Connect with us

Palakkad

രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: കലക്ടര്‍

Published

|

Last Updated

പാലക്കാട്: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ജില്ലയില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചരണം രാത്രി 10 മണിക്കകം അവസാനിപ്പിക്കണമെന്നും പ്രചരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് കലക്ടറുടെ അനുമതി ഉണ്ടാകണമെന്നും കലക്ടര്‍ അറിയിച്ചു.
ജനങ്ങളെ പരിഭ്രാന്തരാക്കാതെ കാര്യങ്ങള്‍ അറിയിക്കുക, ക്രമസമാധാനത്തിന് ഭംഗം വരുത്താതിരിക്കുക, പ്രചരണത്തില്‍ എതിര്‍ കക്ഷികളെ വ്യക്തിപരമായി വിമര്‍ശിക്കാതിരിക്കുക, ആരാധനാലയങ്ങളെ പ്രചരണ വേദിയാക്കാതിരിക്കുക, വഴിതടസം സൃഷ്ടിക്കുന്ന പ്രചരണങ്ങള്‍ നടത്താതിരിക്കുക എന്നിവയും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ അവിഹിതമായി സ്വാധീനിക്കുകയോ വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ പോളിങ് ബൂത്തിന്റെ 100 മീറ്ററിനുളളില്‍ വോട്ട് ചോദിക്കുകയോ പാടില്ല. വോട്ടര്‍മാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ യാത്രാസൗകര്യം നല്‍കരുത്.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് തന്നെ പ്രചരണം അവസാനിപ്പിക്കണം. ഗവ സ്ഥാപനങ്ങളില്‍ പ്രചരണത്തിന് പോസ്റ്ററുകളോ ദൃശ്യമാധ്യമങ്ങളോ ഉപയോഗിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ പരസ്യം പതിക്കുന്നതിന് മുമ്പ് അനുവാദം വാങ്ങിയിരിക്കണം. ഇല്ലെങ്കില്‍ ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും. പോളിങ് ബൂത്തിന്റെ 100 മീറ്ററിനുളളില്‍ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗം ചേരുന്നതിന് മുമ്പ് സ്ഥലം, സമയം, പങ്കെടുക്കുന്ന വ്യക്തികള്‍ എന്നിവരെക്കുറിച്ച് പോലീസില്‍ അറിയിക്കണം.
നിരോധന സ്ഥലങ്ങളിലാണ് പ്രചരണമെങ്കില്‍ കലക്ടറുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രചരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് ജില്ലാ കലക്ടറേയും പോലീസ് മേധാവിയേയും അറിയിക്കണം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുണ്ടായാല്‍ തീരുമാനങ്ങളെടുക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടര്‍ ചെയര്‍മാനും ഇല ക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറുമായിട്ടുളള സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപവത്കരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗങ്ങളായിട്ടുളള കമ്മിറ്റിയാണിത്. യോഗത്തില്‍ എ ഡി എം എന്‍ കെ ആന്റണി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Latest