കെജരിവാളിനൊപ്പം അത്താഴം കഴിക്കാന്‍ 20,000 രൂപ!

Posted on: March 10, 2014 12:14 pm | Last updated: March 11, 2014 at 1:05 am
SHARE

kejriwalബംഗളൂരു: അഴിമതിക്കും ധൂര്‍ത്തിനുമെതിരായ സമരങ്ങളിലൂടെ ശ്രദ്ധേയനായ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനൊപ്പം അത്താഴം കഴിക്കാന്‍ 20,000 രൂപ. ആം ആദ്മി പാര്‍ട്ടിക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് പാര്‍ട്ടിയുടെ കര്‍ണാടക ഘടകം പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കര്‍ണാടകയിലെത്തുന്ന കെജരിവാളിനൊപ്പം ഒന്നാം തരം ഹോട്ടലിലാണ് അത്താഴ വിരുന്ന് ഒരുക്കുക.

മാര്‍ച്ച് 15ന് നഗരത്തിലെ പ്രമുഖ ഹോട്ടലിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. 20,000 രൂപ നല്‍കി അത്താഴം ബുക്ക് ചെയ്താല്‍ കെജരിവാളിനൊപ്പം ഒരു മണിക്കൂര്‍ നേരം ആശയവിനിമയും നടത്താം. സിനിമ, കോര്‍പ്പറേറ്റ് മേഖലകളിലെ പ്രമുഖര്‍ അത്താഴവിരുന്നില്‍ പങ്കെടുത്ത് പാര്‍ട്ടിക്ക് സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് എ എ പി കര്‍ണാടക വക്താവ് രോഹിത് രഞ്ജന്‍ പറഞ്ഞു.

ഒരു വ്യക്തിക്ക് 20,000 രൂപ നിരക്കില്‍ 200 പേരില്‍ നിന്ന് 40 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.