ഇ അഹമ്മദ് മത്സരിച്ചേക്കില്ല; മലപ്പുറത്ത് ഇ ടിക്ക് സാധ്യത

Posted on: March 8, 2014 6:00 am | Last updated: March 8, 2014 at 12:20 pm
SHARE

E.AHAMMEDകോഴിക്കോട്: ഇത്തവണ ഇ അഹമ്മദിനെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം ആലോചിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് നേതൃതലത്തില്‍ ഇത്തരമൊരു ആലോചന നടക്കുന്നത്. ഇ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ നിന്നും പഞ്ചായത്ത് ഭാരവാഹികള്‍ക്കിടയില്‍ നിന്നും പാര്‍ട്ടി അഭിപ്രായം ആരായുന്നുണ്ട്. ഇന്നലെയും ഇന്നുമായാണ് ഇത്തരത്തില്‍ അഭിപ്രായം ശേഖരിക്കുന്നത്.

ലഭ്യമായവയില്‍ അഹമ്മദിനെ മാറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായമെന്നാണ് സൂചന. തിങ്കളാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. നേരത്തെ യൂത്ത് ലീഗും എം എസ് എഫും അഹമ്മദിനെ മാറ്റിനിര്‍ത്തി പുതിയൊരാള്‍ക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇ അഹമ്മദിന്റെ അഭിപ്രായം കൂടി കേട്ടതിനു ശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഇപ്പോള്‍ മുസാഫര്‍നഗറിലുള്ള ഇ അഹമ്മദ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി അദ്ദേഹത്തിന്റെ സമ്മതത്തോടെ തന്നെ മറ്റൊരാളെ പരിഗണിക്കാനാണ് പാര്‍ട്ടി താത്പര്യപ്പെടുന്നത്. കഴിഞ്ഞ തവണ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ലീഗിന് അവകാശപ്പെട്ടതായിരുന്നെങ്കിലും എ കെ ആന്റണിക്കായി വിട്ടു നല്‍കുകയായിരുന്നു. ആന്റണി ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ ഒരു സീറ്റ് ഒഴിവ് വരും. അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് നല്‍കാമെന്ന് കോണ്‍ഗ്രസുമായി ലീഗ് നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് മൂന്ന് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് പിറകോട്ട് പോയത്.
ഇ അഹമ്മദ് മത്സരിച്ചില്ലെങ്കില്‍ പൊന്നാനിയിലെ സിറ്റിംഗ് എം പി. ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് നിന്ന് മത്സരിച്ചേക്കും. പൊന്നാനിയില്‍ സിറാജ് സേഠ്, പി വി അബ്ദുല്‍വഹാബ്, അബ്ദുസ്സമദ് സമദാനി എം എല്‍ എ, കുട്ടി അഹമ്മദ്കുട്ടി എന്നിവരിലൊരാളെ പരിഗണിക്കുമെന്നാണ് സൂചന. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.