ജമാഅത്തെ ഇസ്‌ലാമി ഇതെങ്ങിനെ സഹിക്കും?

Posted on: March 11, 2014 6:00 am | Last updated: March 11, 2014 at 2:37 pm
SHARE

jamathe islamiഅഹമ്മമദാബാദിലെ ശാഹ് ആലം എം എസ് ഗ്രൗണ്ടില്‍ ഖമറുല്‍ ഉലമാ കാന്തപുരം പങ്കെടുക്കുന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ പോസ്റ്റര്‍ ഫേസ് ബുക് വാളില്‍ കണ്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികള്‍ ശരിക്കും ഞെട്ടി. അല്ല; ആരായാലും ഞെട്ടും. ആ പോസ്റ്ററും അനുബന്ധമായി ചേര്‍ത്ത രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ ഡോക്യുമെന്ററിയും അത്ര ഗംഭീരമായിട്ടാണല്ലോ തയാറാക്കിയിരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും തിരുവനന്തപുരത്തും മാത്രമല്ല; ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലും കാന്തപുരം ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ പോകുന്നു വെന്നുവന്നാല്‍ തലപ്പത്ത് ‘ഇന്ത്യന്‍’ എന്നൊരു വാല്‍ കൂടിയുള്ള ജമാഅത്തെ ഇസ്‌ലാമി അതെങ്ങനെ സഹിക്കും? ഇതൊക്കെ തങ്ങള്‍ക്ക് മാത്രം പറഞ്ഞ കാര്യമായിരുന്നല്ലോ! അസഹിഷ്ണുത, അസഹ്യത, പൊറുതികേട്, നില്‍ക്കക്കള്ളിയില്ലായ്മ എന്നൊക്കെ പറയാവുന്ന മാനസിക വിഭ്രമാവസ്ഥ കണ്ടുനില്‍ക്കുന്നവര്‍ക്ക് മനസ്സിലാകില്ല; അനുഭവിക്കുന്ന ജമാഅത്തുകാര്‍ക്കേ അതറിയൂ. ജമാഅത്ത് പത്രത്തിന്റെ ദീനരോദനം ഈ സ്ഥലജലഭ്രമത്തിന്റെ പ്രകടനമാണ്.
കലാപാനന്തര ഗുജറാത്തിലെ മുസ്‌ലിംകളുടെ ദൈന്യം സംബന്ധിച്ച് ഉപന്യസിക്കേണ്ടതില്ല. ചെറുതും വലുതുമായ മുസ്‌ലിം കൂട്ടായ്മകള്‍ ഗുജറാത്തിന്റെ മുറിവുണക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മര്‍കസും സുന്നി സംഘടനകളും പങ്കാളികളാണ്. സ്‌കൂളുകളും മദ്‌റസകളും ബോധവത്കരണ ക്ലാസുകളും അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചെറിയ സഹായങ്ങളുമായി കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഇപ്പോഴും ഗുജറാത്തിലുണ്ട്. മുസ്‌ലിം പിന്തുണ തരപ്പെടുത്താന്‍ നരേന്ദ്ര മോദി നടത്തിയ മുസ്‌ലിം കോണ്‍ക്ലേവ് പരാജയപ്പെട്ടപ്പോള്‍ ആ ലക്ഷ്യം നേടുന്നതിനാണത്രെ കാന്തപുരത്തിന്റെ അഹമ്മദാബാദ് സമ്മേളനം! ജമാഅത്തെ ഇസ്‌ലാമി പത്രത്തിന്റെ ലേഖകന്‍ ഒട്ടും ഗൃഹപാഠം ചെയ്തില്ല. കഴിഞ്ഞ ആറ് വര്‍ഷമായി ഗുജറാത്തില്‍ നടത്തിവരുന്ന ദേശീയ നിലവാരമുള്ള മുസ്‌ലിം സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് മാര്‍ച്ച് 15നു നടക്കാനിരിക്കുന്നത്, ആറ് മാസം മുമ്പാണ് ഈ സമ്മേളനം പ്രഖ്യാപിക്കപ്പെട്ടത്. അന്ന് തിരഞ്ഞെടുപ്പിന്റെ ഒരു മേഘക്കീറ് പോലും ആകാശത്തില്ലായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ സമ്മേളനങ്ങള്‍ ആര്‍ക്ക് ആളെക്കൂട്ടാനായിരുന്നുവെന്നുകൂടി പറയണം. പതിനൊന്ന് രാജ്യങ്ങളില്‍നിന്നു പുറത്തിറങ്ങുന്ന പത്രത്തിന് ഗുജറാത്തിലെ വാര്‍ത്തകളറിയാന്‍ വാടക ലേഖകനെ ആശ്രയിക്കേണ്ടിവന്നതാണ് ശരിയായ പ്രശ്‌നം. ലേഖകന്റെ നിഗമനം ശുദ്ധ അസംബന്ധമാണ്.
