Connect with us

Kozhikode

പ്രശ്‌ന സാധ്യത ബൂത്തുകള്‍ കണ്ടെത്താന്‍ പരിശോധന

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളെകുറിച്ചും സ്ഥലങ്ങളെകുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി എ ലത പോലീസിന് നിര്‍ദേശം നല്‍കി.
കലക്ടറേറ്റില്‍ ചേര്‍ന്ന പോലീസ് ഉദ്ധ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. മുന്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു ബൂത്തില്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 75 ശതമാനം ലഭിച്ച ബൂത്തുകള്‍, റീപോളിംഗ് നടന്ന ബൂത്തുകള്‍, അക്രമസംഭവങ്ങളുണ്ടായ ബൂത്തുകള്‍, മറ്റ് കുടുംബാംഗങ്ങള്‍ സ്ഥലത്തില്ലാത്ത വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകള്‍, മാവോയിസ്റ്റ് സാന്നിദ്ധ്യം, നിലവിലുള്ള മറ്റ് സാഹചര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ചായിരിക്കണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. പ്രശ്‌ന സാദ്ധ്യതാ ബൂത്തുകളില്‍ വിഡിയോഗ്രാഫി, വെബ് കാസ്റ്റിംഗ്, അധിക സേനാ വിന്യാസം തുടങ്ങിയവ ഏര്‍പ്പെടുത്തും.
പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും പോലീസും ഇക്കാര്യം നിരീക്ഷിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും സ്ഥാനാര്‍ഥിയുടെയോ രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നത് തടയണം.
സാധാരണ യോഗങ്ങള്‍ പോലും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അനുവദിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ജില്ലാ വരണാധികാരിയുടെയോ സഹവരണാധികാരികളുടെയോ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

Latest