ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായ മലയാളി വിദ്യാര്‍ഥി മരിച്ചു

Posted on: March 11, 2014 11:58 am | Last updated: March 12, 2014 at 9:10 pm
SHARE

student-died-in-raggingകൊച്ചി: ബാംഗ്ലൂരില്‍ എന്‍ജിനീയറിംഗ് കോളേജില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായ മലായാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന ചാലക്കുടി പൂപ്പറമ്പില്‍ ഇബ്രാഹിമിന്റെ മകന്‍ അഹാബ് ഇബ്രാഹിം (21) ആണ് മരിച്ചത്.

ബാംഗ്ലൂരില്‍ കോളേജ് ഒഫ് ആചാര്യ എന്‍ജിനീയറിംഗില്‍ രണ്ടാം വര്‍ഷ ആര്‍കിടെക് വിദ്യാര്‍ത്ഥിയായിരുന്നു അഹാബ്. കണ്ണൂര്‍ സ്വദേശികളായ അഞ്ചു വിദ്യാര്‍ത്ഥികളാണ് അഹാബിനെ ക്രൂരമായി റാഗ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 27ന് കോളേജ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ അഹാബിനെ അബോധാവസ്ഥയില്‍ സഹപാഠിയാണ് കണ്ടെത്തിയത്. വീണു പരിക്കേറ്റതാണെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ആഴത്തിലുള്ള മുറിവാണെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ അത് വിണതിനെ തുടര്‍ന്നുണ്ടായതല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.

കോളേജ് അധികൃതര്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് റാഗിങ്ങിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മലയാളികളും കണ്ണൂര്‍ സ്വദേശികളുമായ അഞ്ചുപേരാണ് റാഗ് ചെയ്തതെന്ന് വ്യക്തമായി. ക്രൂരമായി പീഡിപ്പിച്ച ശേഷം ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായപ്പോള്‍ അവര്‍ തന്നെ ബാത്ത് റൂമില്‍ കൊണ്ടു തള്ളുകയായിരുന്നു.