Connect with us

Kozhikode

രണ്ട് രൂപയുടെ റേഷന്‍ ഗോതമ്പ് നിര്‍ത്തലാക്കി

Published

|

Last Updated

കോഴിക്കോട്: രണ്ട് രൂപ റേഷന്‍ ഗോതമ്പ് ഇനിയില്ല. എ പി എല്‍ വിഭാഗത്തിന് കേന്ദ്രം 6.70 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ നല്‍കുന്ന റേഷന്‍ ഗോതമ്പിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്ന 4.70 രൂപ സബ്‌സിഡി നിര്‍ത്തലാക്കിയതു കാരണമാണ് രണ്ട് രൂപ ഗോതമ്പ് പദ്ധതി അവസാനിച്ചത്.

ഇതു കാരണം ഫെബ്രുവരി മാസം റേഷന്‍ ഉപഭോക്താക്കള്‍ക്ക് 6.70 രൂപ നിരക്കിലാണ് ഗോതമ്പ് വിതരണം ചെയ്തത്. അടുത്ത മാസവും ഇതേ രീതിയില്‍ തന്നെയാണ് ഉത്തരവായതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. എ പി എല്‍ വിഭാഗത്തിലെ സ്‌പെഷ്യല്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന 42 ലക്ഷം റേഷന്‍ ഉപഭോക്താക്കള്‍ക്കാണ് കഴിഞ്ഞ നവംബര്‍ വരെ രണ്ട് രൂപ നിരക്കില്‍ മൂന്ന് കിലോഗ്രാം വീതം ഗോതമ്പ് നല്‍കി വന്നിരുന്നത്.
എ പി എല്‍ വിഭാഗത്തിനുള്ള ഗോതമ്പ് വിതരണം നവംബറില്‍ കേന്ദ്രം പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ പിന്നീടുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഫെബ്രുവരി മുതല്‍ ഗോതമ്പ് വിതരണം പുനഃസ്ഥാപിച്ചത്.
സബ്‌സിഡി വെട്ടിക്കുറച്ചത് മുന്നറിയിപ്പൊന്നുമില്ലാതെയാണ്. രണ്ട് മാസം സബ്‌സിഡി ഒഴിവാക്കി പ്രതിഷേധത്തിന്റെ ആഴം നോക്കി വരും മാസങ്ങളില്‍ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണറിയുന്നത്. ഇപ്പോള്‍ രണ്ട് രൂപ നിരക്കില്‍ നല്‍കി വരുന്ന റേഷന്‍ അരിയുടെ സബ്‌സിഡിയും ഭാവിയില്‍ നിര്‍ത്തലാക്കാനുള്ള നീക്കമുണ്ടത്രെ.

Latest