ആര്‍ എസ് പി. ഇനി യു ഡി എഫില്‍; അന്തിമ തീരുമാനം ചൊവ്വാഴ്ച

Posted on: March 9, 2014 10:08 pm | Last updated: March 10, 2014 at 11:45 am
SHARE

RSP-Officeതിരുവനന്തപുരം: ഇടതുമുന്നണി വിട്ട ആര്‍ എസ് പിയെ യു ഡി എഫിലെടുക്കാന്‍ ധാരണയായി. ആര്‍.എസ്.പി – കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഉപാധികള്‍ ആര്‍ എസ് പി അംഗീകരിച്ചതായാണ് സൂചന. മറ്റന്നാള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

നാളെ നടക്കുന്ന കെ.പി.സി.സി നിര്‍വ്വാഹക സമിതി യോഗം ആര്‍.എസ്.പിയുടെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ യു.ഡി.എഫ് ഉന്നതാധികാര യോഗവും കൂടി അംഗീകാരം നല്‍കുന്നതോടെ ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശം പൂര്‍ത്തിയാകും.

ആര്‍ എസ് പി കൊല്ലം സീറ്റില്‍ വിജയിച്ചാല്‍ യു പി എയെ പിന്തുണക്കണമെന്ന ഉപാധിയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട്‌വെച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി എന്‍.കെ പ്രേമചന്ദ്രന്‍ മത്സരിക്കാനും പ്രേമചന്ദ്രന് യു.ഡി.എഫ് പിന്തുണ നല്‍കാനും ധാരണയായിട്ടുണ്ട്.

മൂന്നര പതിറ്റാണ്ടിന്റെ ബന്ധം വിച്ഛേദിച്ചാണ് ആര്‍ എസ് പി. യു ഡി എഫ് പാളയത്തിലെത്തുന്നത്. ആര്‍.എസ്.പി യു.ഡി.എഫില്‍ വരുന്നതിനെതിരെ ചില എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. കൊല്ലം സിറ്റിംഗ് എം.പി പീതാംബരക്കുറുപ്പ്, ഐ.എന്‍.ടി.യുസി നേതൃത്വം, കെ.മുരളീധരന്‍ എന്നിവരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ എതിര്‍പ്പുകള്‍ കോണ്‍ഗ്രസ് നേതൃത്വം കാര്യമാക്കുന്നില്ല.