മൊബൈലില്‍ ഇനി മലയാളം ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡും

Posted on: March 11, 2014 6:00 am | Last updated: March 11, 2014 at 11:40 pm
SHARE

keyboardമലപ്പുറം: മൊബൈലില്‍ മംഗ്ലീഷ് ടൈപ്പ് ചെയ്ത് മടുത്തവര്‍ക്ക് ആശ്വസിക്കാം. കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പൊതുവെ സ്വീകരിക്കുന്ന ഇന്‍സ്‌ക്രിപ്റ്റ് രൂപത്തില്‍ ഇനി മൊബൈലിലും മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറായി. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മായാണ് ഇന്‍സ്‌ക്രിപ്റ്റ് രൂപത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന ഇന്‍ഡിക് ആപ് തയ്യാറാക്കിയത്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഐ എസ് എം, ടൈപ്പിറ്റ് തുടങ്ങിയ മലയാളം ടൈപ്പിംഗ് സോഫ്റ്റ്‌വെയറുകളിലെ രീതിയോട് സമാനമാണിത്.
മലയാളത്തിന് പുറമെ 14 ഇന്ത്യന്‍ ഭാഷകളും ഇത്തരത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും. ബംഗാളി, ആസാമീസ്, ഗുജറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, തെലുഗു, തമിഴ്, ഉറുദു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയവയാണ് മറ്റു ഭാഷകള്‍. ആന്‍ഡ്രോയിഡ് 4.1 പതിപ്പിലുള്ള ഏത് ഫോണിലും ഈ കീബോര്‍ഡ് ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇംഗ്ലീഷില്‍ ഇന്‍ഡിക് കീബോര്‍ഡ് എന്ന് തിരഞ്ഞാല്‍ പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കമ്പ്യൂട്ടറില്‍ മലയാളം വായിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള യൂനികോഡ് അക്ഷര രൂപങ്ങള്‍ (ഫോണ്ടുകള്‍) നിര്‍മിച്ച കൂട്ടായ്മ കൂടിയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്.