ലീഗ് നേതാവിനെതിരെ പ്രതികരിച്ച സാക്ഷരതാമിഷന്‍ വനിതാ ഡയറക്ടറുടെ കസേര തെറിച്ചു

Posted on: March 8, 2014 7:56 am | Last updated: March 8, 2014 at 7:56 am
SHARE

chair fallen downതിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷനില്‍ പ്രത്യേക ക്ഷണിതാവായ ലീഗ് നേതാവിന്റെ അനധികൃത ഇടപെടലിനെ എതിര്‍ത്ത വനിതാ ഡയറക്ടറുടെ കസേര തെറിച്ചു. സാക്ഷരതാ മിഷനിലെ പ്രഥമ വനിതാ ഡയറക്ടര്‍ കൂടിയായ ഗീതാ സജീവനെയാണു കഴിഞ്ഞ ദിവസം അകാരണമായി സ്ഥാനത്തു നിന്നു നീക്കിയത്.

സാക്ഷരതാ മിഷനില്‍ നടക്കുന്ന അഴിമതിക്കും കൊള്ളക്കും കൂട്ടുനില്‍ക്കാത്തതാണ് വനിതാ ഡയറക്ടര്‍ക്ക് വിനയായത്. ഒരു കാരണവും കാണിക്കാതെയാണ് മന്ത്രിയുടെ ഓഫിസില്‍ നിന്ന് ഡപ്യൂട്ടേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഗീത സജീവന് ലഭിച്ചത്. അഴിമതിക്കെതിരെ ശബ്ദിച്ചത് സാക്ഷരതാ മിഷനിലെ പ്രഥമ വനിതാ ഡയറക്ടര്‍ക്ക് പടിയിറങ്ങേണ്ടി വന്നത് വനിതാദിനത്തിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
പ്രമാദമായ വിവാദങ്ങളില്‍ പെട്ടാല്‍പോലും സര്‍വീസ് ബ്രേക്ക് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ സാധാരണനിലയില്‍ ഡപ്യൂട്ടേഷന്‍ ഇടക്കുവെച്ചു റദ്ദാക്കാറില്ല, എന്നാല്‍, ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ എതിര്‍പ്പിനെ മറികടന്നാണ് വിദ്യാഭ്യാസ മന്ത്രി ഇവരെ പുറത്താക്കിയത്.
ആലപ്പുഴ ജില്ലക്കാരനായ മുസ്‌ലിം ലീഗ് നേതാവിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണു കെ പി സി സി നോമിനേറ്റ് ചെയ്ത കോളജ് അധ്യാപിക കൂടിയായ വനിതാ ഡയറക്ടറുടെ നിയമനം ആറ് മാസത്തിനിടെ റദ്ദാക്കിയതെന്നറിയുന്നു. കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ക്കപ്പുറം ഈ ലീഗ് നേതാവിന്റെ തീരുമാനമാനങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയതോടെയാണ് വനിതാ ഡയറക്ടര്‍ക്കെതിരെ നീക്കമുണ്ടായത്. അടുത്തിടെ ഗൗരവതരമായ ചില പരാതികള്‍ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ക്കു ലഭിച്ചിരുന്നു. അതിന്മേല്‍ നടപടിള്‍ ആരംഭിക്കാനിരിക്കെയാണ് തിരക്കുപിടിച്ച് ഇവരെ സ്ഥാനത്തു നിന്നു നീക്കിയത്. ഇയാളുടെ അനധികൃത ഭരണത്തെക്കുറിച്ചു ഡയറക്ടര്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു പ്രതികരണവുമുണ്ടായിരുന്നില്ല.
ഡയറക്ടര്‍ ക്ഷണിച്ചാല്‍ മാത്രം യോഗത്തിനെത്തേണ്ട ഇദ്ദേഹം എല്ലാ ദിവസവും സാക്ഷരതാ മിഷനില്‍ എത്തുകയും ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ മിഷന്‍ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ക്കു തടസ്സമുണ്ടായില്ല. ഉദ്യോഗക്കയറ്റം, ട്രാന്‍സ്ഫര്‍, ശമ്പള വര്‍ധന, അനധികൃത നിയമനം തുടങ്ങിയവയെല്ലാം ഈ നേതാവിന്റെ നിയന്ത്രണത്തിലായിരുന്നുവെത്രെ. യാത്രാ ചെലവിനത്തില്‍ പ്രതിമാസം ഒട്ടേറെ പണം ഈ പ്രത്യേക ക്ഷണിതാവ് കൈപ്പറ്റിയതിനെ തുടര്‍ന്ന് അനാവശ്യ യാത്രകള്‍ക്കു പണം നല്‍കാനാകില്ലെന്ന ഡയറക്ടറുടെ നിലപാട് ഇയാളെ ചൊടിപ്പിച്ചിരുന്നു. ഇതു ഡയറക്ടറോടുള്ള ഇയാളുടെ ശത്രുത വര്‍ധിപ്പിച്ചു.