പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാന്‍ 13 സ്‌ക്വാഡുകള്‍

Posted on: March 8, 2014 11:34 am | Last updated: March 8, 2014 at 11:34 am
SHARE

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കാന്‍ കര്‍ശന നടപടി. ഇന്ന് മുതല്‍ ജില്ലയില്‍ നിയമസഭാ മണ്ഡലങ്ങളില്‍ 13 സ്‌ക്വാഡുകള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടക്കുന്നുണ്ടോയെന്ന പരിശോധന തുടങ്ങും.
ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് പേരാണ് സംഘത്തിലുണ്ടാവുക. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമരുകള്‍, റോഡുകള്‍, ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുമരെഴുത്ത്, മറ്റ് പ്രചാരണ വസ്തുക്കള്‍ തുടങ്ങിയവ പതിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സി എ ലത അറിയിച്ചു.
ഇങ്ങനെ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാര്‍ഥിയുടെയോ ചെലവില്‍ ഇന്ന് തന്നെ ഇവ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഇവ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സ്‌ക്വാഡുകള്‍ എടുത്തുമാറ്റും. ഇതിനുള്ള ചെലവ് അതത് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
സ്വകാര്യ സ്ഥാപനങ്ങളില്‍ ബാനറുകളും ചുവരെഴുത്തുകളും മറ്റും പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥലമുടമസ്ഥന്റെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം. അനുമതിയുടെ പകര്‍പ്പ് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഈ അനുമതിപത്രം പരിശോധനാ സക്വാഡ് ആവശ്യപ്പെടുമ്പോള്‍ സ്ഥലമുടമസ്ഥര്‍ കാണിച്ചിരിക്കണം.
നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നാല്‍ കേരളാ പോലീസ് ആക്റ്റ്-2010 സെക്ഷന്‍ 120 (ഡി) പ്രകാരം ഒരു വര്‍ഷം വരെ തടവോ 5000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കേസെടുക്കും.