വീട്ടമ്മമാര്‍ പ്രതിഷേധിച്ചു; അടക്കാകുണ്ട് ചങ്ങണംകുന്ന് കോളനിയില്‍ ജലവിതരണം മുടങ്ങി

Posted on: March 8, 2014 9:18 am | Last updated: March 8, 2014 at 9:18 am
SHARE

കാളികാവ്: അടക്കാകുണ്ട് ചങ്ങണംകുന്ന് കോളനിയില്‍ കുടിവെള്ളമില്ലാതെ ജനം പൊരിയുന്നു.
പ്രദേശത്ത് നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ‘ഹാഡ’ സ്‌കീമില്‍ തുടങ്ങുന്ന പുതിയ പദ്ധതിക്കായി എടുത്ത് മാറ്റുകയും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെയാണ് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍ കടുത്ത വേനല്‍ചൂടില്‍ വെള്ളമില്ലാതെ വലയുന്നത്.
രണ്ട് മാസത്തിലേറെയായി പദ്ധതി മുടങ്ങിക്കിടക്കുന്നതോടെ വീട്ടുകാര്‍ ഓരോരുത്തരായി പിരിവെടുത്ത് ദൂരെയുള്ള സ്ഥലങ്ങളില്‍നിന്നും ഗുഡ്‌സിലും ജീപ്പിലുമെല്ലാമായി വെള്ളമെത്തക്കുകയാണ്. തൊഴിലുറപ്പ് ജോലിക്ക് പോവുന്ന സ്ത്രീകള്‍ ജോലി പോലും ഉപേക്ഷിച്ചാണ് വെള്ളം ശേഖരിക്കാന്‍ പുറപ്പെടുന്നത്.
ഇത് ഇവര്‍ക്ക് ഇരട്ടി ദുരന്തമായി. അടക്കാകുണ്ട് അങ്ങാടിയില്‍ നിന്നും ഏതാനും ദൂരം മാത്രം അകലയുള്ള പാറക്കെട്ട് നിറഞ്ഞ ചങ്ങണംകുന്നില്‍ പൊതുവെ കടുത്ത വെള്ളക്ഷാമമാണ്. എട്ട് വര്‍ഷം മുമ്പ് കാട്ട്‌ചോലയില്‍നിന്നുള്ള വെള്ളം ഉപയോഗിച്ച് ഇവിടേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ഒരു പദ്ധതി ആവിഷ്‌കരിച്ചത്.
ഇത് കോളനിക്കാര്‍ക്ക് ഏറെ ആശ്വസമായിരുന്നു. പഴയ പദ്ധതിയുടെ പൈപുകള്‍ ദ്രവിക്കുകയും ഇടക്കിടെ വെള്ള വിതരണം മുടങ്ങുകയും ചെയ്തതോടെ കുടുതല്‍ വെള്ളം കിട്ടാന്‍ സൗകര്യമായ സംവിധാനത്തിനായാണ് ‘ഹാഡ’ സ്‌കീമില്‍ 59 ലക്ഷം മുടക്കി പുതിയ പദ്ധതി തുടങ്ങാന്‍ നടപടിയായത്.
ഉമ്മച്ചന്‍കാട്ടിലെ ചോലയില്‍നിന്നുമാണ് ഇതിനുള്ള വെള്ളമെത്തിക്കുന്നത്. പദ്ധതിക്കായി ചോലക്കരികെ ഒരു ഫില്‍ട്ടര്‍ ടാങ്ക് അടക്കം രണ്ട് ടാങ്കുകള്‍ സ്ഥാപിക്കും. 80ഓളം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ഈ പദ്ധതി പ്രയോജനപ്പെടും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനിടയില്‍ പൈപ് സ്ഥാപിക്കുന്നതിന് എഴുപതേക്കര്‍ റോഡില്‍ നടക്കുന്ന ചാല് കീറല്‍ ചിലര്‍ തടഞ്ഞത് പുതിയ കുടിവെള്ള പ്രവൃത്ത നിര്‍ത്തിവെക്കാനിടയാക്കിയിട്ടുണ്ട്. ഇതോടെ പുതിയ ജല വിതരണ പദ്ധതി നീളുമെന്നുറപ്പായി.
ചങ്ങണംകുന്നില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് ഏറെയായിട്ടും ബദല്‍ നടപടിക്ക് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശത്ത് കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.