അനിവാര്യമായ അവസ്ഥാവിശേഷം

Posted on: March 9, 2014 6:00 am | Last updated: March 9, 2014 at 1:02 am
SHARE

siraj copyഅതിരൂക്ഷമായ മാന്ദ്യക്കാലത്ത് അമേരിക്കയിലും മറ്റ് മുതലാളിത്ത രാജ്യങ്ങളിലും ബേങ്കുകള്‍ ചീട്ടുകൊട്ടാരങ്ങള്‍ കണക്കെ തകര്‍ന്നടിയുമ്പോള്‍ ശക്തമായ അടിയൊഴുക്കുകളെ സ്തുത്യര്‍ഹമാംവിധം അതിജീവിച്ചതാണ് ഇന്ത്യന്‍ ബേങ്കുകള്‍. പ്രവര്‍ത്തനക്ഷമമല്ലാത്ത ആസ്തി(നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ്‌സ്- എന്‍ പി എ)യുടെ പ്രശ്‌നം അന്നുമുണ്ടെങ്കിലും പ്രതിസന്ധികള്‍ ഇന്ത്യന്‍ പൊതുമേഖലാ ബേങ്കുകള്‍ തരണം ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പൊതുമേഖലാ ബേങ്കുകള്‍ നേരിടുന്ന കടുത്ത വെല്ലുവിളി എന്‍ പി എയാണെന്ന് ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. നടപ്പ് ധനകാര്യവര്‍ഷത്തെ എന്‍ പി എ എത്ര വരുമെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞതുമില്ല. 2012-13 വര്‍ഷത്തെ 3.84 ശതമാനത്തേക്കാള്‍ അല്‍പ്പം കൂടുതലാണ് എന്‍ പി എയെന്ന് പറഞ്ഞ ധനമന്ത്രി നേരിട്ടൊരു മറുപടിക്ക് തയ്യാറായില്ല. ബേങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകള്‍ തിരിച്ചടക്കാതാകുമ്പോഴാണ് പ്രവര്‍ത്തനക്ഷമമല്ലാത്ത ആസ്തി കൂടുന്നതും ബേങ്കുകള്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതും. വന്‍കിട വ്യവസായികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മറ്റുമാണ് പൊതുമേഖലാ ബേങ്കുകളുടെ എന്‍ പി എയെ ആപല്‍ക്കരമായ അവസ്ഥയിലേക്ക് നയിക്കുന്നത്. ഇന്ത്യന്‍ ജനതയില്‍ ചെറുകിട വ്യവസായികളും ചെറുകിട കൃഷിക്കാരും പാവപ്പെട്ടവരുമായിട്ടുള്ളവര്‍ക്ക് പൊതുമേഖലാ ബേങ്കുകളുടെ സേവനം ഇന്നും കിട്ടാക്കനിയാണ്. കാര്‍ഷിക മേഖലയെ പാടെ അവഗണിക്കുന്നുവെന്ന് പറയാനാകില്ല, ഇവിടെ വന്‍കിട ഭൂവുടമകള്‍ക്കാണ് ബേങ്കിംഗ് സൗകര്യം ലഭിക്കുന്നത്. വായ്പ തിരിച്ചടക്കുന്നതില്‍ വന്‍കിടക്കാര്‍ വീഴ്ച്ചവരുത്തുമ്പോള്‍, ചെറുകിടക്കാര്‍ 90 ശതമാനവും കൃത്യമായി തിരിച്ചടവ് നടത്തുന്നവരാണെന്ന് റിസര്‍വ് ബേങ്കിന്റെ രേഖകളില്‍ തന്നെ പറയുന്നുണ്ട്. ശേഷിച്ച 10 ശതമാനത്തിനെതിരെ കൈയറപ്പില്ലാതെ അധികൃതര്‍ ജപ്തിനടപടികള്‍ സ്വീകരിക്കുന്നു.
