Connect with us

Malappuram

കണ്ണമംഗലത്തെ മേജര്‍ കുടിവെള്ള പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി

Published

|

Last Updated

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തിക്ക് തുടക്കത്തിലേ കല്ലുകടി. സമീപ പഞ്ചായത്തുകള്‍ക്ക് പോലും മാതൃകയാകുന്ന തരത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തിയാണ് കല്ലുകടി കാരണം ഇഴയുന്നത്. സ്റ്റേറ്റ് കണ്‍ട്രോളര്‍ സ്‌കൂട്ടിംഗ് പദ്ധതി പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നായി ഇരുപതര ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി സ്ഥാപിക്കുന്നത്. പമ്പിംഗ്, സംഭരണി, ഫില്‍ട്ടര്‍ തുടങ്ങിയവക്കായി ഇതിനകം സര്‍ക്കാരില്‍ നിന്നും പത്തര കോടി ആദ്യ വിഹിതം ലഭ്യമാകുകയും ചെയ്തിട്ടുണ്ട്.

പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലക്കയത്തെ നിലവിലുള്ള കുടിവെള്ള പമ്പിംഗ് സ്റ്റേഷനില്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയമോട്ടോറുകള്‍ സ്ഥാപിച്ച് ചേറൂര്‍ മിനിക്ക് സമീപമുള്ള ജലസേചന വകുപ്പില്‍ കേന്ദ്രത്തില്‍ പുതിയ ടാങ്കും ഫില്‍ട്ടര്‍ യൂണിറ്റും സ്ഥാപിക്കുകയും സമീപഭാഗത്തേക്ക് ഇവിടെ നിന്നും വെള്ളം പൈപ്പ്‌ലൈന്‍ വിതരണം ചെയ്യാനും മറ്റു സ്ഥലങ്ങളിലേക്ക് ഈ ടാങ്കില്‍ നിന്നും വീണ്ടും പമ്പ് ചെയ്ത് ചെറെക്കാട്ട് ഗ്രൗണ്ട് ലവല്‍ ടാങ്ക് സ്ഥാപിച്ച് ഇവിടെ നിന്നും വെള്ളം വിതരണം ചെയ്യാനുമാണ് പദ്ധതി. ഇതിനായി ഏഴ് ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുള്ള ഗ്രൗണ്ട് ലെവല്‍ ടാങ്കിന്റെ പ്രവര്‍ത്തിയും ചേറൂര്‍ മിനിക്കു സമീപം ടാങ്കും ഫില്‍ട്ടര്‍ ടാങ്കും സ്ഥാപിക്കുന്ന പ്രവര്‍ത്തിയും നടന്നു വരുന്നുണ്ട്.
ഇവിടേക്ക് വെള്ളം എത്തിക്കാനുള്ള പമ്പിംഗ് ലൈനാണ് ആദ്യഘട്ടം തന്നെ തലവേദന സൃഷ്ടിച്ചത്. കല്ലക്കയം ഭാഗത്തെ രൂക്ഷമായ കുടിവെള്ളക്ഷമത്തിന് പരിഹാരം കാണാന്‍ നിര്‍ദിഷ്ട മിനി ചെക്ക്ഡാം പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പമ്പിംഗ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് പുഴച്ചാലില്‍ തടഞ്ഞിരുന്നു. ഇതു കാരണം ഈ ഭാഗത്ത് പൈപ്പിടാന്‍ കഴിയാതെ ജോലി നിര്‍ത്തിവെക്കുകയായിരുന്നു. ശേഷം മാസങ്ങള്‍ക്ക് ശേഷം തടയണ പണി ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രതിഷേധമില്ലെങ്കിലും ഇവിടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ നടപടി നടന്നിട്ടില്ല. പുഴച്ചാല്‍ മുതല്‍ തറയിട്ടാല്‍ വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചെങ്കിലും ഇവിടെ നിന്നും ചേറൂര്‍ റോഡ് മിനിയിലേക്ക് പൈപ്പ് സ്ഥാപിക്കുന്നതാണ് വീണ്ടും സ്തംഭനത്തിനിടയാക്കിയത്.
ബ്ലോക്ക് റോഡ് വഴി തറയിട്ടാലില്‍ നിന്നും പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. പുതിയ റബറൈസിംഗ് റോഡ് തകര്‍ത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ചര്‍ച്ചയായതോടെ വകുപ്പ് തലത്തിലും തലവേദനയായി മാറി. ഇതോടെ തറയിട്ടാലില്‍ നിന്നും വേങ്ങര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള മാര്‍ക്കറ്റ് റോഡ് വഴി ലൈന്‍ ടൗണിലെത്തിച്ച് മെയിന്‍ റോഡ് വഴി ലൈന്‍ സ്ഥാപിക്കാനാണ് പുതിയ പദ്ധതി.
എന്നാല്‍ ഇത് ഗ്രാമപഞ്ചായത്തിന്റെ റോഡ് ഗതാഗതയോഗ്യമല്ലാതാക്കുമെന്നതിനാല്‍ ഗ്രാമപഞ്ചായത്ത് അധികൃതരും നിബന്ധനകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതും വിശ്വാസത്തിലെടുത്താണിപ്പോള്‍ ചേറൂര്‍ റോഡില്‍ നിന്നും മെയിന്‍ റോഡ് വഴി പൈപ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതികൊണ്ട് ഒരു ഗുണവും ലഭ്യമല്ലാത്ത പറപ്പൂര്‍, വേങ്ങര, ഊരകം ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്തെ റോഡുകള്‍ വെട്ടിക്കീറേണ്ടി വരുന്നതാണ് പൈപ്പ്‌ലൈന്‍ പ്രവര്‍ത്തിക്ക് ഏറെ തടസമാകുന്നത്. ഈ പ്രശ്‌നം സംബന്ധിച്ച് മന്ത്രിതലത്തിലും മറ്റും ചര്‍ച്ചകള്‍ നടത്തിയാണിപ്പോള്‍ മുന്നിലെ തടസങ്ങള്‍ നീക്കിയിട്ടുള്ളത്. പമ്പിംഗ് വെള്ള ശേഖരണ ജോലി പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടത്തിലെ പത്ത് കോടി രൂപയും കൂടെ ലഭ്യമാകുന്നതോടെ ഗ്രാമപഞ്ചായത്തില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കും. ഇതോടെ ഗ്രാമപഞ്ചായത്തിലെ 45000 പേര്‍ക്കും കുടിവെള്ളം എത്തിക്കാനാകുമെന്നാണ് അധികൃതരുടെ കണക്ക്.

Latest