Connect with us

Wayanad

അങ്കണ്‍വാടി ജീവനക്കാരെയും ആശാ വര്‍ക്കര്‍മാരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്

Published

|

Last Updated

കല്‍പ്പറ്റ: അസംഘടിതരായ പരമ്പരാഗത വ്യവസായിക മേഖലയിലെ തൊഴിലാളികള്‍, അങ്കണ്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രേരക്മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് അധികവരുമാനം ഉറപ്പുവരുത്താന്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍.
ദേശീയതലത്തില്‍ മിനിമം വേതനം 330 രൂപയാക്കാനിരിക്കുകയാണ്. എന്നാല്‍ തുച്ഛമായ വേതനം മാത്രമാണ് അസംഘടിതമേഖലയിലുള്ളവര്‍ക്ക് ലഭിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വരുമാനം കൂടി ലഭിക്കുന്നതോടെ ഇവരുടെ വരുമാനം മിനിമം വേതനത്തിനൊപ്പമാകും.
ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനും യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കും നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പ്രത്യുല്‍പാദനപരമായ ജോലി മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിച്ചാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
തൊഴിലുടമയില്‍ നിന്നു മാന്യമായ വേതനം തൊഴിലാളിക്ക് ഉറപ്പാക്കുന്നതിനു പകരം രാജ്യത്തെ ജനങ്ങളുടെ നികുതിപണം തൊഴിലുറപ്പിലൂടെ ഇത്തരത്തില്‍ ചെലവഴിക്കണമെന്ന ആവശ്യത്തിലെ യുക്തി സംബന്ധിച്ച ചോദ്യത്തിന് തൊഴിലുടമക്ക് ഒരിക്കലും അങ്ങനെ വേതനം നല്‍കാന്‍ കഴിയില്ലെന്നും തൊഴിലാളിയും മുതലാളിയും സര്‍ക്കാരും ചേര്‍ന്നാണ് വേതനം നിശ്ചയിക്കുന്നതെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. വിവിധ കേന്ദ്ര, സംസ്ഥാന സ്‌കീമുകളില്‍ അഞ്ചുവര്‍ഷം ജോലി ചെയ്തവരുടെ ജോലി സ്ഥിരം സ്വഭാവമുള്ളതായി കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിലെ ഏറ്റവും കുറഞ്ഞ വേതനത്തിന് തുല്യമായ വേതനം ഇവര്‍ക്ക് നല്‍കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, ഗോകുല്‍ദാസ് കോട്ടയില്‍, പി.എം. പ്രസന്നസേനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.