വടകരയില്‍ അമൃതാനന്ദമയിയുടെ കോലം കത്തിക്കാന്‍ ശ്രമം

Posted on: March 11, 2014 10:00 am | Last updated: March 11, 2014 at 10:12 am
SHARE

വടകര: വടകരയില്‍ മാതാ അമൃതാനന്ദമയിയുടെ കോലം കത്തിക്കാന്‍ ശ്രമം. തടയുമെന്ന മുന്നറിയിപ്പുമായി സംഘ് പരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത് നഗരത്തെ ഏറെനേരം സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. വടകര സഫ്ദര്‍ ഹാശ്മി നാട്യസംഘമാണ് അമൃതാനന്ദമയിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചത്. കോലം കത്തിക്കുന്നത് തടയുമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചതോടെ സംഘര്‍ഷം കണക്കിലെടുത്ത് ഇന്നലെ ഉച്ചയോടെ വടകരയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ പോലീസ് സേനയെ വിന്യസിച്ചിരുന്നു. ഒടുവില്‍ പോലീസിന്റെ അഭ്യര്‍ഥന മാനിച്ച് ആര്‍ എം പി ആഭിമുഖ്യമുള്ള സംഘടനയായ സഫ്ദര്‍ ഹാശ്മി നാട്യസംഘം പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
വടകരയിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന പോലീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് കോലം കത്തിക്കലില്‍ നിന്ന് പിന്‍മാറിയതെന്ന് നാട്യസംഘം ഭാരവാഹികള്‍ പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും സംസ്ഥാനത്തെ പ്രമുഖ യുവജന സംഘടനകളും ഇക്കാര്യത്തില്‍ ഫലപ്രദമായി സമര രംഗത്തിറങ്ങാത്തത് നിര്‍ഭാഗ്യകരമാണെന്നും ഏറ്റവും ജനാധിപത്യരീതിയില്‍ തുടര്‍ന്നും സമരം നടത്തുമെന്നും സഫ്ദര്‍ ഹാശ്മി നാട്യസംഘം ഭാരവാഹികള്‍ പറഞ്ഞു.