Connect with us

Ongoing News

ആര്‍ എസ് പിക്ക് പിന്നാലെ ഐ എന്‍ എല്‍; ഇടതിന് തിരിച്ചടിയാകും

Published

|

Last Updated

ആര്‍ എസ് പി ഇടതു മുന്നണി വിട്ട് പുറത്തുപോയതിന് പിന്നാലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷനല്‍ ലീഗും പിണങ്ങിയത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയായേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും ഐ എന്‍ എല്ലിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചനയുണ്ടായിരുന്നതെങ്കിലും എല്‍ ഡി എഫ് കണ്‍വീനറും ഐ എന്‍ എല്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഘടക കക്ഷിയാക്കില്ലെന്നും മുന്നണിയുമായി സഹകരിക്കണമെന്നും ഐ എന്‍ എല്‍ നേതൃത്വത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഈ നിര്‍ദേശം ഐ എന്‍ എല്‍ തള്ളിക്കളഞ്ഞതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുമായി യാതൊരു സഹകരണത്തിനും ഐ എന്‍ എല്‍ തയ്യാറാകില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുന്നത് സംബന്ധമായി തീരുമാനമെടുക്കാന്‍ ഇന്ന് ഐ എന്‍ എല്ലിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് കഴിഞ്ഞ മാസം ഐ എന്‍ എല്‍ എല്ലാ പാര്‍ലിമെന്റ് നിയോജക മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇടതു മുന്നണിയില്‍ ഘടക കക്ഷിയായി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പുറത്തുനിന്ന് പിന്താങ്ങേണ്ടെന്നും തനിച്ച് മത്സരിക്കണമെന്നുമായിരുന്നു കണ്‍വെന്‍ഷനുകളില്‍ നിന്നുയര്‍ന്നുവന്ന അഭിപ്രായം.
ഐ എന്‍ എല്‍ രൂപവത്കരിച്ച് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇടതു മുന്നണിയുടെ വിജയത്തിന് വേണ്ടി എല്ലാ തിരഞ്ഞെടുപ്പുകളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഘടക കക്ഷിയാക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു എല്‍ ഡി എഫ് കണ്‍വീനറുമായുള്ള ചര്‍ച്ച ഐ എന്‍ എല്‍ നേതൃത്വം കണ്ടിരുന്നതെങ്കിലും ഐ എന്‍ എല്ലിന്റെ പിന്തുണ മാത്രം മതിയെന്നായിരുന്നു മുന്നണിയുടെ നിലപാട്. ഇതംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വവും തയ്യാറാകുന്നില്ല.
സംസ്ഥാനത്ത് നാലിടത്ത് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനും മറ്റ് മണ്ഡലങ്ങളില്‍ സമാന മനസ്‌കരെ പിന്താങ്ങാനുമാണ് ഐ എന്‍ എല്ലിന്റെ ആലോചന. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നത്. ഇതില്‍ കാസര്‍കോട്ടും കോഴിക്കോട്ടും സ്ഥാനാര്‍ഥികളെ കുറിച്ച് ധാരണയായിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളില്‍ യു ഡി എഫിനെയോ എല്‍ ഡി എഫിനെയോ പിന്താങ്ങില്ല. ആം ആദ്മി പാര്‍ട്ടി, ആര്‍ എം പി, മറ്റ് ന്യൂനപക്ഷ ദളിത് സംഘടനകള്‍ എന്നിവയുമായി യോജിച്ചായിരിക്കും ഐ എന്‍ എല്ലിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ- പിന്നാക്ക കൂട്ടായ്മയുണ്ടാക്കി മത്സരിക്കുന്നതിന്റെ ഭാഗമായി ഈ മാസം കോഴിക്കോട്ട് ഐ എന്‍ എല്ലിന്റെ നേതൃത്വത്തില്‍ പിന്നാക്ക – ന്യൂനപക്ഷ രാഷ്ട്രീയ സമ്മേളനം നടത്തിയിരുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഘടക കക്ഷിയാക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തില്ലെങ്കില്‍ സ്വന്തമായി മത്സരിക്കുമെന്ന സൂചന നല്‍കിയാണ് രാഷ്ട്രീയ സമ്മേളനം അവസാനിച്ചത്.
ഇത് രണ്ടാം തവണയാണ് ഐ എന്‍ എല്‍ ഇടതു മുന്നണിയോട് വിട പറയുന്നത്. നേരത്തെ 2006ലായിരുന്നു ഐ എന്‍ എല്‍, എല്‍ ഡി എഫ് ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി ഐ എന്‍ എല്‍ ധാരണയുണ്ടാക്കിയിരുന്നു. ഇത് ഐ എന്‍ എല്ലില്‍ പിളര്‍പ്പിന് വഴിയൊരുക്കുകയും ചെയ്തു.
പിന്നീട് എല്‍ ഡി എഫുമായി സഹകരിക്കാന്‍ തയ്യാറായ ഐ എന്‍ എല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി പിന്തുണയോടെ മത്സരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം എല്‍ ഡി എഫിന്റെ പൊതുപരിപാടികളില്‍ ഐ എന്‍ എല്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെങ്കിലും ഘടക കക്ഷിയാവശ്യം പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി ഐ എന്‍ എല്‍ രംഗത്തുവന്നത്.
ഘടക കക്ഷിയാക്കില്ലെന്ന് ഇടതു മുന്നണിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാനാണ് പാര്‍ട്ടി നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് ലഭിച്ച ഐ എന്‍ എല്‍ വോട്ട് ഇത്തവണ നഷ്ടപ്പെടുന്നത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പൊന്നാനി, വടകര, വയനാട് മണ്ഡലങ്ങളില്‍ ഐ എന്‍ എല്ലിന് ശക്തമായ വോട്ട് സ്വാധീനമുണ്ട്. ഐ എന്‍ എല്ലിന്റെ വോട്ട് യു ഡി എഫിന് ലഭിക്കില്ലെങ്കിലും എല്‍ ഡി എഫിന് കഴിഞ്ഞ കുറെ വര്‍ഷമായി ലഭിച്ചിരുന്ന വോട്ട് നഷ്ടമാകും.

Latest