Connect with us

Ongoing News

എന്‍ ഡി എക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും കേവല ഭൂരിപക്ഷത്തിലെത്തില്ലെന്ന് സര്‍വേ. എന്‍ ഡി എ 212 മുതല്‍ 232 വരെ സീറ്റുകള്‍ നേടുമെന്ന് സി എന്‍ എന്‍- ഐ ബി എന്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ 119 മുതല്‍ 139 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റുകള്‍ നേടുമെന്നും (193-213) സര്‍വേ അവകാശപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന് 94 മുതല്‍ 110 വരെ സീറ്റുകള്‍ മാത്രമേ കരസ്ഥമാക്കാനാകുകയുള്ളൂ.
ലോക്‌സഭയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആയിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്. ഇരുപത് മുതല്‍ 28 വരെ സീറ്റ് തൃണമൂല്‍ നേടും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെ 14 മുതല്‍ ഇരുപത് വരെ സീറ്റ് നേടി നിര്‍ണായക ശക്തിയാകും. ഇടതു പാര്‍ട്ടികള്‍ 15- 23 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റ് മാത്രമേ പാര്‍ട്ടി നേടൂ. നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും വന്‍ നഷ്ടം സഹിക്കേണ്ടി വരും. പരമാവധി അഞ്ച് സീറ്റേ ജനതാദള്‍ യുവിന് ലഭിക്കൂവെന്ന് സര്‍വേ വ്യക്തമാക്കുന്നു. ആറ് സംസ്ഥാനങ്ങളിലെ 138 പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ നിന്നായി 9104 വോട്ടര്‍മാരെയാണ് സര്‍വേക്ക് വേണ്ടി നേരിട്ട് കണ്ടത്.

Latest