ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; പിറ്റേന്ന് ബി ജെ പിയില്‍

    Posted on: March 10, 2014 7:37 am | Last updated: March 10, 2014 at 7:37 am
    SHARE

    congress-bjpമുംബൈ: കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥി ബി ജെ പിയില്‍ ചേരാന്‍ സമ്മതിച്ചു. വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനും മധ്യപ്രദേശിലെ ഭിന്ദ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡോ. ഭഗീരഥ് പ്രസാദാണ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ശനിയാഴ്ച കോണ്‍ഗ്രസ് പുറത്തു വിട്ട 194 പേരുടെ പട്ടികയിലാണ് ഭഗീരഥിനെ ഉള്‍പ്പെടുത്തിയിരുന്നത്.
    ഇതേ സീറ്റില്‍ 2009ല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഭഗീരഥ് പാര്‍ട്ടിയിലെ വിഭാഗീയത ആരോപിച്ചാണ് പാര്‍ട്ടി വിട്ടത്. വിഭാഗീയത മൂലം ജനസേവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയേയും പ്രകീര്‍ത്തിച്ച് സംസാരിച്ച ഭഗീരഥ് ബി ജെ പിയിലൂടെ മാത്രമേ ജനക്ഷേമം വരികയുള്ളൂവെന്നും വ്യക്തമാക്കി.
    ഭഗീരഥിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത ബി ജെ പി സംസ്ഥാന പ്രസിഡന്റ് ഭഗീരഥിനെ ഭിന്ദില്‍ നിന്ന് മത്സരിപ്പിക്കണോ എന്ന കാര്യം മാര്‍ച്ച് പന്ത്രണ്ടിന് ചേരുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം എടുക്കുമെന്ന് അറിയിച്ചു. ബി ജെ പി തങ്ങളുടെ പ്രവര്‍ത്തകരെ പണം കൊടുത്ത് വശീകരിച്ചെന്നും ബി ജെ പിയില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് ഭഗീരഥ് പോയതെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ യാദവ് ആരോപിച്ചു.