Connect with us

Editorial

എന്തുകൊണ്ട് ഐ എന്‍ എല്‍?

Published

|

Last Updated

രണ്ട് പതിറ്റാണ്ടിലേറെയായി എല്‍ ഡി എഫുമായി തുടരുന്ന സഹകരണം അവസാനിപ്പിച്ചു തിരഞ്ഞടുപ്പില്‍ ഒറ്റക്കു മത്സരിക്കാന്‍ ഐ എന്‍ എല്‍ തീരുമാനിച്ചിരിക്കയാണ്. ഐ എന്‍ എല്‍ ഉള്‍പ്പെടെ പുതിയ കക്ഷികളെയൊന്നും മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന തിങ്കളാഴ്ചത്തെ ഇടതുമുന്നണി തീരുമാനത്തെ തുടര്‍ന്നാണ് ബന്ധവിച്ഛേദം. ഓരോ തിരഞ്ഞെടുപ്പ് കാലത്തും മുന്നണി പ്രവേശം സംബന്ധിച്ചു ഐ എന്‍ എല്ലിന് പ്രതീക്ഷ നല്‍കുകയും പിന്നീട് പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന നയമാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം ഇടതുമുന്നണി സ്വീകരിച്ചതെന്നും ഇനിയും ഈ വഞ്ചനാത്മക നിലപാട് സഹിക്കേണ്ടതില്ലെന്നുമുള്ള ഉറച്ച നിലപാടെടുക്കുകയായിരുന്നു കോഴിക്കോട്ട് ചേര്‍ന്ന ഐ എന്‍ എല്‍ നേതൃത്വം. നേരത്തെ പി എം എ സലാമിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം യു ഡി എഫ് ചേരിയിലേക്ക് മാറിയതും ദേശീയ നേതൃത്വത്തെ യു ഡി എഫ് അടവുനയ തീരുമാനത്തിലെത്തിച്ചതും ഇടതു മുന്നണിയുടെ ഈ നിലപാടിനെ ചൊല്ലിയായിരുന്നു.
ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട പാര്‍ട്ടിയാണ് ഐ എന്‍ എല്‍. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെയാണ് ഹിന്ദുത്വ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്. ഇതിനെതിരെ മതേതര ഇന്ത്യയുടെ പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍, ആ വികാരം ഉള്‍ക്കൊണ്ട് മുസ്‌ലിം ലീഗ് കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യം ലീഗ് നേതാക്കളില്‍ ഒരു വിഭാഗം ഉന്നയിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം അത് നിരാകരിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് (എന്‍ എല്‍ എല്‍) രൂപവത്കൃതമാകുന്നത്. രൂപവത്കരണ കാലം തൊട്ടേ ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഐ എന്‍ എല്ലിന് അന്ന് മുതലേ ഇടതു സഖ്യം മുന്നണി പ്രവേശത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗില്‍ നിന്നു വിഘടിച്ചു പോന്ന പാര്‍ട്ടിയുടെ പേരില്‍ നിന്ന് “മുസ്‌ലിം” ഒഴിവാക്കിയതു പോലും പേരില്‍ മതേതരത്വമില്ലാത്തതു കൊണ്ട് ഇടതുപക്ഷം മുന്നണിയിലെടുക്കാതിരിക്കരുതെന്ന വിചാരത്തിലായിരുന്നുവെന്നത് രഹസ്യമല്ല.
