Connect with us

Ongoing News

പോര്‍മുഖം തുറന്ന് പൊന്നാനിക്കളരി

Published

|

Last Updated

പൊന്നാനിക്കളരിയിലെ രാഷ്ട്രീയ പോരാട്ടത്തിന് ഇത്തവണ പുതിയ മുഖമാണുള്ളത്. മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന ഇവിടെ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് എല്‍ ഡി എഫ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. തീരദേശമായ പൊന്നാനിയിലെ രാഷ്ട്രീയ മനസ്സറിയാന്‍ ഇരു മുന്നണികളും കളത്തിലിറങ്ങിക്കഴിഞ്ഞു.

മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് എം പി. ഇടി മുഹമ്മദ് ബശീര്‍ തന്നെയാകും ഇത്തവണയും യു ഡി എഫ് പാളയത്തില്‍ നിന്ന് ജനവിധി തേടുക. ഇ ടിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുമരെഴുത്തുകളും ഫഌക്‌സ് ബോര്‍ഡുകളും പൊന്നാനിയില്‍ ഉയര്‍ന്നു കഴിഞ്ഞു.
മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന മണ്ഡലത്തില്‍ എട്ട് വര്‍ഷത്തോളം കെ പി സി സി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന വി അബ്ദുര്‍റഹ്മാനെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സി പി എം രംഗത്തിറക്കിയിരിക്കുന്നത്. ഇത് യു ഡി എഫ് പാളയത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയും കെ എസ് യു ജില്ലാ ഭാരവാഹിയുമായിരുന്ന അബ്ദുര്‍റഹ്മാന്‍ പതിനഞ്ച് വര്‍ഷം തിരൂര്‍ നഗരസഭാ കൗണ്‍സിലറായി പ്രവര്‍ത്തിച്ച പരിചയമുള്ളയാളുമാണ്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് മേലുള്ള മുസ്‌ലിം ലീഗിന്റെ മേധാവിത്വത്തില്‍ മനംമടുത്ത് ഒരു മാസം മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.
പൊന്നാനിയില്‍ ലീഗ് നേതാവും സിറ്റിംഗ് എം പിയുമായ ഇ ടി മുഹമ്മദ് ബശീറിനെതിരെ ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ കാലുവാരുമോയെന്ന ഭയം മുസ്‌ലിം ലീഗിനുള്ളില്‍ നേരത്തെ തന്നെയുണ്ട്. ഇത് മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി പി എം അബ്ദുര്‍റഹ്മാനെ കളത്തിലിറക്കിയിരിക്കുന്നത്. കെ പി സി സി ഭാരവാഹിത്വം അടക്കം വഹിച്ച ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധ വോട്ടുകള്‍ നേടാനാകുമെന്നാണ് സി പി എമ്മിന്റെ കണക്ക് കൂട്ടല്‍. കെ പി സി സി മുന്‍ പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ, മലപ്പുറം ജില്ലയിലെ അടുത്ത അനുയായി കൂടിയാണ് അബ്ദുര്‍റഹ്മാന്‍.
മുസ്‌ലിം ലീഗിന്റെ ജി എം ബനാത്ത്‌വാല ഏഴ് തവണ അനായാസം വിജയിച്ചത് പൊന്നാനിയില്‍ നിന്നായിരുന്നു. 1977, 1980, 1984, 1989, 1996, 1998, 1999 വര്‍ഷങ്ങളിലാണ് അദ്ദേഹം ഇവിടെ വിജയക്കൊടി പാറിച്ചത്.
1962ല്‍ ഇ കെ ഇമ്പിച്ചിബാവ, 1967ല്‍ സി കെ ചക്രപാണി, 1971ല്‍ എം കെ കൃഷ്ണന്‍ എന്നിവര്‍ ഇടതുപക്ഷത്തേരില്‍ പൊന്നാനിയുടെ എം പിമാരായി.
1952ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്‍ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്. 1991ല്‍ ഇബ്‌റാഹിം സുലൈമാന്‍ സേട്ടും 2004ല്‍ ഇ അഹ്മദും 2009ല്‍ ഇ ടി മുഹമ്മദ് ബശീറും പൊന്നാനിയില്‍ നിന്നുള്ള മുസ്‌ലിം ലീഗിന്റെ എം പിമാരായി.
കഴിഞ്ഞ തവണ ഇടതുപക്ഷ സ്വതന്ത്രനായിരുന്ന ഹുസൈന്‍ രണ്ടത്താണിക്കെതിരെ 82,684 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ ടി മുഹമ്മദ് ബശീര്‍ സ്വന്തമാക്കിയത്. ഏഴ് മണ്ഡലങ്ങളിലും ഇ ടി മുഹമ്മദ് ബശീര്‍ വ്യക്തമായ ഭൂരിപക്ഷം നേടുകയുണ്ടായി. 2004ല്‍ 4,848 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പൊന്നായില്‍ നിന്ന് ഇ അഹ്മദ് പാര്‍ലിമെന്റിലെത്തിയത്. പാലക്കാട് ജില്ലയിലെ തൃത്താലയടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള പൊന്നാനി മണ്ഡലത്തില്‍ 11,49,386 വോട്ടര്‍മാരാണുള്ളത്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, താനൂര്‍, കോട്ടക്കല്‍, തവനൂര്‍, തൃത്താല എന്നിവയാണ് നിയമസഭാമണ്ഡലങ്ങള്‍.
തിരൂരങ്ങാടി-1,60,713, താനൂര്‍-1,47,736, തിരൂര്‍-1,75,664, കോട്ടക്കല്‍-1,75,355, തവനൂര്‍-1,64,506, പൊന്നാനി-1,65,546, തൃത്താല 1,59,866 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്കുകള്‍.
മുസ്‌ലിം ലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും നിര്‍ണായക സ്വാധീനം ചെലുത്തും. ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇ ടിക്ക് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു.
ലീഗില്‍ ആത്മവിശ്വാസം പ്രകടമാണെങ്കിലും യു ഡി എഫ്് സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങളും വികസന പ്രശ്‌നങ്ങളും തന്നെയാകും എല്‍ ഡി എഫ് പ്രചാരണായുധമാക്കുക. കഴിഞ്ഞ പ്രാവശ്യം എല്‍ ഡി എഫ് പ്രതീക്ഷിച്ച വോട്ടുകളില്‍ വിള്ളലുണ്ടായിരുന്നു. എന്നാല്‍, പഴുതടച്ച പ്രചാരണവുമായാകും എല്‍ ഡി എഫ് രംഗത്തിറങ്ങുക.
തവനൂര്‍ എം എല്‍ എ. കെ ടി ജലീല്‍ പൊന്നാനി എം എല്‍ എ. പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാകും എല്‍ ഡി എഫ് ഇവിടെ തന്ത്രങ്ങള്‍ മെനയുന്നത്. കെ ടി ജലീല്‍ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച കുറ്റിപ്പുറവും ഇ ടി മുഹമ്മദ് ബശീറിനെ സി പി എം സ്ഥാനാര്‍ഥി പി പി അബ്ദുല്ലക്കുട്ടി പരാജയപ്പെടുത്തിയ തിരൂരും പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണെന്നത് എല്‍ ഡി എഫിന് ഊര്‍ജം പകരുന്നുണ്ട്.

---- facebook comment plugin here -----

Latest