Connect with us

International

തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

Published

|

Last Updated

കാണാതായ വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തുന്ന വിയറ്റ്‌നാം വ്യോമ സൈനികര്‍

ക്വലാലംപൂര്‍: മൂന്ന് ദിവസം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടി പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള വ്യോമ, നാവിക സൈന്യങ്ങളുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. അപകടത്തില്‍ പെട്ട് കടലില്‍ തകര്‍ന്ന് വീണിട്ടുണ്ടാകാമെന്ന ബലപ്പെട്ട സംശയത്തില്‍ വിയറ്റ്‌നാം കടലില്‍ ആരംഭിച്ച തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലും വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തത് ദുരൂഹതയുളവാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ നിന്ന് 239 പേരുമായി ശനിയാഴ്ച പുലര്‍ച്ചെ ബീജിംഗിലേക്ക് പുറപ്പെട്ട എം എച്ച് 370 എന്ന വിമാനമാണ് യാത്രക്കിടെ വിയറ്റ്‌നാമിനും മലേഷ്യക്കുമിടയിലെ വ്യോമാതിര്‍ത്തിയില്‍വെച്ച് കാണാതായത്. വിമാനം തിരിച്ചു പറന്നതായി റഡാര്‍ സിഗ്നലില്‍ കാണിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും യാത്രക്കാരില്‍ രണ്ട് പേര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്തതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.
വിമാനത്തിന് വേണ്ടുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വിമാനത്തിന്റെ ചെറിയൊരു അവശിഷ്ടമെങ്കിലും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മലേഷ്യന്‍ വ്യോമഗതാഗത മേധാവി അസ്ഹറുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമോ വിമാനം തട്ടിക്കൊണ്ടുപോയതായുള്ള വിവരങ്ങളോ ലഭിച്ചിട്ടില്ലെന്നും പാസ്‌പോര്‍ട്ട് മോഷ്ടിച്ച് യാത്ര ചെയ്തവര്‍ വിദേശ പൗരന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കാണാതായ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ മലേഷ്യന്‍ അധികൃതര്‍ ഊര്‍ജിതമാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ കുറ്റം മലേഷ്യന്‍ അധികൃതരില്‍ പഴിചാരിയാണ് ചൈനീസ് അധികൃതര്‍ സംസാരിച്ചത്. അന്വേഷണം ക്രിയാത്മകമല്ലെന്നും സംഭവത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ചൈനീസ് അധികൃതര്‍ക്ക് നല്‍കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ക്യുന്‍ ഗാംഗ് പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കളും മറ്റും ബീജിംഗിലെയും ക്വലാലംപൂരിലെയും ഹെല്‍പ്പ്‌ലൈന്‍ കേന്ദ്രങ്ങളില്‍ കാത്തിരിപ്പ് തുടരുകയാണ്. പുതിയ വിവരങ്ങള്‍ക്കായി ഏറെ വിഷമത്തോടെയും ആശങ്കയോടെയുമാണ് അവര്‍ കാത്തിരിക്കുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ പാക പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അധികൃതരുമായി ബന്ധുക്കള്‍ കയര്‍ക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
40 കപ്പലുകളിലും 34 വിമാനങ്ങളിലുമായി നൂറുകണക്കിന് വിദഗ്ധ സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

Latest