കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തില്‍ മനംനൊന്ത് ബി ജെ ഡിയിലേക്ക്‌

    Posted on: March 9, 2014 1:24 am | Last updated: March 9, 2014 at 1:24 am
    SHARE

    odishaഭുവനേശ്വര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒഡീഷ നിയമസഭയിലെ പ്രതിപക്ഷ നേതാവമായ ഭുപിന്ദര്‍ സിംഗ് ബിജു ജനതാദളില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എം എല്‍ എ അനൂപ് സായിയും അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിട്ടു. ഇരുവരെയും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇരു നേതാക്കളും പാര്‍ട്ടിയുടെ അംഗങ്ങളായെന്നും ഒഡീഷയുടെ വികസനത്തിന് ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.
    കോണ്‍ഗ്രസിനെ ഗ്രൂപ്പിസം വിഴുങ്ങിയിരിക്കയാണെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും ഭുപിന്ദര്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് ദിവസമായി ഭുപിന്ദര്‍ സിംഗ് പാര്‍ട്ടി വിടുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചരുന്നു. അഞ്ച് ദിവസം മുമ്പ് മൗനം വെടിഞ്ഞ സിംഗ് പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനെതിരെ തുറന്നടിച്ച് പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കി.
    നിരവധി ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍ ഈയിടെ ബി ജെ ഡിയില്‍ ചേര്‍ന്നിരുന്നു. ഒഡീഷ രാഷ്ട്രീയത്തില്‍ ബി ജെ ഡി കൂടുതല്‍ കരുത്താര്‍ജിക്കുന്ന ചിത്രമാണ് തെളിയുന്നത്. കോണ്‍ഗ്രസ് നേതാക്കളെ പട്‌നായിക് ചാക്കിട്ട് പിടിക്കുകയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശരത് റോത്ത് ആരോപിച്ചു.