മുളയില്‍നിന്നു കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നേടി നൈജീരിയയിലെ ആദ്യ സംഘം മടങ്ങാനൊരുങ്ങുന്നു

Posted on: March 11, 2014 10:18 am | Last updated: March 11, 2014 at 10:18 am
SHARE

കല്‍പ്പറ്റ: മുളയില്‍നിന്നു കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നേടുന്നതിന് നൈജീരിയയിലെ ഒണ്ടോ സംസ്ഥാനത്തുനിന്ന് വയനാട്ടിലെ തൃക്കൈപ്പറ്റ ഗ്രാമത്തിലെത്തിയ ആദ്യസംഘം മടങ്ങുന്നു. ഒണ്ടോയിലെ ‘സ്പ്രിംഗ്‌ബോര്‍ഡ്’ എന്ന സന്നദ്ധസംഘടനയുടെ കോ ഓര്‍ഡിനേറ്റര്‍ എഫ്‌റേ അലബാ ലോറന്‍സിനൊപ്പം തൃക്കൈപ്പറ്റയിലെ നാടന്‍ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തില്‍(ഉറവ്) എത്തിയ കമാലി സികുരു സ്റ്റീഫന്‍, അസ മഗാഖേ അഡ്‌ബോയ സണ്‍ഡേ, അകിനുരുളി ഒലുഫേമി ഹെന്‍ട്രി, ഓഗുണ്ടലേ ഒലമിലക്കാന്‍ ഇഡോറു അറ്റാന്‍ഡ, ഒവുലേബി ഹക്കിം എന്നീ കാപ്പിരി യുവാക്കളാണ് ഒരു മാസം നീണ്ട പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.
ലാഗോസില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറുമ്പോള്‍ ടൂറിസ്റ്റുകളുടെ മനസ്സായിരുന്നു അഞ്ച് യുവാക്കള്‍ക്കും. എന്നാല്‍ ചിന്താപദ്ധതികളുടെ ഭാരവും പേറിയാണ് തിരിച്ചുപോക്ക്. ഒണ്ടോയിലെ ചെറുപ്പക്കാര്‍ നേരിടുന്ന തൊഴില്‍രാഹിത്യത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ തങ്ങള്‍ പഠിച്ച വിദ്യ ഉപയോഗപ്പെടുത്തണമെന്ന ദൃഢനിശ്ചയത്തിലാണ് അഞ്ച് യുവാക്കളും.
മുള നടീല്‍, മുറിക്കല്‍, സംസ്‌കരണം, കരകൗശല വസ്തുക്കളുടെ രൂപകല്‍പന,നെയ്ത്ത്, പോളിഷിംഗ് എന്നിങ്ങനെ മുളയുത്പന്ന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു പരിശീലനം. കെ.പി.എല്‍ദോ, പി.കെ.രാഗേഷ്, സി.എസ്.ബെന്നി, കെ.എ.ലെനില്‍, സി.പി.കവിത, എം.എം.ജമീല, എം.ശോഭനകുമാരി, കെ.പി.ഷൈലജ, കെ.പി.മിനി, ഇ.ബി.ഗിരിജ എന്നിവരായിരുന്നു പരിശീലകര്‍.
മുളയുത്പന്ന നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങള്‍ കരകൗശല വസ്തു നിര്‍മാണത്തില്‍ നൈസര്‍ഗിക വാസനയുള്ള യുവാക്കള്‍ ഹൃദിസ്ഥമാക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച വേഗത തന്നെ അതിശയപ്പെടുത്തിയെന്ന് ഉറവിലെ മാസ്റ്റര്‍ ക്ലാഫ്റ്റ്‌സ്മാനായ രാഗേഷ് പറഞ്ഞു.
