Connect with us

Ongoing News

കമ്മീഷന്റെ 'സ്വീപ്'; പങ്കാളിത്തം കൂടുമെന്ന് പ്രതീക്ഷ

Published

|

Last Updated

“സ്വീപ്” നല്‍കിയ ആത്മവിശ്വാസത്തില്‍ ഇക്കുറി പോളിംഗ് ശതമാനം കൂടുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. “കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം” എന്ന തലക്കെട്ടില്‍ മൂന്ന് വര്‍ഷം നടത്തിയ ക്യാമ്പയിന്‍ ഫലം കാണുന്നുണ്ടെന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവരുടെ കണക്ക് ചൂണ്ടക്കാട്ടി കമ്മീഷന്‍ അടിവരയിടുന്നു. തിരഞ്ഞെടുപ്പുകളോടുള്ള യുവത്വത്തിന്റെ കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന് (സ്വീപ്) കമ്മീഷന്‍ രൂപം നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വോട്ടര്‍മാരുടെ പേര് ചേര്‍ക്കല്‍ പ്രക്രിയയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന യുവ പ്രാതിനിധ്യം 10-15 ശതമാനത്തില്‍ നിന്ന് 30-35 ശതമാനമായി ഉയര്‍ന്നുവെന്നാണ് കമ്മീഷന്റെ കണക്ക്. സ്വീപ് നടപ്പാക്കിയ ശേഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പുതിയ വോട്ടര്‍മാരായ യുവാക്കളുടെയും സ്ത്രീകളുടെയും റെക്കോര്‍ഡ് പങ്കാളിത്തമായിരുന്നു.
ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക അനുസരിച്ച് കേരളത്തില്‍ 2,37,92,270 വോട്ടര്‍മാരാണുള്ളത്. ഇതിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 2,29,793 പേര്‍കൂടി പുതുതായി അപേക്ഷ നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവരുടെ വര്‍ധനവ് മനസ്സിലാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ കേരളത്തില്‍ എഴുപത് ശതമാനമാണ്. സ്വീപ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയത് കൊണ്ടതാണ് ഈ നേട്ടമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റൊ അടിവരയിടുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ സെന്‍സസ് കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വോട്ടര്‍ പട്ടികയിലും ഉയര്‍ന്ന നിരക്കില്‍ പേര് ചേര്‍ത്തിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും ഇലക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ താഴ്ന്ന് നില്‍ക്കുമ്പോഴാണ് ഈ പുരോഗതി.
വോട്ടര്‍മാരുടെ പങ്കാളിത്തം യഥാര്‍ഥ പങ്കാളിത്ത ജനാധിപത്യത്തിന്റെ സങ്കല്‍പ്പത്തില്‍ നിന്ന് വളരെ ദൂരെയാണെന്ന് കണ്ടതോടെയാണ് പരമാവധി പേരെ വോട്ടെടുപ്പിന്റെ ഭാഗമാക്കാന്‍ സ്വീപുമായി കമ്മീഷന്‍ ഇറങ്ങിയത്. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കലിന് പുറമെ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ഇത് ലഭിക്കാന്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ ഏതോക്കെ, പോളിംഗ് സ്റ്റേഷന്‍, വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗക്രമം, വോട്ടെടുപ്പ് സമയം, പെരുമാറ്റച്ചട്ടങ്ങളിലെ ശരിതെറ്റുകള്‍, പണത്തിന്റെ ഉപയോഗം, ദുര്‍ബല വിഭാഗങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥിയോ അയാളുടെ പ്രതിനിധിയോ പ്രകടിപ്പിക്കുന്ന കായിക -മദ്യ ശക്തി തുടങ്ങിയ കാര്യങ്ങള്‍, ഇക്കാര്യങ്ങളിലെല്ലാമുള്ള ബോധവത്കരണം സ്വീപിന്റെ ഭാഗമായി നടത്തുന്നുണ്ട്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ വജ്ര ജൂബിലി വര്‍ഷമായ 2010ലെ ആഘോഷങ്ങളുടെ ഭാഗമായാണ് കരുത്തുറ്റ ജനാധിപത്യത്തിനായി വിപുലമായ ജനപങ്കാളിത്തം എന്ന മുദ്രാവാക്യം പ്രഖ്യാപിച്ചത്. ആ വര്‍ഷം നടന്ന ബിഹാര്‍ നിയസഭാ തിരഞ്ഞെടുപ്പില്‍ സ്വീപ് പദ്ധതി ആരംഭിച്ചു. വിജ്ഞാന വ്യാപനം, ബോധവത്കരണം, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി സംസ്ഥനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഈ പദ്ധതിക്കു കഴിഞ്ഞിട്ടുണ്ട്. 2009 അവസാനത്തില്‍ നടന്ന ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണ് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത് സ്വീപായി രൂപാന്തരപ്പെട്ടത്.
2011 ല്‍ തമിഴ്‌നാട്, കേരളം, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതേ പരീക്ഷണം വിജയകരമായിരുന്നു. തുടര്‍ന്ന് വന്ന യു പി, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും 2012ലെ ഹിമാചല്‍ പ്രദേശ് ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും 2013ലെ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പുകളിലും കമ്മീഷന്‍ ഈ പ്രവര്‍ത്തനം നടത്തി.
സ്വീപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ ഇടയില്‍ സര്‍വേകള്‍ നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍, തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍, വോട്ടര്‍ പട്ടികയിലെ പേരിലെ പിശക് തുടങ്ങി നിസാര വിഷയങ്ങളാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കാന്‍ കാരണമെന്ന് ഈ സര്‍വെയിലൂടെ കണ്ടെത്തി. ഇങ്ങിനെ വോട്ട് ചെയ്യാത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളും ചെറുപ്പക്കാരുമാണെന്നും വ്യക്തമായി. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിച്ച്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും സുഗമമായി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും വോട്ട് ചെയ്യല്‍ ജനസൗഹൃദമായ അനുഭവമാക്കി മാറ്റാനും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ ഉത്സാഹം വര്‍ധിപ്പിക്കുന്നതിനും കമ്മീഷന്‍ ശക്തമായ ഇടപെടല്‍ നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഹ്‌റുയുവകേന്ദ്ര, എന്‍ എസ് എസ്, എന്‍ സി സി എന്നീ സംഘടനകളുമായി സഹകരിച്ച് 18നും 19നും മധ്യേപ്രായമുള്ള വോട്ടര്‍മാരുമാരിലേക്കെത്താന്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചു.