Connect with us

Ongoing News

യോഗത്തില്‍ നിന്ന് പി വി അബ്ദുല്‍ വഹാബ് ഇറങ്ങിപ്പോയത് അഭ്യൂഹത്തിനിടയാക്കി

Published

|

Last Updated

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് പി വി അബ്ദുല്‍ വഹാബ് ഇറങ്ങി പോയത് അഭ്യൂഹത്തിനിടയാക്കി. മലപ്പുറം സീറ്റിനു വേണ്ടി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നത് വഹാബായിരുന്നു. സീറ്റ് വേണമെന്ന ആവശ്യവുമായി വഹാബ് രംഗത്തെത്തി എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇ അഹ്മദിനെ മാറ്റി നിര്‍ത്തി സീറ്റ് നല്‍കിയില്ലെങ്കില്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് വഹാബ് ഭീഷണി മുഴക്കിയെന്ന് രാവിലെ മുതല്‍ ചാനലുകളില്‍ വാര്‍ത്തയും വന്നിരുന്നു. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വഹാബിന്റെ ഇറങ്ങിപോക്കും വിവാദമായത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ വഹാബ് പിന്നീട് യോഗത്തിലേക്ക് തിരിച്ചെത്തിയതുമില്ല.
എന്നാല്‍, മൂത്തമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് താന്‍ യോഗത്തില്‍ നിന്ന് പോയതെന്നായിരുന്നു വഹാബിന്റെ വിശദീകരണം. മലപ്പുറം മണ്ഡലത്തിനായി താന്‍ വാശി പിടിച്ചിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വഹാബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ഇന്നലെ വൈകുന്നേരം 4.30ന് പാണക്കാട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ വഹാബ് സ്ഥലത്തുണ്ടായിരുന്നു. വഹാബിന് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് വഹാബിനോട് പാണക്കാട്ടെത്താന്‍ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു എന്നാണറിയുന്നത്.