കൊല്ലത്ത്‌ ഇടതിന് ഇത്തവണ അഭിമാന പോരാട്ടം

Posted on: March 10, 2014 7:40 am | Last updated: March 10, 2014 at 7:40 am
SHARE

Kollam LCജില്ലയിലെ ഒന്നര ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികള്‍ സ്വീകരിക്കുന്ന സമീപനവും സാമുദായിക സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുമായിരിക്കും കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ ജയ പരാജയങ്ങള്‍ നിര്‍ണയിക്കുക. 1951ല്‍ തുടങ്ങുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം. തുടക്കത്തില്‍ ആര്‍ എസ് പിയിലെ എന്‍ ശ്രീകണ്ഠന്‍ നായരുടെ കുത്തക സീറ്റായിരുന്നു ഈ മണ്ഡലം. അഞ്ച് തവണയാണ് ശ്രീകണ്ഠന്‍ നായര്‍ കൊല്ലത്തെ പ്രതിനിധാനം ചെയ്ത് ലോക്‌സഭയിലെത്തിയത്. പുറത്തുനിന്നുവന്ന ബി കെ നായരോട് ആറാം അങ്കത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ശ്രീകണ്ഠന്‍ നായര്‍ പിന്നീട് പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് കീഴടങ്ങിയതിന്റെ ഫലമായി പാര്‍ട്ടി പിളരുകയും ആര്‍ എസ് പിക്ക് തുടര്‍ച്ചയായി മൂന്ന് തവണ പരാജയം രുചിക്കേണ്ടി വരികയും ചെയ്തു.

