രാധാവധം അന്വേഷണം പുരോഗതിയിലേക്ക്

Posted on: March 8, 2014 1:12 am | Last updated: March 8, 2014 at 1:12 am
SHARE

നിലമ്പൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക്് ഓഫീസിലെ തൂപ്പുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗതിയിലേക്ക്. രാധയെ കൊലപ്പെടുത്തിയപ്പോള്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായി അനേ്വഷണ സംഘത്തിന് മുമ്പാകെ ഇന്നലെ രണ്ട് പേര്‍ സാക്ഷി മൊഴി നല്‍കി. സംഭവ ദിവസം കോണ്‍ഗ്രസ് ഓഫിസിലെ കോണിപ്പടിയില്‍ ചാരി നില്‍ക്കവെയാണ് രാധ ഓഫീസിലേക്ക് കയറിപ്പോയത് ഇവര്‍ കണ്ടത്. ശംസുദ്ദീന്‍ ആ സമയം ബിജുവിന്റെ കൂടെയില്ലായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ എട്ടുപേരെ അനേ്വഷണ സംഘം ചോദ്യം ചെയ്തു. മൂന്നാമന്‍ അനേ്വഷണ സംഘത്തിന്റെ വലയിലായതായി സൂചനയുണ്ട്. മുന്‍ അനേ്വഷണ സംഘത്തിന് മൊഴി നല്‍കിയവരെ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ പലരും നേരത്തെ നല്‍കിയ മൊഴിക്ക് വിരുദ്ധമായാണ് മൊഴി നല്‍കിയതെന്നറിയുന്നു. കെ എ പി ക്യാമ്പില്‍ വെച്ചാണ് രഹസ്യമായി ചോദ്യം ചെയ്തത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശംസുദ്ദീന്റെ വീട്ടിലെത്തിയും സംഘം മൊഴിയെടുത്തു. രാധയെ കൊലപ്പെടുത്തിയതില്‍ തന്റെ ഭര്‍ത്താവിന് പങ്കില്ലെന്നും രാധയുടെ മൃതദേഹം ഓട്ടോഗുഡ്‌സില്‍ കൊണ്ടുപോകാന്‍ മാത്രമേ തന്റെ ഭര്‍ത്താവ് സഹായിച്ചിട്ടുള്ളുവെന്നും ശംസുദ്ദീന്റെ ഭാര്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള മറ്റു ചില മൊഴികളും പൊലീസിന് ലഭിച്ചു. രാധയെ കൊലപ്പെടുത്താനായി പ്രതികള്‍ സാധനങ്ങള്‍ വാങ്ങിയ കടകളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സി സി ടി വി ക്യാമറകളും സംഘം പരിശോധിച്ചു. സി സി ടി വി ക്യാമറയില്‍ അനേ്വഷണത്തിന് സഹായകമായ കാര്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും അനേ്വഷണ ഉദേ്യാഗസ്ഥന്‍ പറഞ്ഞു.