എന്നാല്‍ വായ്പ തിരിച്ചടക്കാത്ത വന്‍കിടക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ബേങ്ക് അധികൃതര്‍ മുതിരുന്നില്ല. ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന് കാണിച്ച് ബേങ്കധികൃതര്‍ അയക്കുന്ന നോട്ടീസുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്തവരാണ് ഇവരില്‍ ഏറെയും. മുമ്പൊരിക്കല്‍, വായ്പ തിരിച്ചടക്കാത്ത ഒരു വന്‍കിട വ്യവസായിക്ക്, ജാമ്യം വെച്ച ഭൂസ്വത്തുക്കളും കെട്ടിടങ്ങളും ജപ്തി ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. പക്ഷെ ആരും തിരിഞ്ഞുനോക്കിയില്ല. ബേങ്കധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അന്തംവിട്ടുപോയത്. സര്‍ക്കാര്‍ വക സ്റ്റേഡിയം, ബഹുനില സര്‍ക്കാര്‍ മന്ദിരം എന്നിവയായിരുന്നു ജാമ്യം നല്‍കിയിരുന്നത്. കേന്ദ്ര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമെല്ലാമായിരുന്ന ആളായിരുന്നു വ്യവസായി. വ്യവസായിക്കെതിരെ നടപടിക്ക് മുതിര്‍ന്ന ബേങ്കധികൃതര്‍ പിന്നീട് എന്തു ചെയ്തുവെന്ന് അറിയില്ല!. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ ബോര്‍ഡ് അംഗമായിരുന്ന കെ എം എബ്രഹാമിനെപ്പോലെ നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്ന് ഇല്ലാതെ പോയതിനാലോ, വ്യവസായിയുടെ രാഷ്ട്രീയ സ്വാധീനശക്തി അറിയാവുന്ന ബേങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ അവസാനിപ്പിച്ചത് കൊണ്ടോ എന്തോ കേസ് മുന്നോട്ട് പോയില്ല. ‘സെബി’ മുന്‍ ബോര്‍ഡ് അംഗമായിരുന്ന ഇപ്പോള്‍ കേരളത്തില്‍ സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥനെ ഇവിടെ പരാമര്‍ശിക്കാന്‍ കാരണം അദ്ദേഹം അന്ന് കാഴ്ചവെച്ച ചുമതലാ ബോധവും സത്യസന്ധതയും ആത്മാര്‍ഥതയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാതൃകയായതിനാലാണ്. അതുകൊണ്ട് മാത്രമാണ് കുത്തക ഇന്ത്യന്‍ ബിസിനസുകാരനായ സഹാറാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുബ്രതാ റോയി തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍(എസ് ഐ ആര്‍ ഇ സി), സഹാറ ഹൗസിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍(എസ് എച്ച് ഐ സി) എന്നിവ നിയമവിരുദ്ധമായി ജനങ്ങളില്‍ നിന്ന് സമാഹരിച്ച 22,500 കോടി രൂപ (24,000 കോടി രൂപയെന്നും സൂചനകളുണ്ട്) തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടത് കര്‍ത്തവ്യബോധമുള്ള ഈ ഉദ്യോഗസ്ഥനാണ്. 2011 ജൂണ്‍ മാസം പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ സഹാറയുടെ ചെയര്‍മാന്‍ സുബ്രതാ റോയി സുപ്രീം കോടതിയെ പോലും വെല്ലുവിളിച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ സൗമ്യ വശങ്ങള്‍ പല തവണ എടുത്ത് പയറ്റി. സര്‍ക്കാര്‍ സ്വത്തുക്കള്‍ ജാമ്യം നല്‍കി കോടികളുടെ ബേങ്ക് വായ്പ സംഘടിപ്പിച്ച വിദ്യയുടെ മറ്റൊരു രൂപം!. അനധികൃത നിക്ഷേപ സമാഹരണം.
ഇത്തരം സാധ്യതകള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്‍ പി എ എത്രയെന്ന ചോദ്യത്തിനും അവ ആരുടെതെല്ലാമാണെന്നുമുള്ള ചോദ്യത്തിനും പ്രസക്തിയുണ്ട്. ഇത് വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നത് കുറ്റക്കാര്‍ക്ക് ചൂട്ട് പിടിക്കുന്നതിന് തുല്യമാണ്. 1969ല്‍ ആരംഭിച്ച ബേങ്ക് ദേശസാത്കരണത്തോടനുബന്ധിച്ച ബേങ്കിംഗ് പരിഷ്‌കാരങ്ങള്‍ പൊതുമേഖലാ ബേങ്കുകളെ ശക്തിപ്പെടുത്തിയെങ്കില്‍, 1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ തുടക്കം കുറിച്ച സ്വകാര്യവത്കരണ നയം ബേങ്കിംഗ് രംഗത്തടക്കം അനാരോഗ്യ പ്രവണതകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പൊതുമേഖലാ ബേങ്കുകളുടെ എന്‍ പി എ എത്രയെന്ന ചോദ്യത്തിന് ധനമന്ത്രിക്ക് പോലും വളഞ്ഞു മൂക്കുപിടിക്കേണ്ടിവരുന്നത് സ്വകാര്യവത്കരണ, കമ്പോളവത്കരണ, കോര്‍പറേറ്റ്‌വത്കരണ ത്വരയുടെ അനിവാര്യമായ അവസ്ഥാവിശേഷമാണ്.