Connect with us

Kerala

സംസ്ഥാനത്ത് ഇനി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരേ നിരക്കില്‍ പാചകവാതകം

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതല്‍ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഒരേ നിരക്കില്‍ പാചകവാതകം ലഭിക്കും. പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന മുന്‍തീരുമാനം മരവിപ്പിക്കാന്‍ ധാരണയായത്.

എന്നാല്‍ ബില്ലിങ് സോഫ്റ്റവെയര്‍ മാറ്റുന്നതിലെ കാലതാമസം ഇനിയും നീങ്ങിയിട്ടില്ലെന്ന് ഗ്യാസ് വിതരണ ഏജന്‍സികള്‍ പറയുന്നു. ഇതുമൂലം ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് കൊച്ചിയില്‍ സിലിണ്ടറിന് 1131 രൂപ 50 പൈസ നല്‍കേണ്ടിവന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചമുതല്‍ വിതരണം നിര്‍ത്തിവച്ച് ആധാറിനുമുന്‍പുള്ള പഴയ ബില്ലിങ് സമ്പ്രദായത്തിലേക്ക് മാറാന്‍ വിതരണ ഏജന്‍സികളോട് എണ്ണക്കമ്പനികള്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സോഫ്റ്റവെയറില്‍ മാറ്റം വരുത്തിത്തുടങ്ങിയെങ്കിലും കാലതാമസം മൂലം ജോലികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് മിക്ക ഗ്യാസ് ഏജന്‍സികളും പരാതിപ്പെടുന്നു. മൂന്നു ഘട്ടങ്ങളായാണ് സോഫ്റ്റവെയര്‍ മാറ്റുന്നത്. ഇതില്‍ ആദ്യത്തെ ഘട്ടംപോലും പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് ചില ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം എത്രത്തോളം കാര്യക്ഷമമായി സിലിണ്ടര്‍ വിതരണം ചെയ്യാനാകുമെന്ന ആശങ്കയിലാണ് ഏജന്‍സികള്‍.

 

Latest