1952ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അഭിമാനാര്‍ഹമായ വിജയം നേടിയാണ് ശ്രീകണ്ഠന്‍ നായര്‍ ലോക്‌സഭയിലെത്തിയത്. പിന്നീട് 1962ലും 1971ലും 1977ലും ആര്‍ എസ് പി ടിക്കറ്റിലും 1967ല്‍ സ്വതന്ത്രനായും മത്സരിച്ച് ശ്രീകണ്ഠന്‍ നായര്‍ വിജയക്കൊടി പാറിച്ചു. 1957ല്‍ സി പി ഐയിലെ കൊടിയനും 1980ല്‍ കോണ്‍ഗ്രസിലെ ബി കെ നായരും കൊല്ലം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മൂന്ന് തവണ കോണ്‍ഗ്രസിലെ എസ് കൃഷ്ണകുമാറിനോടൊപ്പമായിരുന്നു കൊല്ലം ലോക്‌സഭാ മണ്ഡലം. 1984ലും 1989ലും 1991ലും എസ് കൃഷ്ണകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, പിന്നീട് സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. 1996ലും 98ലും നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രനിലൂടെ മണ്ഡലം ആര്‍ എസ് പി തിരിച്ചുപിടിച്ചു. ഇതിനിടയില്‍ ആര്‍ എസ് പി പിളരുകയും പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുകയും ചെയ്തു. ഇത് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന വേരോട്ടം നഷ്ടപ്പെടാനിടയാക്കി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.
1999ലും 2004ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിലെ പി രാജേന്ദ്രനാണ് വിജയിച്ചത്. ആദ്യ തിരഞ്ഞെടുപ്പില്‍ 19,824 വോട്ടിന്റെ ഭൂരിപക്ഷവും 2004ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമാണ് രാജേന്ദ്രന്‍ സ്വന്തമാക്കിയത്. 2009ല്‍ മൂന്നാം അങ്കത്തിനിറങ്ങിയ രാജേന്ദ്രനെ 17,531 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എന്‍ പീതാംബരക്കുറുപ്പ് അടിയറവ് പറയിപ്പിച്ചു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിച്ച ഭൂരിപക്ഷം 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം എന്നീ എട്ട് മണ്ഡലങ്ങളില്‍ യു ഡി എഫ് വ്യക്തമായ ലീഡ് നേടിയപ്പോള്‍ പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍ എന്നീ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ ഡി എഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത്.
2010ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിന്റെ ശക്തമായ തിരിച്ചുവരവാണ് പ്രകടമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍, ചടയമംഗലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ എട്ട് മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോള്‍ പത്തനാപുരം, കുന്നത്തൂര്‍, ചവറ എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് ഐക്യമുന്നണിക്കൊപ്പം നിന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ് യു ഡി എഫിന് തുണയായത്. മത്സരിച്ച ഒരു സീറ്റുകളില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞില്ല. ചവറയില്‍ നിന്ന് വിജയിച്ച ഷിബു ബേബിജോണ്‍ ( ആര്‍ എസ് പി- ബി), പത്തനാപുരത്ത് നിന്ന് വിജയിച്ച കെ ബി ഗണേഷ്‌കുമാര്‍ ( കേരള കോണ്‍ഗ്രസ്- ബി) എന്നിവര്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു ഡി എഫിന്റെ മാനം കാത്തത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ (പത്തനാപുരം) മാത്രമാണ് യു ഡി എഫിന് വിജയിക്കാന്‍ കഴിഞ്ഞത്.
ചവറ, കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം, ചടയമംഗലം, കുണ്ടറ, പുനലൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 11,95,763 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 6,33,859 പേര്‍ സ്ത്രീകളും 5,61,904 പേര്‍ പുരുഷന്മാരുമാണ്. മൊത്തം 1,119 വോട്ടെടുപ്പ് കേന്ദ്രങ്ങളുണ്ട്. പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ കൊല്ലം പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്നര ലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളുടെ വോട്ടായിരിക്കും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുക. തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞുവരുന്നത് ജില്ലയിലെ കശുവണ്ടി തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആഴ്ചയില്‍ ആറ് ദിവസം പണി നടക്കേണ്ടിടത്ത് മിക്ക കശുവണ്ടി ഫാക്ടറികളിലും രണ്ട് ദിവസം മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്.
സി പി എം പോളിറ്റ് ബ്യൂറോ അംഗവും നിയമസഭാ സാമാജികനുമായ എം എ ബേബിയാണ് ഇത്തവണ ഇടതു മുന്നണി സ്ഥാനാര്‍ഥി. കൊല്ലം സീറ്റ് വിട്ടുകിട്ടണമെന്ന ആര്‍ എസ് പിയുടെ ആവശ്യം സി പി എം നിരാകരിച്ചതോടെ ആര്‍ എസ് പി ഇടതു മുന്നണി വിട്ട് സ്വതന്ത്രമായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ എസ് പിയെ യു ഡി എഫില്‍ എടുക്കുന്ന കാര്യത്തിലും തത്വത്തില്‍ ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കില്‍ ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രനായിരിക്കും യു ഡി എഫ് സ്ഥാനാര്‍ഥി. എന്‍ കെ പ്രേമചന്ദ്രന് കൊല്ലം ഡി സി സിയുടെ പൂര്‍ണ പിന്തുണയുണ്ട്.
ആര്‍ എസ് പിയുടെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്ത് സിറ്റിംഗ് എം പിയായ പീതാംബരക്കുറുപ്പും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് നേതൃത്വം.
ബാബു ദിവാകരന്റെയും ഷിബു ബേബിജോണിന്റെയും എ വി താമരാക്ഷന്റെയും നേതൃത്വത്തില്‍ മൂന്നായി പിളര്‍ന്ന ആര്‍ എസ് പിക്ക് ഇപ്പോള്‍ ജില്ലയില്‍ കാര്യമായ സ്വാധീനമില്ലാത്ത അവസ്ഥയാണുള്ളത്. സ്വാധീന ശക്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ആര്‍ എസ് പിക്ക് സീറ്റ് വിട്ടുനല്‍കാന്‍ സി പി എം തയ്യാറാകാത്തതെന്നാണ് വിലയിരുത്തല്‍.
ബി ജെ പി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇതുവരെയും ധാരണയായിട്ടില്ല. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. സുരേഷ് ഗോപി, സി വി ആനന്ദബോസ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.