ലീ ചോംഗ്, വാംഗ് ചാമ്പ്യന്‍മാര്‍

Posted on: March 11, 2014 6:00 am | Last updated: March 11, 2014 at 10:30 am
SHARE

ബിര്‍മിംഗ്ഹാം: ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് കിരീടം മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ലീ ചോംഗ് വീ സ്വന്തമാക്കിയപ്പോള്‍ വനിതാ കിരീടം ചൈനയുടെ ലോക മൂന്നാം നമ്പര്‍ ഷിസിയാന്‍ വാംഗ് ഉയര്‍ത്തി.
പുരുഷ ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ എതിരാളികള്‍ തന്നെ. ലീ ചോംഗ് വിയും ചൈനയുടെ ലോക രണ്ടാം നമ്പര്‍ ചെന്‍ ലോംഗും.
എന്നാല്‍ ഫലം മാത്രം ആവര്‍ത്തിച്ചില്ല. 21-13, 21-18ന് ചെന്‍ ലോംഗിനെ നിഷ്പ്രഭമാക്കി ലീ ചോംഗ് വി മധുരപ്രതികാരം ചെയ്തു.
തുടരെ നാല് ജയങ്ങളുമായി തനിക്കെതിരെ ചെന്‍ ലോംഗ് തുടര്‍ന്നുവന്ന ആധിപത്യമാണ് ലീ ചോംഗ് വി തകര്‍ത്തത്. പതിനാറ് തവണ കളിച്ചപ്പോഴുള്ള റെക്കോര്‍ഡിലും എട്ട് ജയത്തോടെ ലീ ചോംഗ് വി ഒപ്പമെത്തി. രണ്ട് തവണ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ ലീ ചോംഗ് വിയുടെ മൂന്നാമത്തെ ആള്‍ ഇംഗ്ലണ്ട് കിരീടമാണിത്.
ലോക ഒന്നാം നമ്പറും കൂട്ടുകാരിയുമായ ലി സ്യുറുവിനെയാണ് ഷിസിയാന്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. 21-19, 21-18.
പുരുഷ ഡബിള്‍സില്‍ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍-ഹെന്‍ഡ്ര സെതിവാന്‍ സഖ്യം ചാമ്പ്യന്‍മാരായി.
വനിതാ ഡബിള്‍സ് കിരീടം ചൈനയുടെ സിയോലി വാംഗ്-യാം യുവിന്. മിക്‌സഡ് ഡബിള്‍സില്‍ ഇന്തോനേഷ്യയുടെ ടൊന്‍ഡോവി അഹമ്മദ്-ലിലിയാന നാസിര്‍ സഖ്യം ജേതാക്കളായി.