കാന്തപുരത്തിന്റെ ഗുജറാത്ത് സമ്മേളനം വെടക്കാക്കാന്‍ നരേന്ദ്ര മോദിയുടെ കണക്കില്‍ വരവ് വെക്കുന്നത് കൊള്ളാവുന്ന ഒരാശയമാണ്. ഇതിനു തുളഞ്ഞ ബുദ്ധിയൊന്നും ആവശ്യമില്ല; ശരാശരി ഏത് മന്ദബുദ്ധിക്കും ചെയ്യാവുന്നതേയുള്ളൂ. ഗുജറാത്ത് എന്നാല്‍ നരേന്ദ്ര മോദി, മോദിയെന്നാല്‍ കൊടിയ ഫാഷിസം! കാന്തപുരത്തിന്റെ പേരില്‍ പാടിപ്പഴകിയ കമ്യൂണിസ്റ്റ് ബാന്ധവാരോപണത്തിനു പകരം പുതുപുത്തന്‍ സംഘ് പരിവാര്‍ ബാന്ധവാരോപണം! തിരഞ്ഞെടുപ്പ് പരിസരം കൂടിയാകുമ്പോള്‍ തീപ്പെട്ടിക്കമ്പ് ഉരസിയാല്‍ മതി; ആളിക്കത്തിക്കൊള്ളും! പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ലേഖകന്റെ ഈസി ചെയര്‍ നിഗമനങ്ങള്‍ പിഴച്ചു. ലേഖനം വരുന്നതിന്റെ നാലുനാള്‍ മുമ്പ് ഒരു പ്രമുഖ മലയാളം ചാനലില്‍ കാന്തപുരത്തിന്റെ ഒരഭിമുഖം വന്നിരുന്നു. മോദിയോടും അയാളുടെ നിലപാടുകളോടും അഭിമുഖത്തില്‍ കാന്തപുരം വിയോജിച്ച രീതി ജമാഅത്ത് ലേഖകനും കണ്ടിരിക്കുമല്ലോ. ഇങ്ങനെയൊരു കാന്തപുരത്തെയാണോ മോദി ഗുജറാത്തിലേക്കു പരവതാനി വിരിച്ചു സ്വീകരിക്കാന്‍ പോകുന്നത്? ജമാഅത്തെ ഇസ്‌ലാമിയുടെ സമനില പോയെന്നാണ് തോന്നുന്നത്.
ബി ജെ പിയെ പിന്തുണക്കാന്‍ ആകാശത്തുനിന്നിറങ്ങി വരുന്നുവെന്നു സുബ്രഹ്മണ്യം സ്വാമി ആവര്‍ത്തിച്ചു പറഞ്ഞ ആ തെന്നിന്ത്യന്‍ ബറേല്‍വി ആരാണ്? ആരായാലും അത് കാന്തപുരമാകാന്‍ തരമില്ല; ചാനല്‍ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ക്കും അതിലെ ചെറുതും വലുതുമായ കക്ഷികള്‍ക്കും കാന്തപുരത്തിന്റെ പിന്തുണയും സഹകരണവും വേണം. ജനാധിപത്യ മതേതര ശക്തികളെ തുണക്കുന്ന നിലപാടാണ് ഇതുവരെ അദ്ദേഹം സ്വീകരിച്ചുപോന്നതും. തിരഞ്ഞെടുപ്പ് കാറ്റ് വീശിത്തുടങ്ങുന്നതിനു മുമ്പു തന്നെ മുന്നണികളും പാര്‍ട്ടികളും ആ വഴിയില്‍ സഞ്ചരിച്ചു തുടങ്ങിയിട്ടുമുണ്ട്. ബി ജെ പിക്കു ചെന്നുകയറാന്‍ പാകത്തില്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന ഒരേയൊരു വാതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെതു മാത്രമാണ്. സ്വാമി ഉദ്ദേശിച്ചത് മൗലാനാ മൗദൂദിയുടെ ജനുസ്സില്‍ പെട്ട മൗലാനമാരെയാകണം. കുറച്ചായി രാഷ്ട്രീയത്തിലെ ഒരു പൂച്ചക്കുഞ്ഞും ജമാഅത്തെ ഇസ്‌ലാമിയുടെ വാതില്‍പ്പുറത്തു വരാറില്ല. പൊട്ടിപ്പിളര്‍ന്നതും പെറ്റുപെരുകിയതുമായ സകല ഈര്‍ക്കില്‍ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതോടെ രണ്ടാലൊരു മുന്നണിയുടെ ചിറകിനടിയില്‍ അഭയം പ്രാപിച്ചിരിക്കും. വെട്ടി ഒഴിഞ്ഞ വാഴത്തോപ്പിലെ കൂമ്പടഞ്ഞ വാഴ പോലെ ഒറ്റത്തടിയായി ഒറ്റപ്പെട്ടു നില്‍ക്കുന്ന രണ്ടേരണ്ടു കക്ഷികളെയേ കേരള രാഷ്ട്രീയത്തില്‍ കാണുന്നുള്ളൂ; ജമാഅത്തെ ഇസ്‌ലാമിയും ബി ജെ പിയും. തുല്യദുഃഖിതര്‍! ജമാഅത്തെ ഇസ്‌ലാമി മൗലാനമാരെ കണ്ടിട്ടു തന്നെയാകണം സുബ്രഹ്മണ്യം സ്വാമി കണ്ണെറിഞ്ഞത്!