തിരഞ്ഞടുപ്പു വേളകളിലെല്ലാം ഐ എല്‍ എല്ലിന്റെ സഹകരണം തേടുന്ന ഇടതുസഖ്യം ഐ എന്‍ എല്‍ മുന്നണി പ്രവേശ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ തന്ത്രപരമായി ഒഴിഞ്ഞു മാറുകയാണ് പതിവ്. നേരത്തെ മുസ്‌ലിംലീഗ് ഐക്യമുന്നണിയുമായി ഇടയുകയും ഇടതുസഖ്യത്തിലേക്ക് വരാന്‍ സന്നദ്ധമാകുകയും ചെയ്തപ്പോള്‍, സി പി എം നിഷേധാത്മ നിലപാട് സ്വീകരിച്ചത് ലീഗില്‍ വര്‍ഗീയത ആരോപിച്ചായിരുന്നു. പേരില്‍ മുസ്‌ലിം ഇല്ലാത്തതു കൊണ്ട് ഐ എന്‍ എല്ലിന്റെ കാര്യത്തില്‍ ഇത്തരമൊരു “ന്യൂനത” ചൂണ്ടിക്കാണിക്കാനില്ലെന്നിരിക്കെ, ഇടതു സഖ്യത്തിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് മുന്നണിയിലെടുക്കുന്നതിന് തടസ്സമെന്ന് വിശ്വസിക്കുന്നവരുണ്ട്. മുസ്‌ലിം സമുദായത്തെ ആകര്‍ഷിക്കാന്‍ പ്രത്യേക പ്രസിദ്ധീകരണം തുടങ്ങുന്നതുള്‍ പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ, ഭൂരിപക്ഷ സമൂദായത്തിന്റെ പിന്തുണ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനും സി പി എം ശ്രദ്ധിക്കാറുണ്ട്. ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കുന്നതിന് തടസ്സം ഭൂരിപക്ഷ സമുദായത്തെ പാര്‍ട്ടിയുമയി അകറ്റുമെന്ന ആശങ്കയാണെന്ന് നേതൃത്വത്തില്‍ ചിലര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വെളിപ്പെടുത്തിയതായി അറിയുന്നു. എന്നാല്‍ രാഷ്ട്രീയമായ ഭിന്നതകളുടെ പേരില്‍ ബി ജെ പിയുമായി ഇടഞ്ഞ നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകരെയും, ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയില്‍ പ്രവര്‍ത്തിച്ച പി സി തോമസ് വിഭാഗത്തെയും മുന്നണിയിലെടുക്കുന്നതില്‍ അപാകം കാണാതിരിക്കുകയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടി വിട്ടു വന്നാല്‍ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയും ചെയ്യുന്ന സി പി എമ്മിന്റെയും ഇടതുസഖ്യത്തിന്റെയും ഐ എന്‍ എല്ലിനോടുള്ള ഈ സമീപനത്തിന് പിന്നില്‍ മതേതരത്വത്തിന്റെ പൊയ്മുഖമണിഞ്ഞ മുസ്‌ലിംവിരുദ്ധ നിലപാടെന്ന സന്ദേഹവും അപ്രസക്തമല്ല. കേരള കോണ്‍ഗ്രസിനില്ലാത്ത എന്തു സാമുദായികത്വ നിലപാടും വര്‍ഗീയതയുമാണ് ഐ എന്‍ എല്ലിനുള്ളത്. ഒരു മുന്നണിയുടെ ഭാഗമല്ലാതെ ഒറ്റപ്പെട്ടു നില്‍ക്കുന്നത് കൊണ്ടാണ് ഐ എന്‍ എല്‍ ശുഷ്‌കിച്ചു നില്‍ക്കുന്നത്. ഇടതു മുന്നണി പ്രവേശം നേടിയാല്‍ മറ്റു സാമുദായിക പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ ഐ എന്‍ എല്ലിലേക്ക് ചേക്കേറുമെന്നും പാര്‍ട്ടി കരുത്ത് നേടുമെന്നുമാണ് രാഷ്ട്രീയ മീമാംസകരുടെ നിരീക്ഷണം. ഒരു സാമുദായിക പാര്‍ട്ടിയുടെ വളര്‍ച്ചയും ഇടതു മുന്നണിക്കത്ര പഥ്യമല്ലല്ലോ.

---- facebook comment plugin here -----

Latest