2013 ഫെബ്രുവരിയില്‍ ‘ഉറവ്’ സന്ദര്‍ശിച്ച ഒന്‍പതംഗ നൈജീരിയന്‍ സംഘത്തിലെ അംഗമായിരുന്നു സ്പ്രിംഗ്‌ബോര്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ലോറന്‍സ്. മുളയുത്പന്ന നിര്‍മാണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉറപ് പ്രസിഡന്റ് എ.ബാബുരാജില്‍നിന്നു ചോദിച്ചറിഞ്ഞ ലോറന്‍സ് വ്യക്തമായ ചില പദ്ധതികളുമായാണ് തിരിച്ചുപോയത്. നാട്ടില്‍ എത്തിയ ഉടന്‍ അദ്ദേഹം 100 യുവാക്കളെ ഇന്ത്യയില്‍ അയച്ച് മുളയുത്പന്ന നിര്‍മാണം പരിശീലിപ്പിക്കുന്നതിനുള്ള പ്രൊജക്ട് ഒണ്ടോ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഇതിനു പച്ചക്കൊടി കാട്ടിയ ഭരണകൂടം ആദ്യഘട്ടത്തില്‍ അഞ്ചു പേരെ പരിശീലനത്തിനു അയയ്ക്കുന്നതിനു അനുമതി നല്‍കി. 6.45 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക സാമ്പത്തിക സഹായമായും അനുവദിച്ചു. ഇതുപയോഗപ്പെടുത്തിയായിരുന്നു ആദ്യ സംഘത്തിന്റെ ഇന്ത്യന്‍ യാത്ര. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് സ്ത്രീകളടക്കം കൂടുതല്‍ ചെറുപ്പക്കാരെ ഉറവിലെത്തിക്കാനാണ് സ്പ്രിംഗ് ബോര്‍ഡിന്റെ തീരുമാനമെന്ന് ലോറന്‍സ് പറഞ്ഞു. മുളയുത്പന്ന നിര്‍മാണ പരിശീലനത്തില്‍ ‘ഉറവു’മായി ധാരണാപത്രം ഒപ്പിടുന്നത് സജീവ പരിഗണനയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
‘ഉറവില്‍’ പരിശീലനം നേടുന്നവരെ ഒണ്ടോവിലെ വിവിധ ഗ്രാമങ്ങളില്‍ പരിശീലകരായി നിയോഗിക്കാനാണ് സ്പ്രിംഗ്‌ബോര്‍ഡിന്റെ പദ്ധതി.
തത്കാലം സംഘടനയുടെ ആസ്ഥാനത്തിനു സമീപം പരിശീലനകേന്ദ്രം തുടങ്ങും. വ്യാവസായികാടിസ്ഥാനത്തില്‍ മുള കൃഷി ചെയ്യേണ്ടതിലേക്ക് പ്രദേശവാസികളുടെ ശ്രദ്ധ ക്ഷണിക്കും. വിവിധയിനം മുളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സര്‍ക്കാര്‍ സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. കൈവേലകളില്‍ വാസനയുള്ളവര്‍ക്ക് മുളത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കും. ഉത്പന്നങ്ങളുടെ വിപണനത്തിനും സ്പ്രിംഗ്‌ബോര്‍ഡ് സൗകര്യം ഒരുക്കും. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പരമാവധി ഗ്രാമങ്ങളില്‍ മുളയുത്പന്ന നിര്‍മാണകേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കും. ഇത് ഒണ്ടോയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ പുതുചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ-ലോറന്‍സ് പറഞ്ഞു. ലാംപ് ഷേഡ്, ക്ലോക്ക്, പെന്‍, ഫോട്ടോ ഫ്രയിം, സോളാര്‍ ലൈറ്റ് ഫ്രെയിം, കീ ചെയിന്‍, ശില്‍പങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ അഞ്ച് ആഫ്രിക്കന്‍ യുവാക്കളും വൈദഗ്ധ്യം നേടിയതായി പരിശീലകര്‍ പറഞ്ഞു.
ലാഗോസില്‍നിന്നു ദോഹയിലേക്കും അവിടെനിന്നു നെടുമ്പാശേരിയിലേക്കുമായി 11 മണിക്കൂറോളം പറന്നും പിന്നീട് റോഡ് മാര്‍ഗം സഞ്ചരിച്ചും ഫെബ്രുവരി 12നാണ് ലോറന്‍സും സംഘവും വയനാട്ടിലെത്തിയത്. മാര്‍ച്ച് 14നാണ് മടക്കയാത്ര. പകരം വെക്കാനില്ലാത്തതാണ് വയനാടിന്റെ പ്രകൃതി സൗന്ദര്യമെന്ന് ഇതിനകം വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനും സമയം കണ്ടെത്തിയ യുവാക്കള്‍ പറഞ്ഞു. ഒണ്ടോയിലേതുപോലെ നെല്ലും കപ്പയും വിളയുന്ന വയനാടന്‍ മണ്ണും അവര്‍ക്ക് കൗതുകമായി.