ഖത്തറില്‍ ഐ സി എഫ് മിഷന്‍ 2014 നു തുടക്കമായി

Posted on: March 8, 2014 9:52 pm | Last updated: March 8, 2014 at 9:52 pm
SHARE

IMG_3777ദോഹ: നാടിനും ദേശത്തിനും ഗുണകരമായ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ യുവാക്കളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും തികഞ്ഞ ധാര്‍മ്മിക ശുദ്ധിയും തെളിഞ്ഞ സാമൂഹ്യ ബോധവും അതിന് അനിവാര്യമായ ഘടകങ്ങളാണെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി അഭിപ്രായപ്പെട്ടു. ‘യൗവ്വനം നാടിനെ നിര്‍മ്മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ ഐ സി എഫ് ആചരിക്കുന്ന കാമ്പയിന്‍ ദോഹയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധാര്‍മ്മികതയും അരാഷ്ട്രീയതയും കൈകോര്‍ത്ത് സഞ്ചരിക്കുന്ന പുതിയ കാലത്ത് സമൂഹം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ പെട്ടെന്ന് സാധ്യമാകില്ല. ഒരുമയും അര്‍പ്പണ ബോധവുമുള്ള യുവസാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ സാമൂഹ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനാകൂ. പ്രവാചക ജീവിതത്തില്‍ ഇങ്ങനെ ഒരു കൂട്ടം സാമൂഹിക പ്രതിനിധാനങ്ങളുടെ കഥകള്‍ വായിച്ചെടുക്കാനാകും. അങ്ങിനെയുള്ള തലങ്ങളിലേക്ക് സമകാലിക യുവസമൂഹം ഉണര്‍ന്നു വരേണ്ടതുണ്ട്. ഐ സി എഫ് പോലുള്ള സംഘടനകള്‍ ആ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഐ സി എഫ് പ്രസിഡണ്ട് പറവണ്ണ അബ്ദുല്‍ റസാക്ക് മൗലവി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുള്ള മുസ്‌ലിയാര്‍ കടവത്തൂര്‍, അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല, ,ബഷീര്‍ പുത്തൂപ്പാടം, അബ്ദുസ്സലാം ഹാജി പുത്തനത്താണി, എ വി മുഹമദ് ഷാ ആയഞ്ചേരി അഷറഫ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. കാമ്പയിന്റെ ഭാഗമായി സാമൂഹിക സ്പര്‍ശമുള്ള വിവിധ പരിപാടികള്‍ വ്യത്യസ്ത മേഖലകളില്‍ നടക്കും. നബിദിന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബുര്‍ദ കീര്‍ത്തന കാവ്യ മത്സരത്തില്‍ എയര്‍പോര്‍ട്ട്, ദോഹ, ഗറാഫ സെന്ട്രലുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മുഹ്‌സിന്‍ ചേലേമ്പ്ര