നബിയുസ്സലാം പ്രശ്‌നോത്തരി വിജയികളെ പ്രഖ്യാപിച്ചു

Posted on: March 10, 2014 11:00 pm | Last updated: March 10, 2014 at 11:00 pm
SHARE

ദുബൈ: ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി കഴിഞ്ഞ റബീഉല്‍ അവ്വലില്‍ നടത്തിയ പ്രവാചകനെക്കുറിച്ചുള്ള പ്രശ്‌നോത്തിരിയിലെ വിജയികളെ പ്രഖ്യാപിച്ചു. അവാര്‍ഡ് കമ്മിറ്റി ആസ്ഥാനത്ത് ചെയര്‍മാന്‍ ഇബ്രാഹീം ബൂമില്‍ഹയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ അവസാനം വരെ പ്രവാചകനെക്കുറിച്ച് എഴുതിയ കവിതകളെ ആധാരമാക്കിയാണ് പ്രശ്‌നോത്തരി സംഘടിപ്പിച്ചത്.
പ്രമുഖ അറബി ദിനപത്രത്തില്‍ എഴുതിയ കവിതയെ ആധാരമാക്കി സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാവുന്നതായിരുന്നു പ്രശ്‌നോത്തിരി. ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ഉത്തരങ്ങള്‍ എഴുതിയവരില്‍ നിന്നുള്ള 10 പേരാണ് വിജയികളായത്. ഒരു ലക്ഷം ദിര്‍ഹം വരെയുള്ള കാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്.
ഇതിനു പുറമെ പങ്കെടുത്തവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നൂറു പേര്‍ക്ക് സൗജന്യമായി ഉംറ ചെയ്യാനുള്ള അവസരവും നല്‍കും. വിജയികളെ അനുമോദിക്കാനും സമ്മാനം നല്‍കാനും പ്രത്യേക സമ്മേളനം സംഘടിപ്പിക്കുമെന്ന് ഇബ്രാഹീം ബൂ മില്‍ഹ പറഞ്ഞു.
മുഹമ്മദ് സഅദ് ഖലഫുല്ല, ഇമാമുദ്ദീന്‍ അബ്ദു ഖൗസ, സഅദ് ഇസ്മാഈല്‍ അലി മഹ്മൂദ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് .