Connect with us

Ongoing News

രണ്ടാമൂഴം കാത്ത് ചാലക്കുടി

Published

|

Last Updated

2009ലെ അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ മുകുന്ദപുരമെന്ന ലോക്‌സഭാ മണ്ഡലത്തെ വിസ്മൃതിയിലാക്കി നിലവില്‍ വന്ന ചാലക്കുടി മണ്ഡലത്തിന്റെ രണ്ടാമൂഴമാണ് ഇക്കുറി. തൃശ്ശൂര്‍ ജില്ലയിലെ നാലും എറണാകുളം ജില്ലയിലെ മൂന്നും മണ്ഡലങ്ങളടങ്ങിയതായിരുന്നു പഴയ മുകുന്ദപുരം. നേരെ വിപരീതമായിരുന്നു മണ്ഡല പുനര്‍നിര്‍ണയത്തോടെ മണ്ഡലത്തിന്റെ ഘടന. തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളും ചേര്‍ത്തതാണ് പുതിയ ചാലക്കുടി.
2009ല്‍ മണ്ഡലത്തില്‍ ആകെയുണ്ടായിരുന്ന 10,63,701 വോട്ടര്‍മാരില്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ 7,92,767 പേരാണ് വോട്ട് ചെയ്തത്. ഇതില്‍ സി പി എം സ്ഥാനാര്‍ഥിയായ യു പി ജോസഫ് 3,27,356 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ പി ധനപാലന്‍ 3,99,035 വോട്ടും നേടി. 71,679 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് ഇവിടെ നേടിയത്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള അപേക്ഷകരെയും പരിഗണിക്കുമെന്നതിനാല്‍ അന്തിമ പട്ടിക വരുമ്പോഴേക്കും ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും.
ചാലക്കുടി, മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, അങ്കമാലി, വടക്കേക്കര,പെരുമ്പാവൂര്‍ നിയമസഭ മണ്ഡലങ്ങളടങ്ങിയതായിരുന്നു പഴയ മുകുന്ദപുരമെങ്കില്‍ ചാലക്കുടിയെന്ന ലോക്‌സഭ മണ്ഡലത്തിനു കീഴില്‍ എറണാകുളത്തെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളും തൃശൂരിലെ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, ചാലക്കുടി നിയമസഭ മണ്ഡലങ്ങളും അടങ്ങിയിരിക്കുന്നു.
കുന്നത്തുനാട് താലൂക്ക് അതിര്‍ത്തിയിലുള്ള പെരുമ്പാവൂര്‍ നഗരസഭയും ഏഴ് ഗ്രാമ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂര്‍ നിയമസഭ മണ്ഡലം. അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വെങ്ങോല, വേങ്ങൂര്‍ ഗ്രാമ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ആലുവ താലൂക്കിലുള്ള അങ്കമാലി നഗരസഭയും എട്ട് ഗ്രാമപഞ്വായത്തുകളുമടങ്ങിയതാണ് അങ്കമാലി നിയമസഭാ മണ്ഡലം. പഴയ വടക്കേക്കര മണ്ഡലത്തിന്റെ ഭാഗമായിരുന്ന പാറക്കടവ് പഞ്ചായത്തും അങ്കമാലിയിലാണ്. അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂര്‍- നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, തുറവൂര്‍ എന്നിവയാണ് മറ്റു പഞ്ചായത്തുകള്‍.
മണ്ഡല പുനര്‍നിര്‍ണയത്തിന് മുമ്പ് എറണാകുളം ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ആലുവ മണ്ഡലം ചാലക്കുടി ലോകസഭാ മണ്ഡലത്തിലായി. പഴയ വടക്കേക്കരയുടെ നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകള്‍ ചേര്‍ന്നതണ് പുതിയ ആലുവ. ആലുവ നഗരസഭയും മണ്ഡലത്തില്‍ പെടും. പഴയ ആലുവയുടെ പല ഭാഗങ്ങളും പുതിയ കളമശ്ശേരിയിലായി.
എട്ട് പഞ്ചായത്തുകള്‍ മാത്രമടങ്ങിയതാണ് കുന്നത്തുനാട് മണ്ഡലം. എറണാകുളം ജില്ലയില്‍ കാലങ്ങളായി പട്ടികജാതി സംവരണ മണ്ഡലമായിരുന്ന ഞാറക്കല്‍ പുതുതായി രൂപവത്കരിച്ച വൈപ്പിന് വഴിമാറിയതോടെ കുന്നത്തുനാട് സംവരണ മണ്ഡലമായി. കുന്നത്തുനാട് താലൂക്കതിര്‍ത്തിയിലുള്ള ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പുതുക്ക, തിരുവാണിയൂര്‍, വടവുകോട്, പുത്തന്‍കുരിശ്, വാഴക്കുളം പഞ്വായത്തുകളാണ് മണ്ഡലത്തിലുള്ള പഞ്വായത്തുകള്‍.
മണ്ഡല പുനര്‍നിര്‍ണയത്തോടെ വിസ്മൃതിയിലായ മാളയുടെ പുതിയ രൂപമാണ് കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലം. പഴയ മാളയിലെ മാള, പൊയ്യ, അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ കൊടുങ്ങല്ലൂരിലേക്കു വന്നു. കൊടുങ്ങല്ലൂര്‍ നഗരസഭക്കു പുറമേ വെള്ളാങ്കല്ലുര്‍, പുത്തന്‍ചിറ പഞ്ചായത്തുകളും ചേര്‍ന്നതാണ് കൊടുങ്ങല്ലൂര്‍ മണ്ഡലം.
പഴയ കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന അഞ്ച് പഞ്ചായത്തുകളും നാട്ടിക മണ്ഡലത്തിലുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകളും ചേര്‍ന്ന് രൂപമെടുത്തതാണ് കൈപ്പമംഗലം. പഴയ നാട്ടികയിലായിരൂന്ന എടത്തിരിത്തി, കൈപ്പമംഗലം എന്നിവയാണ് കൈപ്പമംഗലത്തിന്റെ മണ്ഡലത്തിന്റെ ഭാഗമായത്. മുമ്പ് കൊടുങ്ങല്ലൂരിലായിരുന്ന പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് പഞ്വായത്തുകളാണ് കൈപ്പമംഗലത്തുള്ളത്. നേരത്തെ കൊടകര മണ്ഡലത്തിലായിരുന്ന കൊടകര പഞ്ചായത്തും മറ്റും ഉള്‍പ്പെട്ടതാണ് ചാലക്കുടി മണ്ഡലം. കോടശേരി, അതിരപ്പിള്ളി, പരിയാരം, ചാലക്കുടി നഗരസഭ, മേലൂര്‍, കാടുകുറ്റി, കൊരട്ടി എന്നിവയാണ് മണ്ഡലത്തില്‍ പെടുന്ന മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍.

Latest