Connect with us

Ongoing News

വേദനകളുമായി ശബ്‌ന പരീക്ഷക്കെത്തി

Published

|

Last Updated

കൂത്തുപറമ്പ്: എല്ല് പൊടിയുന്ന അപൂര്‍വ രോഗവുമായി എസ് എസ് എല്‍ സി പരീക്ഷയെഴുതിയ വിദ്യാര്‍ഥിനി നൊമ്പര കാഴ്ചയായി. നരവൂര്‍ നൂഞ്ഞുമ്പായിലെ നാസര്‍-സീനത്ത് ദമ്പതികളുടെ മൂത്തമകള്‍ ഫാത്തിമത്ത് ശബ്‌നയാണ് വേദനകളുടെ ലോകത്ത് നിന്ന് ഇന്നലെ പരീക്ഷയെഴുതാനെത്തിയത്.
എല്ല് പൊടിയുന്ന രോഗവും സോറിയാസിസും ബാധിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി ചികിത്സയിലാണ് ശബ്‌ന. മംഗലാപുരത്തെ യേനപ്പോയ ആശുപത്രിയിലാണ് ചികിത്സ നടത്തുന്നത്. അതിനാല്‍ വിദ്യാലയത്തില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. കൂത്തുപറമ്പ് ബി ആര്‍ സിയിലെ അധ്യാപകരുടെ സഹായം കൊണ്ട് കുട്ടിക്ക് പഠിക്കാനാവശ്യമായ പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കിയിരുന്നു. പഠിക്കാന്‍ മിടുക്കിയായ ശബ്‌ന എസ് എസ് എല്‍ സി പരീക്ഷ എഴുതാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷക്കാവശ്യമായ സൗകര്യമേര്‍പ്പെടുത്താന്‍ കലക്ടറുടെ പ്രത്യേക ഉത്തരവെത്തി.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ആംബുലന്‍സിലാണ് ഷബ്‌ന പരീക്ഷാ ഹാളിലേക്ക് വന്നതും തിരിച്ചുപോയതും. വീട്ടിലേക്ക് നല്ല വഴി പോലുമില്ലാത്തതിനാല്‍ മാതാവ് താങ്ങിയെടുത്താണ് വാഹനത്തില്‍ എത്തിക്കുന്നത്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്‌കൂള്‍. കൂത്തുപറമ്പ് ബി ആര്‍ സി അധ്യാപകരായ പി കെ സുരേഷും റാഹിലയും ശബ്‌നയുടെ സഹായത്തിനെത്തിയിരുന്നു. നേരെ സ്‌കൂളിലെത്തിയ ശബ്‌ന പരീക്ഷയെഴുതിയതിന് ശേഷം ആംബുലന്‍സില്‍ പൂക്കോടുള്ള ബന്ധു വീട്ടിലേക്കാണ് പോയത്. സ്വന്തം വീട്ടിലേക്കുള്ള വഴി തന്നെയായിരുന്നു പ്രധാന പ്രശ്‌നം. ചികിത്സക്ക് മാത്രമായി എട്ട് ലക്ഷത്തോളം രൂപ ഇതിനകം ചെലവായി. ഓട്ടോ ഡ്രൈവറായ നാസറിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന് ഏക ആശ്രയം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് മാതാവ് സീനത്ത് പറയുന്നു.

 

---- facebook comment plugin here -----

Latest