ജംഇയ്യത്തുല്‍ഉലമാ ഏ ഹിന്ദ്, അഹ്‌ലെ ഹദീസ് തുടങ്ങി പത്താളുകളുടെ പിന്‍ബലം പോലുമില്ലാത്ത ചില കടലാസ് സംഘടനകളും ഊരും മേല്‍വിലാസവുമില്ലാത്ത ചിലരുമുണ്ട് ഇന്ദ്രപ്രസ്ഥത്തിനു ചുറ്റും. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ഥിരം ബഫൂണ്‍ കഥാപാത്രങ്ങളാണ് ഇവര്‍. ഇവരെപ്പോലെയാണ് കാന്തപുരം എന്നു പറഞ്ഞാല്‍ ചുരുങ്ങിയത് പ്രബുദ്ധ കേരളമെങ്കിലും അതു സമ്മതിച്ചു തരില്ല. ഒരു തെളിവ് മാത്രം തരാം; കാന്തപുരത്തിന്റെ കേരളയാത്ര. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തത്വത്തില്‍ മലബാരി സംഘടനകളാണ്. കണ്ണൂരോ കോഴിക്കോട്ടോ മലപ്പുറത്തോ ഏതഭ്യാസവും ഈ സംഘടനകള്‍ നടത്തും, ഷൊര്‍ണൂരിനപ്പുറം കടന്ന് അഭ്യാസം കാണിച്ചാല്‍ കള്ളി പൊളിയും. പതിനാല് ജില്ലകള്‍, ഇരുപത്തിയൊന്ന് ദിവസം, അറുപതിലേറെ സ്വീകരണങ്ങളല്ല; മഹാസമ്മേളനങ്ങള്‍! കാന്തപുരം അനന്തപുരിയിലെത്തുമ്പോള്‍ നഗരം മുമ്പ് കണ്ടിട്ടില്ലാത്ത ജനമഹാസാഗരം! ഇതൊന്നും മറക്കാറായിട്ടില്ലല്ലോ. കാന്തപുരത്തിന്റെ ചിത്രങ്ങള്‍ തൂക്കാന്‍ വിചാരിച്ചാല്‍ ഡല്‍ഹി തെരുവുകളിലെ വിളക്കുകാലുകള്‍ ഒട്ടും മതിയാവുകയില്ല.
