ജിയോളജി പാര്‍ക്കിലേക്ക് സന്ദര്‍ശക പ്രവാഹം

Posted on: March 10, 2014 10:37 pm | Last updated: March 10, 2014 at 10:37 pm
SHARE

അല്‍ ഐന്‍: യു എ ഇയിലെ പ്രഥമ ജിയോളജി പാര്‍ക്കിലേക്ക് ജിജ്ഞാസയോടെ ആളുകള്‍ പ്രവഹിക്കുന്നു. അല്‍ ജഹ്‌ലി ഗാര്‍ഡണിലാണ് ഉദ്യാനം സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഉദ്യാനം തുറന്നത്.
പൂര്‍ണതോതില്‍ സജ്ജമാവുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട സര്‍വ കാര്യങ്ങളും അറിയാന്‍ ഉദ്യാനം ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഉദ്യാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെങ്കിലും നിലവില്‍ ഭൂമിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന പലതും ഉദ്യാനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിവിധ സാഹചര്യത്തില്‍ പിറവിയെടുത്ത 12 കല്ലുകളുടെ പവലിയനിലാണ് കൂടുതല്‍ തിരക്ക്. അല്‍ ഐന്‍ നഗരസഭയുടെ പരിസ്ഥിതി വിഭാഗത്തിന് കീഴിലാണ് ഉദ്യാനം പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാറകളും മണ്ണും ഉള്‍പ്പെടെയുള്ള മാതൃകകള്‍ ഇവിടെ ലഭ്യമാക്കും. വിനോദസഞ്ചാരികളുടെ ഭൂമിയെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിനായി ടൂര്‍ ഗൈഡുകളെയും ഉദ്യാനത്തില്‍ നിയോഗിക്കും. ഉദ്യാനത്തില്‍ എത്തുന്നവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടിയായി ഇവര്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളും വൈവിധ്യം നിറഞ്ഞ സവിശേഷതകളോട് കൂടിയ ഭൂപ്രകൃതിയും ഉള്‍ക്കൊള്ളുന്ന യു എ ഇയെക്കുറിച്ച് അറിയാനും പഠിക്കാനും വിദ്യാര്‍ഥികള്‍ക്കും വിജ്ഞാനദാഹികള്‍ക്കും ഉദ്യാനം മുതല്‍ക്കുട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പണി പൂര്‍ത്തിയാവുന്നതോടെ അല്‍ ഐനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉദ്യാനം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ഐന്‍ നഗരസഭയുടെ വികസനത്തിനും ഗവേഷണത്തിനുമായുളള വിഭാഗം തലവന്‍ എഞ്ചി. അബ്ദുല്ല സുല്‍ത്താന്‍ അല്‍ ദെരി പ്രത്യാശ പ്രകടപ്പിച്ചു.
സന്ദര്‍ശകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് ഒമ്പത് അംഗ ഗൈഡുകളുടെ സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. ഉദ്യാനത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ഓരോ കല്ലിനെക്കുറിച്ചും വിശദമായി അറിയാന്‍ ഇവരിലൂടെ സാധിക്കും. ഓരോ കല്ലും ഉണ്ടായി വന്ന കാലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കും. ഒമ്പതംഗ സംഘത്തിന് തിയററ്റിക്കല്‍ പരിശീലനം ലഭിച്ചു കഴിഞ്ഞു. ഇനി പ്രായോഗിക പരിശീലനം നല്‍കേണ്ടതുണ്ട്. അത് ഉടന്‍ ലഭ്യമാക്കും. പരിശീലനം നേടിയ ഗൈഡുകളെല്ലാം അല്‍ ഐന്‍ നഗരസഭയുടെ ജീവനക്കാരാണ്. സന്നദ്ധസേവനത്തിന്റെ ഭാഗമായാണ് ഇവര്‍ സന്ദര്‍ശകരെ സഹായിക്കാന്‍ എത്തുക. രണ്ടു പേര്‍ വീതം രാവിലെയും വൈകുന്നേരവും രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യും.
നഗരസഭയിലെ ചുമതലകള്‍നിറവേറ്റിയ ശേഷമാവും ഇവര്‍ ഗൈഡായി സേവനം നടത്തുക. അറിവും വിശ്രമവും ഉള്‍പ്പെടുത്തിയുള്ള മാതൃകയാണ് ഉദ്യാനത്തിലൂടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ആന്‍ഡ് അസറ്റ്‌സ് വിഭാഗം ഡയറക്ടര്‍ എഞ്ചി. സുഹൈല്‍ അല്‍ മുഹൈരി പറഞ്ഞു. ഇതിലൂടെ യു എ ഇയുടെ പരിസ്ഥിതിയെക്കുറിച്ചും അവയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വൈവിധ്യങ്ങളെക്കുറിച്ചും ആഴത്തില്‍ അറിയാന്‍ സാധിക്കും. 22 വ്യത്യസ്ത വിഭാഗം പാറകളെയാണ് സസൂക്ഷ്മം നീരിക്ഷിച്ച് വ്യത്യാസം തിരിച്ചറിഞ്ഞ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഇനിയും ഒരുപാട് വസ്തുക്കള്‍ ഇവിടെ എത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.