ഭീകരവാദത്തെ തുടച്ചുനീക്കും: സഊദി

Posted on: March 11, 2014 8:09 am | Last updated: March 11, 2014 at 8:09 am
SHARE

princ saudറിയാദ്: ഭീകരവാദത്തെ തുടച്ചുനീക്കാന്‍ എന്തുവിലകൊടുത്തും ശ്രമം നടത്തുമെന്ന് സഊദി അറേബ്യ. തങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ ശക്തികള്‍ക്കുമെതിരെ എല്ലാ അറബ് രാജ്യങ്ങളും ഒന്നായി നീങ്ങണമെന്നും സഊദി വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ പറഞ്ഞു. കൈറോയില്‍ അറബ് ലീഗിന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈജിപ്ത്, ബഹ്‌റൈന്‍, യമന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ നേരിടുന്ന എല്ലാ തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളെയും സഊദി തള്ളിപ്പറയുകയാണ്. സഊദിയുടെ നയം വെറും വാക്കിലൊതുങ്ങുതല്ല, മറിച്ച് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുകയാണ് ചെയ്യുന്നത്. ഭീകരവാദപ്രവര്‍ത്തനങ്ങളെയും ഇത്തരം സംഘടനകളെയും ഇല്ലാതാക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പിന്നാലെ പോകാതെ രാജ്യത്തിന്റെ ഭരണാധികാരികളെ അനുസരിക്കണമെന്നും രാജ്യ സുരക്ഷയെ അവഗണിച്ച് ആരും പ്രവര്‍ത്തിക്കരുതെന്നും ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസി ഉള്‍പ്പെടെയുള്ള പണ്ഡിതരും സഊദികളോട് ആവശ്യപ്പെട്ടു.
അതിനിടെ, മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച സഊദി അറേബ്യയുടെ നിലപാടിനോട് യു എ ഇ ഭരണാധികാരികളും പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം സംഘടനകളെ ഇല്ലാതാക്കാനുള്ള എല്ലാ വിധത്തിലുമുള്ള സഹായവും സഊദിക്ക് നല്‍കുമെന്നും യു എ ഇ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബ്രദര്‍ഹുഡ് സംഘടനയുമായി ബന്ധമുള്ള നിരവധി പേരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ യു എ ഇ ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതേ കുറ്റത്തിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച ഖത്തര്‍ സ്വദേശിയായ ഡോക്ടറെയും കോടതി ശിക്ഷിച്ചിരുന്നു.