കാന്തപുരത്തിന്റെ അസം പര്യടനം നടന്നത് കഴിഞ്ഞ നവംബറിലാണ്. അഞ്ച് ദിവസത്തെ പര്യടനത്തിനിടയിലെ സ്വീകരണ സമ്മേളനങ്ങളില്‍ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്. ഉസ്താദിനെ അനുഗമിച്ച ചെറുസംഘം മലയാളികളെ മാറ്റി നിറുത്തിയാല്‍ വേദിയിലും സദസ്സിലും വന്നു നിറഞ്ഞതത്രയും തദ്ദേശീയര്‍! ഗുജറാത്ത് സമ്മേളനങ്ങളുടെ സംഘാടകര്‍ പങ്ക് വെക്കുന്നതും ഇതേ ആശയം; ഗുജറാത്തില്‍ നടന്ന വന്‍ സമ്മേളനങ്ങളില്‍ ഒരു ശതമാനം പോലും മലയാളികള്‍ ഉണ്ടാകാറില്ലത്രേ. ബംഗളൂരുവിലും കര്‍ണാടകയിലെ ഏഴ് ജില്ലകളിലുമായി നിരവധി കേന്ദ്രങ്ങളില്‍ കാന്തപുരത്തിന്റെ പര്യടനം പൂര്‍ത്തിയായത് കഴിഞ്ഞയാഴ്ചയാണ്. കാശ്മീരില്‍ നടത്തിയ പര്യടനം സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കൂടി സഹകരണം ഈ പര്യടനത്തിനു ലഭിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥാലയങ്ങളും മദ്‌റസകളും കാശ്മീരില്‍ ഇപ്പോള്‍ നടത്തിവരുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ പുതിയ നായകനെ കണ്ടെത്തുകയാണ്. വണ്ടി സ്റ്റേഷന്‍ വിട്ടുപോയ കഥയൊന്നും ഈ മൗദൂദി മൗലാനമാര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഹുകൂമത്തെ ഇലാഹി വരുമെന്നും ജമാഅത്തെ ഇസ്‌ലാമി അമീര്‍ രാജ്യം ഭരിക്കുമെന്നും കരുതി ഉമിനീരിറക്കി നടക്കുന്നവരെക്കുറിച്ചെന്തു പറയാന്‍!
സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡല്‍ഹി ആസ്ഥാനത്തു നിന്ന് വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു മദ്‌റസാ പാഠപുസ്തകങ്ങളാണ് സംസ്ഥാനങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി നിരവധി മസ്ജിദുകള്‍ നിര്‍മിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാള്‍, യു പിയിലെ ഫിലിപ്പത്ത്, മധ്യപ്രദേശിലെ ഇന്‍ഡോര്‍ തുടങ്ങി രാജ്യവ്യാപകമായി സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മര്‍കസും സുന്നി സംഘടനകളും തുടക്കം കുറിച്ചിരിക്കുകയാണ്. മരിച്ചാല്‍ മറമാടണം എന്നറിയാത്തതിനാല്‍ മയ്യിത്ത് ദഹിപ്പിക്കുന്ന, സുന്നത്ത് കര്‍മം(circumcision) എന്നൊന്നുണ്ടെന്നു പോലുമറിയാത്ത മുസ്‌ലിംകള്‍ പാര്‍ക്കുന്ന ഒരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍- പഞ്ചാബ്. പഞ്ചാബ് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ നവോത്ഥാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. കേരളത്തില്‍ നിന്ന് ആളെയിറക്കി വേദിയിലും സദസ്സിലുമിരുത്തി ഡല്‍ഹിയിലോ ബംഗളൂരുവിലോ ദേശീയ സമ്മേളനങ്ങള്‍ നടത്തുന്ന മിടുക്കന്മാരുടെ സംഘടനകളും കേരളത്തിലുണ്ടെന്നോര്‍ക്കണം.
തങ്ങളല്ലാത്ത മറ്റേതെങ്കിലും മുസ്‌ലിം സംഘടനയുടെതായി രാജ്യത്ത് എന്ത് നല്ല കാര്യം നടക്കുന്നുണ്ടെങ്കിലും അതേതെങ്കിലും മോശം കണക്കില്‍ വരവ് വെക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പതിവ് രീതിയാണ്. അതായത്, കൊള്ളാവുന്ന ഇസ്‌ലാമിക പരിപാടികളെന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് ജമാഅത്തെ ഇസ്‌ലാമി ബാനറില്‍ മാത്രമായിരിക്കണം. അഥവാ ജമാഅത്തുകാരെന്തു നടത്തിയാലും അതു മാത്രമായിരിക്കും മഹത്തരം. മറ്റുള്ളവര്‍ എന്തു സത്കാര്യങ്ങള്‍ ചെയ്താലും ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികള്‍ അതില്‍ പുഴുക്കുത്ത് തിരയും. ഈ മനോരോഗത്തെ പച്ചമലയാളത്തില്‍ പരിചയപ്പെടുത്തുന്നതിനു പകരം ആംഗലേയത്തില്‍ പൊതിഞ്ഞു പറയാം- ജലസി! ചികിത്സയില്ല, രോഗിയേയും കൊണ്ടു രോഗം പോകുമ്പോള്‍ തീരും.
