Connect with us

Editorial

കാശ്മീര്‍ വിദ്യാര്‍ഥികളില്‍ രാജ്യദ്രോഹക്കുറ്റം

Published

|

Last Updated

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച കാശ്മീരീ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പോലീസ് നടപടി അത്ര നിസ്സാരമായി കാണാനാകില്ല. മീറത്തിലെ സ്വാമി വിവേകാനന്ദ സുഭാര്‍ഥി സര്‍വകലാശാലയിലെ കാശ്മീരി വിദ്യാര്‍ഥികളെയാണ് പോലീസ് രാജ്യദ്രോഹികളാക്കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്നു ഹോസ്റ്റലിലുണ്ടായിരുന്ന 67 കാശ്മീരി വിദ്യാര്‍ഥികളെയും കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയും വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലാ അധികൃതരുടെ ഈ നടപടികള്‍ സാഹചര്യത്തെ നിയന്ത്രണവിധേയമാക്കിയിരിക്കെയാണ് മീറത്ത് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്.
മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനുസരിച്ചു കാശ്മീരി വിദ്യാര്‍ഥികളെ മറ്റു വിദ്യാര്‍ഥികള്‍ പ്രകോപിതരാക്കിയതിനെ തുടര്‍ന്നാണ് അവരില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത്. ഞായറാഴ്ച രാത്രി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്ന് ഏഷ്യാ കപ്പ് ഫൈനല്‍ കണ്ടുകൊണ്ടിരിക്കെ, മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യ മേല്‍ക്കൈ നേടിയപ്പോള്‍ മറ്റു വിദ്യാര്‍ഥികള്‍ കാശ്മീരി വിദ്യാര്‍ഥികളെ കളിയാക്കിയതാണത്രെ പ്രശ്‌നത്തന് തുടക്കം. ഒടുവില്‍ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ കാശ്മീരി വിദ്യാര്‍ഥികള്‍ ആഹഌദ പ്രകടനം നടത്തി തങ്ങളെ പരിഹസിച്ചവരോട് പകരം വീട്ടുകയായിരുന്നു. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ കാശ്മീരികളെ പാകിസ്ഥാന്‍ അനുകൂലികളെന്നാക്ഷേപിച്ചതോടെയാണ് ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതിലെവിടെയാണ് കാശ്മീര്‍ വിദ്യാര്‍ഥികള്‍ രാജ്യദ്രോഹം കാണിച്ചത്? ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അഭപ്രായപ്പെട്ടതു പോലെ അല്‍പ്പം കടന്ന കൈയയിപ്പോയി പോലീസ് നടപടി .
സ്‌പോര്‍ട്‌സും രാഷ്ട്രീയവും രണ്ടാണ്. അന്താരാഷ്ട്ര മത്സര വേളകളില്‍ സ്‌പോര്‍ട്‌സ്‌പ്രേമികള്‍ക്ക് ഏതെങ്കിലുമൊരു ടീമിനോട് താത്പര്യം ജനിക്കുന്നത് രാഷ്ട്രീയമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലല്ല. കളിയുടെ മികവോ, മറ്റു സ്‌പോര്‍ട്‌സ് താത്പര്യങ്ങളോ ആയിരിക്കും അതിന് പിന്നില്‍. ശ്രീലങ്കന്‍ ടീമിന്റെയും ഇംഗ്ലണ്ടിന്റെയും ആരാധകര്‍ ധാരാളമുണ്ട് ഇന്ത്യക്കാരില്‍. ലോക കപ്പ് ഫൂട്‌ബോള്‍ ആസന്നമാകുമ്പോള്‍ ബ്രസീലിനും അര്‍ജന്റീനക്കും ഫ്രാന്‍സിനുമൊക്കെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ കേരളത്തിന്റെ തെരുവോരങ്ങളിലെങ്ങും ഉയര്‍ന്നു വരാറുണ്ട്. ഇന്ത്യയോടുള്ള ദേശക്കൂറില്ലായ്മയായി ഇതാരും വിലയിരുത്താറില്ല. രാഷ്ട്രീയമായ ശത്രുത സ്‌പോര്‍ട്‌സ് മേഖലയിലേക്ക് കടന്നുകയറാന്‍ അന്താരാഷ്ട്ര സമൂഹം അനുവദിക്കാറുമില്ല. കീരിയും പാമ്പും കണക്കെ ശത്രുതയില്‍ വര്‍ത്തിക്കുന്ന മറ്റു രാഷ്ട്രങ്ങളിലെ ടീമുകള്‍ പരസ്പരം സൗഹൃദ സന്ദര്‍ശനം നടത്തുകയും കളിക്കാര്‍ സൃഹൃദം സ്ഥാപിക്കുകയും ചെയ്യാറുണ്ട്. ഈ പാരസ്പര്യം രാഷ്ട്രങ്ങള്‍ക്കിടയിലെ കാലുഷ്യത്തന് അയവ് വരുത്താന്‍ സഹായകമാണെന്നതിനാല്‍ ഭരണകൂടങ്ങള്‍ പ്രേത്സാഹിപ്പിക്കാറാണ് പതിവ്.
രാഷ്ട്രീയമായി ഇന്ത്യയും പാകിസ്ഥാനും നല്ല ബന്ധത്തിലല്ലെന്നത് വസ്തുതയാണ.് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന സാമ്രാജ്യത്വ ശക്തി ,രാജ്യം വിടാന്‍ നിര്‍ബന്ധിതമായപ്പോള്‍ നടത്തിയ കരുനീക്കങ്ങളുടെ ഫലമായി ഉടലെടുത്ത ഈ ശത്രുത, രാഷ്ട്രീയ പരിസരങ്ങളില്‍ ഒതുക്കുന്നതിന് പകരം സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ സര്‍വ മേഖലകളിലേക്കും പടര്‍ത്താനുള്ള ആസൂത്രിതമായ ശ്രമം ചിലര്‍ നടത്തുന്നുണ്ട്. മുംബൈയില്‍ ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം തീരുമാനിച്ചപ്പോള്‍, പാകിസ്ഥാന്‍ കളിക്കാരെ ഇന്ത്യയില്‍ കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന ശിവസേനയുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ വിവേകത്തോടെ വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതിന് പകരം വൈകാരികമായി കൈകാര്യം ചെയ്യുന്ന പ്രവണത അപക്വവും അധിക്ഷേപാര്‍ഹവുമാണെന്ന് അന്ന് വിവേകശാലികള്‍ ചൂണ്ടിക്കാട്ടിയതാണ്. നിയമപാലകരിലുമുണ്ട് ഇത്തരം അവിവേകികളെന്നാണ് കാശ്മീരി വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ മീറത്ത് പോലീസ് നടപടി വ്യക്തമാക്കുന്നത്. മുസാഫര്‍പൂര്‍ കലാപത്തില്‍ എല്ലാം നഷ്ട്‌പ്പെട്ടു അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെ, ബദല്‍ സംവിധാനമേര്‍പ്പെടുത്താതെ നിര്‍ദാക്ഷിണ്യം കുടിയിറക്കുകയും വിസമ്മതം പ്രകടിപ്പിച്ചവരെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്ത ഭരണകൂടം വാഴുന്ന സംസ്ഥാനത്ത് രാജാവിനേക്കാള്‍ വലിയ രാജഭക്തി പോലീസ് കാണിച്ചതിലത്ഭുതമെന്ത്?

Latest