Connect with us

Articles

ഒരു രാസ മാലിന്യം വന്‍ ദുരന്തം വിതക്കും മുമ്പ്

Published

|

Last Updated

തീപ്പെട്ടിക്കമ്പനികള്‍, സ്‌ഫോടക വസ്തുക്കള്‍, പടക്കക്കമ്പനികള്‍, വെടിക്കെട്ട്, തുകല്‍ ഊറക്കിടുന്ന സ്ഥലങ്ങള്‍, പെയ്ന്റ് വ്യവസായ കേന്ദ്രങ്ങള്‍, പേപ്പര്‍- പള്‍പ്പ് വ്യവസായം എന്നിവയില്‍ നിന്നെല്ലാം പെര്‍ക്ലോറേറ്റ് എന്ന രാസ മാലിന്യം കുടിവെള്ളത്തില്‍ എത്താന്‍ ഏറെ സാധ്യതയുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് ആലുവക്കടുത്ത് കീഴ്മാട് പഞ്ചായത്തിലെ കുളക്കാട്ടും പരിസരങ്ങളിലുമുള്ള കിണറുകളിലെയും കുളങ്ങളിലെയും വെള്ളം പരിശോധിക്കാന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍ ഐ ഐ ഡി എസ് ടി) എന്ന തിരുവനന്തപുരത്തെ ഡി എസ് ഐ ഐര്‍ സ്ഥാപനലം തുനിഞ്ഞതെന്നാണ് കരുതേണ്ടത്. ഇവിടെ തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണമുണ്ട്. ഇവിടെയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ കീഴിലുള്ള വി എസ് എസ് സിയുടെ അമോണിയം പെര്‍ക്ലോറേറ്റ് പരീക്ഷണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ടൈറ്റാനിയം അടിസ്ഥാന വസ്തുവായി ലെഡ് ഡൈയോ ക്ലൈഡ് ആനോഡായി അമോണിയം പെര്‍ക്ലോറേറ്റ് ഉണ്ടാക്കുന്ന പ്ലാന്റായതിനാല്‍ പെര്‍ക്ലോറേറ്റ് ചോര്‍ച്ചക്ക് വഴിയുണ്ടെന്ന നിഗമനത്തിലായിരുന്നു ഇത്.
കുടിവെള്ളം, നീന്തല്‍ കുളങ്ങള്‍, പാല്‍, പച്ചക്കറികള്‍ എന്നിവയിലൂടെ മുതിര്‍ന്ന ആളുകളിലും മുലപ്പാലിലൂടെ നവജാത ശിശുക്കളിലും വരെ പെര്‍ക്ലോറേറ്റ് എത്തിച്ചേരാവുന്നതാണ്. പെര്‍ക്ലോറേറ്റ് രക്തത്തിലെത്തുമ്പോള്‍ തൈറോയിഡ് ഗ്രന്ഥിയിലേക്കുള്ള ഐഡിന്റെ ഒഴുക്ക് തടയും. അയഡിന്റെ അഭാവത്താല്‍ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുകയും വലിപ്പം കുറയുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് ഹൈപ്പോ തൈറോയ്ഡിസം എന്ന് വിളിക്കുന്നത്. ആലുവക്കടുത്ത കീഴ്മാട് പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍ നിന്നും ശേഖരിച്ച ജല സാംപിളുകളില്‍ 38000 മുതല്‍45,000 വരെ മൈക്രോഗ്രാം പെര്‍ക്ലോറേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പെര്‍ക്ലോറേറ്റിന്റെ അളവ് ഒരു ലിറ്റര്‍ വെള്ളത്തില്‍ അനുവദനീയമായത് പരമാവധി 15 മൈക്രോ ഗ്രാം മാത്രമാണെന്നിരിക്കെ വളരെ കൂടുതലായി വെള്ളത്തില്‍ പെര്‍ക്ലോറേറ്റ് കാണുന്നത് ഇതിന്റെ ഭവിഷ്യത്തുകള്‍ അറിയുന്ന ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരിക്കയാണ്. എന്‍ ഐ ഐ ഡി ടിയുടെ പഠന റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത് പ്രൊജക്ട് കാലാവധി തീരുന്ന 2017ലാണെന്നാണ് പറയുന്നത്. എന്നാല്‍, പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഈ സ്ഥാപനം പഞ്ചായത്ത് അധികാരികളെ വിവരം ധരിപ്പിച്ചു കഴിഞ്ഞു. തൈറോയിഡ് ഗ്രന്ഥി പ്രവര്‍ത്തനം കുറഞ്ഞാല്‍ തൈറോയിഡ് ഹോര്‍മോണുകളായ ലിയോതൈറോനിന്‍, ലെവോ തൈറോക്‌സിന്‍ എന്നിവയുടെ ഉത്പാദനം നിലക്കും. ഇത് ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ സാവധാനമാക്കും. തലച്ചോറിലെ പിറ്റൂറ്ററി ഗ്രന്ഥി, ഹൈപ്പോതലാമസ് ഗ്രന്ഥി, കഴുത്തിലെ തൈറോയിഡ് ഗ്രന്ഥി എന്നിവയാണ് ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ഹോര്‍മോണുകളാല്‍ നിയന്ത്രിക്കുന്നത്. ഇവ മൂന്നും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ശരീര പ്രകൃതികള്‍ സ്വോഭാവികമായി നടക്കുകയുള്ളൂ. വളര്‍ച്ചാ നിയന്ത്രണം, ശരീര സിസ്റ്റങ്ങളുടെ നിയന്ത്രണം, തലച്ചോറിലെ കോശനിര്‍മാണം, ജനനവൈകല്യ നിയന്ത്രണം, കുട്ടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ തൈറോയിഡില്‍ നിന്നുള്ള ഹോര്‍മോണുകളാണ് നിയന്ത്രിക്കുന്നത്. ഹൈപ്പോ തൈറോയിഡിസം ഓര്‍മക്കുറവിനും സ്ത്രീകളില്‍ വന്ധ്യതക്കും ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചാക്കുറവിനും നവജാത ശിശുക്കളുടെയും കുട്ടികളുടെയും തലച്ചോറിന്റെ വികസനത്തിനും തൈറോയിഡ് ഹോര്‍മോണുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നവജാത ശിശുക്കളില്‍ ബുദ്ധിമാന്ദ്യത്തിനു വരെ ഹൈപ്പോതൈറോയിഡിസം വഴി വെക്കുന്നുണ്ട്.
കീഴ്മാട് പഞ്ചായത്തിലെ വെറും 150 കിണറുകള്‍ പരിശോധിച്ചതില്‍ 40 എണ്ണത്തില്‍ കൂടിയ തോതില്‍ പെര്‍ക്ലോറേറ്റ് കണ്ടെത്തി. ആരോഗ്യ സര്‍വേയില്‍ 1300 ആളുകളെ പരിശോധിച്ചതില്‍ 60 പേര്‍ക്കെങ്കിലും ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഈ പ്രദേശങ്ങളിലെ കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതിലുള്ള പൊട്ടാസിയം പെര്‍ക്ലോറേറ്റിന്റെ സാന്നിധ്യത്തിനാണ് സാധ്യതയുള്ളത്. കാരണം, തൊട്ടടുത്ത് ഐ എസ് ആര്‍ ഒയുടെ (എ പി ഇ പി) അമോണിയം പെര്‍ക്ലോറേറ്റ് പരീക്ഷണ പ്ലാന്റില്‍ ഇത് ഉത്പാദിപ്പിക്കുന്നുണ്ട്. പൊട്ടാസിയം പെര്‍ക്ലോറേറ്റ് പ്ലാന്റിലെ അപകടങ്ങള്‍ വഴിയോ മലിനജലത്തിലൂടെയോ ഭൂഗര്‍ഭ ജലത്തിലെത്താവുന്നതാണ്. പൊട്ടാസിയം പെര്‍ക്ലോറേറ്റ് ശരീരത്തിലെത്തിയാല്‍ എല്ലിനകത്തെ മജ്ജ, രക്തകോശങ്ങള്‍ നിര്‍മിക്കുന്നത് തടയും. ഇതിനെ ഹൈപ്പോതൈറോക്‌സിനേമിയ എന്നാണ് പൊതുവേ പറയുക. ഇത് മൂലം വിളര്‍ച്ച, വിഷാദരോഗം, മുടി കൊഴിച്ചില്‍ തുടങ്ങിയ മറ്റു രോഗലക്ഷണങ്ങളും ആളുകളില്‍ ഉണ്ടാകും. 