ഗുജറാത്ത് കലാപം ഒരു ജനതയുടെ ജീവനും സമ്പത്തും മാത്രമല്ല; അവരുടെ ആത്മാഭിമാനവും അസ്തിത്വബോധവും കൂടിയാണ് കവര്‍ന്നത്. ഇത് തിരിച്ചുപിടിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഗുജറാത്ത് പ്രതീക്ഷിക്കുന്നത്. ഈ വഴിക്കു നടക്കുന്ന നീക്കങ്ങള്‍ എത്ര ചെറുതാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് ചെയ്യേണ്ടത്. തങ്ങളൊന്നാണെന്നും ശക്തരാണെന്നും ഈ രാജ്യത്തിന്റെ അവകാശികളാണെന്നും ഇരകളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് വിപുലമായ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. നന്മയുടെ വഴിയിലെല്ലാം കുനുഷ്ടും കുത്തിത്തിരിപ്പും പതിവാക്കിയ ജമാഅത്തെ ഇസ്‌ലാമി, അഹമ്മദാബാദ് സമ്മേളനത്തില്‍ വിഷം കലക്കാന്‍ വരുന്നത് ജന്മദോഷം കൊണ്ടാണ്. ഗുജറാത്തിലെ ഇരകള്‍ക്കു വേണ്ടി എന്തു ചെയ്തുവെന്നു തിരിച്ചു ചോദിച്ചാല്‍ ഫണ്ട് പിരിച്ച കഥ ജമാഅത്തുകാര്‍ പറയും. ജമാഅത്തെ ഇസ്‌ലാമിയുടെ ഫണ്ട് ഗുജറാത്തിലെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോള്‍ ഇരകളുടെ പ്രതീകം ഖുത്ബുദ്ദീന്‍ അന്‍സാരി പറഞ്ഞത്. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഫണ്ട് ഗുജറാത്തിലേക്ക് അയച്ചിരുന്നുവെന്നായിരുന്നു അമീറിന്റെ വിശദീകരണം. അതായത്, കേരളത്തില്‍നിന്നു വണ്ടികയറിയ ഫണ്ട് ഗുജറാത്തിലെത്തിയില്ല! വഴിയിലേതോ അജ്ഞാത സ്റ്റേഷനില്‍ ഫണ്ട് വണ്ടിയിറങ്ങിപ്പോയി! അപ്പോള്‍ സി പി സൈതലവിയും ഒ അബ്ദുല്ലയും പറഞ്ഞത് മാത്രമല്ല മുങ്ങുന്ന ഫണ്ടിന്റെ കഥകളെന്നര്‍ഥം.
ലൈന്‍ ബസിന്റെ കമ്പിയില്‍ തൂങ്ങിയും പാതി കാറിലും പാതി കാല്‍നടയായും പെരുഞ്ചിനപ്പള്ളിയിലെത്തിയ കാന്തപുരം അഹമ്മദാബാദിലെ ശാഹ് ആലം ഗ്രൗണ്ടില്‍ പ്രസംഗിക്കുന്നിടത്തോളം വളര്‍ന്നതോര്‍ത്ത് ജമാഅത്തുകാരുടെ തൊണ്ട വരളുകയാണ്. ലൈന്‍ ബസും പാതി കാറും നഷ്ടപ്പെട്ട് തീര്‍ത്തും കാല്‍നടക്കാരനായി എവിടെയുമെത്താതെ പോകുന്ന ഒരു കാന്തപുരമാണ് മൗദൂദി മൗലാനമാരുടെ സ്വപ്‌നത്തിലുള്ളത്. എന്തു ചെയ്യാം; കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. പെരുഞ്ചിനപ്പള്ളിയില്‍നിന്നു ശാഹ് ആലം ഗ്രൗണ്ടിലേക്കു മാത്രമല്ല; അവിടെ നിന്നു കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും ലഖ്‌നോവിലേക്കും ഡല്‍ഹിയിലേക്കും പറന്നെത്തിക്കൊണ്ടിരിക്കുന്ന കാന്തപുരത്തെയാണ് കാണേണ്ടിവന്നിരിക്കുന്നത്. അറബ് ലോകവും ദേശാന്തരീയ മുസ്‌ലിം വേദികളും ഈ കേരളീയ പണ്ഡിതന് ഇപ്പോള്‍ സുപരിചിതമാണ്. പത്ത് മുസ്‌ലിം പ്രതിഭകള്‍ ലോകത്തെവിടെ സംഗമിച്ചാലും അതിലൊരാളായി കാന്തപുരവും ഉണ്ടായിരിക്കും എന്നായിരിക്കുന്നു. മൗദൂദി മൗലാനമാര്‍ ഇനിയെന്തു ചെയ്യും; കരഞ്ഞു തീര്‍ക്കുകയല്ലാതെ.