ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: മലപ്പുറത്ത് ഇ അഹമ്മദ്, പൊന്നാനിയില്‍ ഇ ടി

Posted on: March 10, 2014 1:35 pm | Last updated: March 11, 2014 at 1:05 am
SHARE

basheer and ahmed

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ അഹമ്മദും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും തന്നെ മത്സരിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.  പാര്ട്ടി പ്രസിഡനറ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പാണക്കാട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ദേശീയ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തിത്വമെന്ന നിലയില്‍ മതേതര ശക്തിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് ഇ അഹമ്മദിനെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതെന്ന് തങ്ങള്‍ വ്യക്തമാക്കി.

ഇ അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതയാണ് ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാനിടയാക്കിയത്. ഇ അഹമ്മദിനെ മാറ്റണമെന്ന് മുഴുവുന്‍ മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്‍മാറാന്‍ അഹമ്മദ് തയ്യാറായിരുന്നില്ല.

അവസാന നിമഷവും പിന്‍മാറാന്‍ ഇ അഹമ്മദ് തയ്യാറാവത്തതിനെ തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ അനുനയ നീക്കത്തെ തുടര്‍ന്നാണ് അഹമ്മദിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനമായത്. വളരെ വികാരപരമായാണ് അഹമ്മദ് സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസാരിച്ചത്. സ്ഥാപക നേതാവായ തന്നെ അവസാന നിമിഷം മാറ്റി അപമാനിക്കരുതെന്ന് അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു.

ഇ അഹമ്മദ് മല്‍സരിക്കുന്നില്ലെങ്കില്‍ തന്നെ മല്‍സരിപ്പിക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിഗണിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം അറിയിക്കുകയായിരുന്നു.