‍ പി എഫുകാരും 14 സംസ്ഥാന പോലീസുകാരും ഉള്‍പ്പെട്ട സുരക്ഷാ സേന, മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് മിന്നല്‍ വേട്ടക്കിറങ്ങിയതായിരുന്നു. ആക്രമണത്തില്‍ മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഈ ആക്രമണത്തിന് ശേഷം കാണാതായിരുന്ന നാല് സുരക്ഷാ ഭടന്മാരെ പിന്നീട് കണ്ടെത്തി. ആക്രമണത്തില്‍ മറ്റ് 10 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവോയിസ്റ്റ് ആക്രമണവിവരം അറിഞ്ഞ ഉടനെ തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് സൈനിക ഹെലികോപ്റ്ററുകള്‍ രംഗത്തെത്തി. തീവ്രവാദികള്‍ക്കെതിരെ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 300ലേറെ മാവോയിസ്റ്റുകള്‍ പങ്കെടുത്തതായാണ് അറിയുന്നത്.
മാവോയിസ്റ്റ് ആക്രമണം നടക്കുമ്പോള്‍, ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി രമണ്‍ സിംഗ് സന്ദര്‍ശനം റദ്ദാക്കി ഛത്തിസ്ഗഢിലേക്ക് തിരിച്ചു. കഴിഞ്ഞവര്‍ഷം മെയ് 25ന് മുതിര്‍ന്ന നേതാക്കളടക്കം ഒട്ടേറെ കോണ്‍ഗ്രസുകാരെ കൂട്ടക്കശാപ്പ് നടത്തിയ ഝീരം ഗട്ടിക്കടുത്താണ് ഇന്നലെയും മാവോയിസ്റ്റ് ആക്രമണം നടന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ നന്ദ്കുമാര്‍ പട്ടേല്‍, മുന്‍ കേന്ദ്രമന്ത്രി വി സി ശുക്ല, ഗോത്രവര്‍ഗ നേതാവ് മഹേന്ദ്ര കര്‍മ എന്നിവരും മറ്റ് 25പേരുമാണ് അന്ന് കൊല്ലപ്പെട്ടത്. 2010 ഏപ്രിലില്‍ 76 പോലീസുകാരെ നക്‌സലുകള്‍ പതിയിരുന്നാക്രമിച്ച് കൊല ചെയ്തതും ഇവിയടുത്താണ്.

 

Latest