ക്രിമിനലുകളായ എംപിമാര്‍ കൂടുതല്‍ ഝാര്‍ഖണ്ഡില്‍ നിന്ന്‌

  Posted on: March 11, 2014 1:16 am | Last updated: March 11, 2014 at 1:16 am
  SHARE

  CRIMEപതിനഞ്ചാം ലോക്‌സഭയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള എം പിമാര്‍ കൂടുതലെത്തിയത് ഝാര്‍ഖണ്ഡില്‍ നിന്ന്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള പതിനാല് എം പിമാരില്‍ ഏഴ് പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രക്കാണ് രണ്ടാം സ്ഥാനം. 48 എം പിമാരില്‍ 23 പേരാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 26 എം പിമാരുള്ള ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്. ഇവിടെ പതിനൊന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
  ബീഹാര്‍ (16), ഉത്തര്‍ പ്രദേശ് (30) എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.
  ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ ഏറ്റവുമധികം ഉള്ളത് കോണ്‍ഗ്രസിലാണ്. 48 പേര്‍. 46 ക്രിമിനലുകളുള്ള ബി ജെ പിയാണ് രണ്ടാം സ്ഥാനത്ത്. ശിവസേനയുടെ എട്ടും ജനതാദള്‍ യുനൈറ്റഡിന്റെ ഏഴും ബി എസ് പിയുടെയും എസ് പിയുടെയും ആറും എം പിമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഡി എം കെയുടെയും എ ഐ ഡി എം കെയുടെയും നാല് എം പിമാര്‍ വീതവും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
  പത്ത് എം പിമാരുള്ള ശിവസേനയില്‍ എണ്‍പത് ശതമാനം പേരും വിവിധ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നവരാണ്. ക്രിമിനല്‍ കേസ് പ്രതികളുടെ എണ്ണം ശതമാനത്തില്‍ കണക്കാക്കിയാല്‍ രണ്ടാം സ്ഥാനം ബി ജെ പിക്കാണ്. ബി ജെ പിയുടെ 112 എം പിമാരില്‍ 41.07 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മൂന്നാം സ്ഥാനം ജനതാദള്‍ യുനൈറ്റഡിനാണ്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്‌സഭാംഗമായ കാമേശ്വര്‍ ബൈത്തയുടെ പേരിലാണ് ഏറ്റവുമധികം ക്രിമിനല്‍ കേസുകളുള്ളത്. 46 എണ്ണം.