2011 ജനുവരിയില്‍ തന്നെ കുളക്കാട് പ്രദേശത്ത് പെര്‍ക്ലോറേറ്റ് മലിനീകരണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പറത്തുവന്നതാണ്. അന്ന് ഗവേഷണാര്‍ഥം ഐ എസ് ആര്‍ ഒ പരിസരത്തെ ജലസാമ്പിളുകള്‍ പരിശോധിച്ച് പെര്‍ക്ലോറേറ്റ് സാന്നിധ്യം സ്ഥിരീകരിച്ചതാണ്. എന്നാല്‍, അധികാരികള്‍ നടപടിയൊന്നും സ്വീകരിച്ചില്ല. കീഴ്മാടിന്റെ മറ്റു പ്രദേശങ്ങളില്‍ വ്യാപകമായ ജലപരിശോധനയും ആരോഗ്യ സര്‍വേയും കാര്യക്ഷമമായി നടക്കാത്തതിനാല്‍ പെര്‍ക്ലോറേറ്റ് മലിനീകരണത്തിന്റെ വ്യാപ്തി ഇനിയും മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല.
പെര്‍ക്ലോറേറ്റിന്റെ സാന്നിധ്യം മനസ്സിലായ സ്ഥലങ്ങളിലും സര്‍ക്കാറിന്റെയോ ഐ എസ് ആര്‍ ഒയുടെയോ കാര്യമായ ഇടപെടല്‍ നടക്കാത്തതിനാല്‍ പ്രദേശവാസികള്‍ പെര്‍ക്ലോറേറ്റ് അടങ്ങിയ മലിനജലം കുളിക്കാനും കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഇപ്പോഴും ഉപയോഗിക്കുന്നു എന്നത് ഭീതിജനകമായ കാര്യമാണ്. മലിനീകരണത്തിന്റെ യഥാര്‍ഥ ഉറവിടം ഇനിയും കണ്ടെത്തേണ്ടതുണ്ട്. ജലസ്രോതസ്സുകളില്‍ പെര്‍ക്ലോറേറ്റ് എത്തുന്നത് തടയാനുള്ള നടപടികളാണാവശ്യം. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തം കണ്ട ഒരു തലമുറയെന്നതിനാല്‍ ഇനിയും മറ്റൊരു ദുരന്തം കാണാന്‍ ഇട നല്‍കരുത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കീഴ്മാട് പ്രദേശം സന്ദര്‍ശിക്കുകയും ഹൈപ്പോതൈറോയ്ഡിസം ബാധിച്ചവരുടെ കണക്കെടുക്കുകയും ചികിത്സകള്‍ ആരംഭിക്കുകയും വേണം.
ഇരകള്‍ക്ക് നഷ്ടപരിഹാരവും പ്രദേശവാസികള്‍ക്ക് ശുദ്ധജലവും ലഭ്യമാക്കണം. ബൈയോറെമെഡിയേഷന്‍ വഴി ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ നിന്നും പെര്‍ക്ലോറേറ്റ് മാലിന്യം ശാശ്വതമായി ഇല്ലായ്മ ചെയ്യാനുള്ള നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കണം. കൂടുതല്‍ വ്യാപകമായി പെര്‍ക്ലോറേറ്റ് മലിനീകരണം നടക്കാതിരിക്കാനും നടപടി വേണം. ജനങ്ങളുടെ ആശങ്കക്ക് പരിഹാരവും മലിനീകരണം തടയുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കേണ്ടത് പ്രദേശിക ഭരണകൂടങ്ങളുടെയും ജില്ലാ, സംസ്ഥാന സര്‍ക്കാറുകളുടെയും ചുമതലയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ കീഴ്മാടിലെയും പ്രാന്തപ്രദേശങ്ങളിലെയും പെര്‍ക്ലോറേറ്റ് മലിനീകരണത്തിന് പരിഹാരം വേണം.

Latest