Connect with us

Wayanad

വിശദാന്വേഷണത്തിനു ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

Published

|

Last Updated

കല്‍പ്പറ്റ: പുല്‍പള്ളി-പെരിക്കല്ലൂര്‍ കുടിയിരുപ്പില്‍ സുനിലിന്റെ ഭാര്യ ഷാന്റി(32) മാര്‍ച്ച് അഞ്ചിന് അബൂദബിയിലെ പാസ്‌പോര്‍ട്ട് റോഡിലുള്ള ഫഌറ്റിന്റെ പതിനെട്ടാംനിലയില്‍നിന്നു വീണുമരിച്ച സംഭവത്തില്‍ വിശദാന്വേഷണത്തിനു ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം.
ഷാന്റിയുടെ പിതാവ് കല്‍പ്പറ്റ വാഴവറ്റ തച്ചേരിയില്‍ ഫിലിപ്പാണ് ഫാക്‌സിലൂടെ നിവേദനം നല്‍കിയത്. ഇതിന്റെ പകര്‍പ്പ് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അബുദാബിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍, സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍, തിരുവനന്തപുരം നോര്‍ക്ക സെക്രട്ടറി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. ഷാന്റിയുടേത് അപകട മരണമെല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും നിവേദനത്തില്‍ പറയുന്നു. ഭര്‍ത്താവ് സുനിലും ഭര്‍തൃമാതാവ് ചിന്നമ്മയും ഷാന്റിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി നിവേദനത്തില്‍ വിശദീകരിക്കുമുണ്ട്.
നിവേദനത്തിന്റെ ചുരുക്കം: അബുദാബിയിലെ അല്‍ഫുള്‍ട്ടാന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജീനിയറാണ് സുനില്‍. നഴ്‌സിംഗ് പാസായ ഷാന്റിയുമായി 2007ലായിരുന്നു വിവാഹം. അഞ്ച് വയസുള്ള ആല്‍ബിനും ഒരു വയസുകാരന്‍ ഏബിളുമാണ് മക്കള്‍. കുടുംബസമേതം അബുദാബിയിലാണ് സുനിലിന്റെ താമസം.
വിവാഹശേഷം ഒരു വര്‍ഷം ഷാന്റി പെരിക്കല്ലൂരിലെ ഭര്‍തൃവീട്ടിലാണ് താമസിച്ചിരുന്നത്. ഭര്‍തൃമാതാവിന്റെ പീഡനത്തെത്തുടര്‍ന്ന് ഷാന്റി വാഴവറ്റയിലെ പിതൃഗൃഹത്തിലേക്ക് വന്നു. പിന്നീട് മാധ്യസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് സുനില്‍ ഭാര്യയെ അബുദാബിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ഷാന്റി മൂന്നു വര്‍ഷത്തോളം നഴ്‌സായി ജോലി ചെയ്തു. പിന്നീട് മക്കളെ നോക്കുന്നതിനായി ജോലി രാജിവെച്ചു.
2014 ജനുവരി ഒന്‍പതിന് വിസിറ്റിംഗ് വിസയില്‍ അബുദാബിയിലെത്തിയ സുനിലിന്റെ മാതാവ് ചിന്നമ്മ ഷാന്റിയോട് ക്രൂരമായാണ് പെരുമാറിയത്. അമ്മയുടെ സാന്നിധ്യത്തില്‍ സുനിലും ഭാര്യയെ പീഡിപ്പിച്ചു. സഹികെട്ട ഷാന്റി ഇളയ കുട്ടിക്കൊപ്പം ജനുവരി 16ന് വാഴവറ്റയിലെത്തി. കുറച്ചുദിവസം കഴിഞ്ഞ് വാഴവറ്റയിലേക്ക് വിളിച്ച സുനില്‍ അമ്മയെ നാട്ടിലേക്ക് അയയ്ക്കാമെന്നും തിരികെ വരണമെന്നും ഷാന്റിയോട് ആവശ്യപ്പെട്ടു. ഇതിനുസരിച്ച് ഫെബ്രുവരി 12ന് ഷാന്റി അബുദാബിക്ക് മടങ്ങി. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഷാന്റിയുടെ മരണവാര്‍ത്തയാണ് അറിഞ്ഞത്.
പെരിക്കല്ലൂരിലുള്ള സുനിലിന്റെ പിതാവ് ലൂക്ക മാര്‍ച്ച് അഞ്ചിന് ഉച്ചകഴിഞ്ഞ് ഷാന്റിയുടെ സഹോദരി സൈനോയുടെ ഭര്‍ത്താവ് റോജിയെ ഫോണില്‍ വിളിച്ചാണ് മരണവിവരം അറിയിച്ചത്. ഷാന്റി ഫഌറ്റില്‍നിന്നു ചാടി ആത്മഹത്യ ചെയ്തുവെന്നാണ് ലൂക്ക റോജിയോട് പറഞ്ഞത്. ഈ വിവരം റോജി വാഴവറ്റയിലെത്തിക്കുകയായിരുന്നു.
ഷാന്റിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. മകള്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് വിശ്വാസം. സുനില്‍ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായാണ് അറിയുന്നത്.
ഷാന്റിയുടെ പേരില്‍ വന്‍ തുകക്കുള്ള ഇന്‍ഷുറന്‍സ് എടുത്തതായും വിവരമുണ്ട്. എന്നിരിക്കെ മകളുടെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യമാണ്.
അതിനിടെ, മുഖ്യമന്ത്രിക്കും മറ്റും ഫാക്‌സിലൂടെ അയച്ച നിവേദനത്തിനു മറുപടി ലഭിച്ചില്ലെന്ന് ഷാന്റിയുടെ സഹോദരീ ഭര്‍ത്താവും പെരിക്കല്ലൂര്‍ സ്വദേശിയുമായ റോജി പറഞ്ഞു. ശനിയാഴ്ച അബുദാബിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കിയ ഷാന്റിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നീക്കം നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

 

---- facebook comment plugin here -----

Latest