പ്രവാസിക്ഷേമ പെന്‍ഷന്‍ പ്രായപരിധി പന്‍വലിക്കണം; വാഹന ജാഥ 24ന് തുടങ്ങും

Posted on: March 11, 2014 6:00 am | Last updated: March 11, 2014 at 8:17 am
SHARE

കൊച്ചി: പ്രവാസിക്ഷേമ പെന്‍ഷന്‍ പ്രായപരിധി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന വാഹന ജാഥ 24ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മടങ്ങിയെത്തിയവരുള്‍പ്പെടെ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് ഏര്‍പ്പെടുത്തിയ പ്രായ പരിധി പിന്‍വലിക്കുക, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സമഗ്ര പുനരധിവാസം നല്‍കുക എന്നീ ആവശ്യങ്ങളാണ് ജാഥയില്‍ ഉന്നയിക്കുന്നത്.
24ന് കാസര്‍കോട് നീലേശ്വരത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ ഏപ്രില്‍ അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിക്കും. അഞ്ചിന് വൈകീട്ട് ആറിന് കിഴക്കേ കോട്ട ഗാന്ധി പാര്‍ക്കില്‍ വിശദീകരണയോഗം ചേരും. സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 36 സംഘടനകളുടെ സംയുക്തവേദിയാണ് കേരള സ്‌റ്റേറ്റ് പ്രവാസീസ് ആന്‍ഡ് ഗള്‍ഫ് റിട്ടേണീസ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍. എറണാകുളത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ കേന്ദ്ര കമ്മിറ്റി ചെയര്‍മാനായി എസ് അഹ്മദിനെ തിരഞ്ഞെടുത്തു. വിവിധ രാജ്യങ്ങളിലെ ഘടകങ്ങളുടെ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
നിതാഖാത്ത് നിയമത്തില്‍ കുടുങ്ങി ഗള്‍ഫ് നാടുകളില്‍നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പായില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. സ്വയം തൊഴിലിന് സബ്‌സിഡിയോടുകൂടി വായ്പ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും വസ്തു ഈട് നല്‍കാതെ വായ്പ അനുവദിക്കില്ലെന്ന നിലപാടാണ് ബേങ്കുകളുടെത്. ഇക്കാര്യത്തില്‍ നോര്‍ക്കയുടെ സഹായം ലഭിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.