കാണാതാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍; കണ്ടെത്താത്തവരും

Posted on: March 8, 2014 7:58 am | Last updated: March 8, 2014 at 7:58 am
SHARE

കൊച്ചി: സംസ്ഥാനത്ത് വീടുകളില്‍ നിന്ന് കാണാതാകുന്നവരില്‍ ഭൂരിഭാഗവും വനിതകള്‍. പത്ത് വര്‍ഷത്തിനിടയില്‍ കാണാതായ 38485 പേരില്‍ 24384 പേരും സ്ത്രീകളാണ്. 14101 ആണ് കാണാതായ പുരുഷന്‍മാരുടെ എണ്ണം. ജില്ല തിരിച്ചുള്ള കണക്കെടുത്താലും എല്ലാ ജില്ലയിലും വനിതകളെയാണ് കൂടുതലായും കാണാതായിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലാണ് കാണാതാകല്‍ കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം രണ്ടാമതും എറണാകുളം മൂന്നാമതുമാണ്. കാസര്‍കോടാണ് കുറവ്. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനുവിന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കിയ കണക്കിലാണ് ഈ വിവരങ്ങളുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ പത്ത് വര്‍ഷത്തിനിടയില്‍ 7183 പേരെയാണ് കാണാതായത്. തിരുവനന്തപുരം സിറ്റിയില്‍ 2630 പേരും റൂറലില്‍ 4553 പേരും. ഇതില്‍ 6198 പേരെ കണ്ടെത്താന്‍ കഴിഞ്ഞു. 985 പേരെ ഇനിയും കണ്ടു കിട്ടിയിട്ടില്ല.
കൊല്ലത്ത് 4952 പേരെ കാണാതായി. സിറ്റിയില്‍ 2272, റൂറലില്‍ 2529. ഇതില്‍ 4517 പേരെ കണ്ടെത്തി. 425 പേരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.
പത്തനംതിട്ടയില്‍ 1960 പേരെ കാണാതായി. ഇതില്‍ 1716 പേരെ കണ്ടെത്തി. 244 പേരെക്കുറിച്ച് വിവരമില്ല.
ആലപ്പുഴയില്‍ 2648 പേരെയാണ് ഈ കാലയളവില്‍ കാണാതായത്. 2221 പേരെ കണ്ടെത്തി. 427 പേര്‍ക്ക് എന്തു സംഭവിച്ചുവെന്നറിയില്ല. കോട്ടയത്ത് 2817 പേരെയാണ് കാണാതായത്. ഇതില്‍ 2573 പേരെ കണ്ടെത്തി. 244 പേരെക്കുറിച്ച് വിവരമില്ല. ഇടുക്കിയില്‍ 1552 പേരെ കാണാതായി. 1322 പേരെ കണ്ടെത്തി. 230 പേരെ കണ്ടെത്താനായില്ല.
എറണാകുളം ജില്ലയില്‍ 3404 പേരെയാണ് പത്ത് വര്‍ഷത്തിനിടയില്‍ കാണാതായത്. എറണാകുളം സിറ്റിയില്‍ 1406 പേര്‍, റൂറലില്‍ 1998 പേര്‍. ഇതില്‍ 2933 പേരെ കണ്ടെത്തി. 471 പേരെക്കുറിച്ച് വിവരമില്ല. തൃശൂര്‍ ജില്ലയില്‍ 3434 പേരെയാണ് കാണാതായത്. സിറ്റിയില്‍ 1018 പേര്‍, റൂറലില്‍ 2416. ഇതില്‍ 3260 പേരെ കണ്ടെത്തി. 174 പേരെ കണ്ടെത്താനായില്ല. പാലക്കാട് ജില്ലയില്‍ കാണാതായവരുടെ എണ്ണം 1516. കണ്ടെത്തിയത് 1187. ശേഷിക്കുന്നവരുടെ എണ്ണം 329.
മലപ്പുറം ജില്ലയില്‍ കാണാതയത് 2398 പേരാണ്. ഇതില്‍ 2178 പേരെ കണ്ടെത്തി. 220 പേരെ കണ്ടെത്തനായില്ല. കോഴിക്കോട് 2722 പേരേയാണ് കാണാതായത്. സിറ്റി 1075, റൂറല്‍ 1647. 2443 പേരെ കണ്ടെത്തി. 278 പേരെ ഇനിയും കണ്ടെത്തനായില്ല. വയനാട് കാണാതായവരുടെ എണ്ണം 1050. 917 പേരെ കണ്ടെത്തി. 133 പേരെക്കുറിച്ച് വിവരമില്ല. കണ്ണൂരില്‍ കാണാതായവര്‍ 2013. കണ്ടെത്തിയവര്‍ 1796. കണ്ടെത്താനുള്ളവര്‍ 217.
ഏറ്റവും കുറച്ചു പേരെ കാണാതായ കാസര്‍കോട് ജില്ലയില്‍ ഇത്തരം 752 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 728 പേരെ കണ്ടെത്തി. കണ്ടെത്താനുള്ളവര്‍ 24. റെയില്‍വേ പോലീസില്‍ 94 കാണാതായവരുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 70 പേരെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 24 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.